Football
പൊരുതിത്തോറ്റ് ഡെന്മാർക്ക്; ബെൽജിയം വിറച്ച് രക്ഷപ്പെട്ടു
Football

പൊരുതിത്തോറ്റ് ഡെന്മാർക്ക്; ബെൽജിയം വിറച്ച് രക്ഷപ്പെട്ടു

André
|
17 Jun 2021 4:54 PM GMT

കെവിൻ ഡിബ്രുയ്‌നെയെ ഇറക്കാനുള്ള കോച്ച് റോബർട്ടോ മാർട്ടിനസിന്റെ തീരുമാനമാണ് രണ്ടാം പകുതിയിൽ ബെൽജിയത്തിന് നിർണായകമായത്.

യൂറോകപ്പ് ഗ്രൂപ്പ് ബി മത്സരത്തിൽ കരുത്തരായ ബെൽജിയത്തെ വിറപ്പിച്ച് ഡെന്മാർക്ക്. ആദ്യപകുതി ഒരു ഗോൾ ലീഡോടെ അവസാനിപ്പിക്കുകയും അവസാന നിമിഷം വരെ ശക്തമായ പോരാട്ടം കാഴ്ചവെക്കുകയും ചെയ്ത ശേഷമാണ് ഡെന്മാർക്ക് ഒന്നിനെതിരെ രണ്ടു ഗോളിന് കീഴടങ്ങിയത്. മത്സരം തുടങ്ങി 99-ാം സെക്കന്റിൽ യൂസുഫ് പോൾസൻ നേടിയ ഗോളിൽ ഡെന്മാർക്ക് മുന്നിലെത്തിയെങ്കിലും 54-ാം മിനുട്ടിൽ തോർഗൻ ഹസാർഡും 70-ാം മിനുട്ടിൽ കെവിൻ ഡിബ്രുയ്‌നെയും ബെൽജിയത്തിന്റെ രക്ഷക്കെത്തുകയായിരുന്നു. തുടർച്ചയായ രണ്ടാം ജയത്തോടെ ബെൽജിയം പ്രീക്വാർട്ടറിലെത്തിയപ്പോൾ രണ്ട് മത്സരവും തോറ്റ ഡെന്മാർക്കിന്റെ നോക്കൗട്ട് സാധ്യതകൾ മങ്ങി.

കോപനേഗനിൽ നടക്കുന്ന മത്സരത്തിൽ ബെൽജിയം പ്രതിരോധം വരുത്തിയ പിഴവിലാണ് ഡെന്മാർക്ക് ഗോൾ നേടിയത്. സെൻട്രൽ ബാക്ക് ജേസൺ ഡിനായറിന്റെ പാസ് പിടിച്ചെടുത്ത് പിയറി ഹോയ്ബർഗ് ബോക്‌സിലേക്ക് നൽകിയ പന്ത് കൃത്യതയാർന്ന ഫിനിഷിലൂടെ പോൾസൻ വലയിലെത്തിക്കുകയായിരുന്നു.

അപ്രതീക്ഷിതമായി ലഭിച്ചതെങ്കിലും ആ ഗോളിന് തങ്ങൾക്ക് അർഹതയുണ്ടെന്ന വിധത്തിലായിരുന്നു ഡെന്മാർക്കിന്റെ തുടർന്നുള്ള കളി. തുടർച്ചയായ ആക്രമണങ്ങളിലൂടെ അവർ എതിർ ഗോൾമുഖം വിറപ്പിച്ചു കൊണ്ടിരുന്നു. ബെൽജിയത്തിന്റെ പേരുകേട്ട നിരയെ വിറപ്പിച്ച അവർ ഒമ്പത് ഗോൾ ശ്രമങ്ങളാണ് ആദ്യപകുതിയിൽ മാത്രം നടത്തിയത്. നടത്തി. ഇതിൽ മൂന്നെണ്ണം ഗോളിനു നേരെയായിരുന്നു. ഇനിയും ഗോൾ വഴങ്ങാതിരിക്കാൻ കരുതൽ പാലിക്കേണ്ടി വന്ന ബെൽജിയത്തിന് ഇടവേളക്കു പിരിയുംമുമ്പ് ഒരു തവണ മാത്രമാണ് എതിർ പോസ്റ്റിനെ ലക്ഷ്യം വെക്കാനായത്.

ഡ്രയസ് മാർട്ടിൻസിനെ പിൻവലിച്ച് കെവിൻ ഡിബ്രുയ്‌നെയെ ഇറക്കാനുള്ള കോച്ച് റോബർട്ടോ മാർട്ടിനസിന്റെ തീരുമാനമാണ് രണ്ടാം പകുതിയിൽ ബെൽജിയത്തിന് നിർണായകമായത്. 54-ാം മിനുട്ടിൽ പ്രത്യാക്രമണത്തിലൂടെ പന്തുമായി ബോക്‌സിൽ പ്രവേശിച്ച റൊമേലു ലുകാകു നൽകിയ പാസ് സമർത്ഥമായി സ്വീകരിച്ച ഡിബ്രുയ്‌നെ ഗോൾമുഖത്തിന് സമാന്തരമായി ക്രോസ് തൊടുത്തു. യാനിക് കറാസ്‌കോയ്ക്കു നേരെ നീങ്ങിയ പന്ത്, മാർക്ക് ചെയ്യപ്പെടാതെ ഓടിക്കയറിയ തോർഗൻ ഹസാർഡ് ആളൊഴിഞ്ഞ വലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു.

59-ാം മിനുട്ടിൽ എയ്ദൻ ഹസാർഡിനെ ഇറക്കിയ മാർട്ടിനസിന്റെ നീക്കവും 11 മിനുട്ടിനുള്ളിൽ ഫലംകണ്ടു. ഇത്തവണ ലുകാകു ഒറ്റയ്ക്കു ഡ്രിബിൾ ചെയ്ത് ഡെന്മാർക്ക് ഡിഫൻസിനെ ബുദ്ധിമുട്ടിച്ച ശേഷം നൽകിയ പന്ത് ഹസാർഡ് ഡിബ്രുയ്‌നെയുടെ വഴിയിലേക്കു നീട്ടി. ബോക്‌സിനു പുറത്തുനിന്ന് നാരോ ആംഗിളിലൂടെ മാഞ്ചസ്റ്റർ സിറ്റി താരം ലക്ഷ്യം കാണുകയും ചെയ്തു. ടീമിനെ മുന്നിലെത്തിച്ച ഗോൾ ആഘോഷിക്കാൻ താരം തയാറായില്ല. ഫിൻലാന്റിനെതിരായ ആദ്യമത്സരത്തിൽ കുഴഞ്ഞുവീണതിനെ തുടർന്ന് ടീമിൽ നിന്ന് പിന്മാറേണ്ടി വന്ന ക്രിസ്റ്റ്യൻ എറിക്‌സണിനോടുള്ള ആദരസൂചകമായിരുന്നു ഇത്. എറിക്‌സണോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ മത്സരത്തിന്റെ പത്താം മിനുട്ടിൽ കളി അൽപനേരം നിർത്തിവെച്ചിരുന്നു.

രണ്ടാം ഗോൾ വഴങ്ങിയതിനു ശേഷവും ശക്തമായ ഭീഷണിയാണ് ഡെന്മാർക്ക് ഉയർത്തിയത്. പലതവണ അവർ ഗോൡനടുത്തെത്തുകയും ചെയ്തു. അവസാന നിമിഷങ്ങളിൽ സ്‌ട്രൈക്കർ മാർട്ടിൻ ബ്രാത്‌വെയ്റ്റിന്റെ ഹെഡ്ഡർ ക്രോസ്ബാറിൽ തട്ടി പുറത്തുപോകുന്നത് ശ്വാസമടക്കിപ്പിടിച്ചാണ് ഡെന്മാർക്കുകാർ കണ്ടത്.

മത്സരത്തിന്റെ 99-ാം സെക്കന്റിൽ പോൾസൻ നേടിയ ഗോൾ യൂറോ കപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തേതാണ്. 016-ൽ പോർച്ചുഗലിനെതിരെ പോളണ്ടിന്റെ റോബർട്ട് ലെവൻഡവ്‌സ്‌കി 100-ാം സെക്കന്റിൽ നേടിയ ഗോളിനെയാണ് പോൾസൻ മറികടന്നത്. റഷ്യയുടെ ദിമിത്രി കിരിഷെങ്കോ 2004-ൽ ഗ്രീസിനെതിരെ 65-ാം സെക്കന്റിൽ നേടിയ ഗോളാണ് യൂറോ ചരിത്രത്തിലെ ഫാസ്റ്റസ്റ്റ് ഗോൾ.

Similar Posts