ബംഗളൂരു എഫ്.സി താരത്തെ റാഞ്ചി; സർപ്രൈസ് സൈനിങ്ങുമായി ബ്ലാസ്റ്റേഴ്‌സ്
|താരം ചൊവ്വാഴ്ച ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോർട്ട്
ജനുവരി ട്രാൻസഫർ ജാലകം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സർപ്രൈസ് സൈനിങ്ങുമായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി. അയല്‍ക്കാരായ ബംഗളൂരു എഫ്‌സിയിൽ നിന്ന് മധ്യനിര താരം ഡാനിഷ് ഫാറൂഖിനെയാണ് ക്ലബ് സ്വന്തം നിരയിലെത്തിച്ചത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഡാനിഷ് ചൊവ്വാഴ്ച ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോർട്ട്.
ഐ ലീഗ് ക്ലബ്ബായ റിയൽ കശ്മീർ എഫ്‌സിയിലൂടെയാണ് ഫാറൂഖ് ടോപ് ഡിവിഷൻ ഫുട്‌ബോളിൽ അരങ്ങേറിയത്. 2017-18ൽ ക്ലബ്ബിന്റെ ടോപ് സ്‌കോററായി. ആ വർഷം റിയൽ കശ്മീർ ഐ ലീഗ് കിരീടവും സ്വന്തമാക്കി. 2021 ജൂലൈയിലാണ് ബംഗളൂരു എഫ്‌സിയിലെത്തിയത്.
1980 മുഹമ്മദൻ സ്‌പോർട്ട്ങ് ക്ലബ്ബിനു വേണ്ടി കളിച്ച ഫാറൂഖ് അഹ്‌മദിന്റെ മകനാണ് ഡാനിഷ്. ജമ്മു കശ്മീർ ബാങ്ക് ടീമിനു വേണ്ടിയാണ് ആദ്യം കളിച്ചത്. പിന്നീട് ലോൺസ്റ്റാർ കശ്മീരിലെത്തി. അവിടെ നിന്ന് റിയൽ കശ്മീരിലേക്കും. കശ്മീർ റൊണാൾഡോ എന്ന വിളിപ്പേരുണ്ട്.
ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ഒരു താരം ടീമിലെത്തുമെന്ന് നേരത്തെ ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുകുമനോവിച്ച് വ്യക്തമാക്കിയിരുന്നു. താരം ഏതാണെന്ന സൂചന അദ്ദേഹം നൽകിയിരുന്നില്ല. എന്നാൽ ബ്ലാസ്‌റ്റേഴ്‌സ് ഡാനിഷിനെ നോട്ടമിട്ടതായി നേരത്തെ കായിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു. ഒരു യുവ ഡിഫന്‍ഡര്‍ കൂടി ടീമിലെത്തുമെന്നും അഭ്യൂഹങ്ങളുണ്ട്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ പോയിന്റ് പട്ടികയിൽ മുംബൈ സിറ്റി എഫ്‌സിക്കും ഹൈദരാബാദ് എഫ്‌സിക്കും താഴെ മൂന്നാം സ്ഥാനത്താണ് നിലവിൽ ബ്ലാസ്റ്റേഴ്‌സ്. 15 കളിയിൽനിന്ന് 28 പോയിന്റാണ് ടീമിന്റെ സമ്പാദ്യം. ഇത്രയും കളിയിൽനിന്ന് 27 പോയിന്റുമായി എടികെ മോഹൻ ബഗാൻ നാലാം സ്ഥാനത്തുണ്ട്. മുംബൈയും ഹൈദരാബാദും പ്ലേ ഓഫ് യോഗ്യത ഉറപ്പാക്കിയ സാഹചര്യത്തിൽ ബാക്കിയുള്ള രണ്ടു സ്ഥാനത്തിനായി ആവേശകരമായ പോരാട്ടമാണുള്ളത്. ഗോവ, ബംഗളൂരു എന്നിവയാണ് പ്ലേ ഓഫ് സാധ്യത സൂക്ഷിക്കുന്ന മറ്റു ടീമുകൾ.
കഴിഞ്ഞ കളിയിൽ ഏകപക്ഷീയ രണ്ടു ഗോളിന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെയാണ് ബ്ലാസ്‌റ്റേഴ്‌സ് തോൽപ്പിച്ചത്. തുടർച്ചയായ രണ്ടു കളിയിലെ പരാജയത്തിന് ശേഷമാണ് കേരള ടീം വിജയവഴിയിൽ തിരിച്ചെത്തിയത്. ഹോം മത്സരത്തിൽ ഗ്രീക്ക് താരം ഡയമന്റകോസാണ് ബ്ലാസ്‌റ്റേഴ്‌സിനായി രണ്ടു ഗോളും നേടിയത്. ഫെബ്രുവരി മൂന്നിന് ഈസ്റ്റ് ബംഗാളിനെതിരെയാണ് ടീമിന്റെ അടുത്ത മത്സരം.