Football
3-0 ന് തോൽപ്പിക്കും; ഡെന്മാർക്ക് കളി തുടരാന്‍ യുവേഫ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം
Football

''3-0 ന് തോൽപ്പിക്കും''; ഡെന്മാർക്ക് കളി തുടരാന്‍ യുവേഫ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം

Web Desk
|
15 Jun 2021 2:57 AM GMT

സസ്പെൻഡ് ചെയ്ത ഈ മത്സരം പൂർത്തിയാക്കാൻ ഡെന്മാർക്ക് താരങ്ങൾ തയ്യാറായിരുന്നുവെന്നാണ് യുവേഫ പറഞ്ഞത്

ക്രിസ്റ്റ്യൻ എറിക്സൻ ഗ്രൗണ്ടിൽ കുഴഞ്ഞു വീണതിന് പിന്നാലെ നിർത്തിവെച്ച മത്സരം ഡെന്മാർക്ക് പുനരാരംഭിച്ചത് യുവേഫ ഭീഷണിയെ തുടര്‍ന്നെന്ന് ആരോപണം. കളി തുടര്‍ന്നില്ലെങ്കില്‍ ഡെന്മാർക്കിനെ 3-0 ന് തോൽപ്പിക്കുമെന്ന് യുവേഫ ഭീഷണിപ്പെടുത്തിയെന്നും അങ്ങനെയാണ് ഫിൻലൻഡിനെതിരെ ഡാനിഷ് താരങ്ങൾ കളിക്കാനിറങ്ങിയതെന്നും അവരുടെ മുൻ ഗോൾകീപ്പറായ പീറ്റർ ഷ്മൈക്കൽ. ഗ്രൗണ്ടിൽ കുഴഞ്ഞു വീണ ക്രിസ്റ്റ്യൻ എറിക്സനെ ആശുപത്രിയിലേക്ക് കൊണ്ടു പോയതിന് ശേഷവും ഡെന്മാർക്ക് കളത്തിലിറങ്ങിയത് മറ്റ് വഴികളൊന്നുമില്ലാതിരുന്നതിനാലാണ്, മത്സരം പുനരാരംഭിക്കാൻ തയ്യാറായില്ലെങ്കിൽ പരാജയം ഏറ്റുവാങ്ങേണ്ടി വരുമെന്ന യുവേഫയുടെ ഭീഷണിക്ക് മുന്നിലാണ് ടീം കളിക്കാൻ നിർബന്ധിതരായെതെന്ന് ഷ്മൈക്കൽ ആരോപിച്ചു.


സസ്പെൻഡ് ചെയ്ത ഈ മത്സരം പൂർത്തിയാക്കാൻ ഡെന്മാർക്ക് താരങ്ങൾ തയ്യാറായിരുന്നുവെന്നാണ് യുവേഫ പറഞ്ഞത്. "എറിക്സന്റെ ഉപദേശ പ്രകാരമാണ് ഡെന്മാർക്ക് താരങ്ങൾ കളിക്കാൻ തയ്യാറായതെന്നുള്ള യുവേഫയുടെ ഒരു ഔദ്യോഗിക പ്രസ്താവന ഇന്നലെ‌ കാണുകയുണ്ടായി. എന്നാൽ അത് ശരിയായിരുന്നില്ല. മൂന്നിലൊന്ന് തെരഞ്ഞെടുക്കാനാണ് യുവേഫ ആവശ്യപ്പെട്ടത്. ഒന്നാമത്തേത് ഉടൻ തന്നെ ബാക്കിയുള്ള 50 മിനുറ്റുകൾ കളിക്കുകയെന്നതാണ്. രണ്ടാമത്തേത് അടുത്ത ദിവസം മത്സരത്തിന്റെ ശേഷിക്കുന്ന 50 മിനുറ്റുകൾ കളിക്കുക, മൂന്നാമത്തേത് മത്സരം 3-0 ന് തോൽപ്പിക്കുമെന്നതുമായിരുന്നു. ഇനി പറയൂ. അത് കളികാരുടെ ആഗ്രഹമായിരുന്നോ? അവർക്ക് യഥാർത്ഥത്തിൽ മറ്റ് വഴികൾ ഉണ്ടായിരുന്നോ, ഞാനങ്ങിനെ ചിന്തിക്കുന്നില്ല." പീറ്റർ ഷ്മൈക്കൽ പറഞ്ഞു.

നിലവിൽ ഡാനിഷ് ടീമിന്റെ ഗോൾകീപ്പറായ കാസ്പർ ഷ്മൈക്കലിന്റെ‌ പിതാവ് കൂടിയാണ് പീറ്റർ ഷ്മൈക്കൽ.

ഗ്രൂപ്പ് ബിയിലെ മത്സരത്തിന്റെ പകുതി സമയത്തിന് തൊട്ടു മുന്‍പാണ് എറിക്‌സണ്‍ കുഴഞ്ഞുവീണത്. പ്രാഥമിക ശുശ്രൂഷ നല്‍കി വേഗം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫുട്‌ബോള്‍ ലോകം ഭയന്നുപോയ നിമിഷങ്ങളാണ് കോപ്പന്‍ഹേഗനില്‍ കടന്നുപോയത്. എറിക്‌സണ്‍ കുഴഞ്ഞുവീണതോടെ മത്സരം കുറേനേരം നിര്‍ത്തിവച്ചു. എറിക്‌സണ്‍ അപകടനില തരണം ചെയ്തതിനെ തുടര്‍ന്ന് പുനരാരംഭിച്ച മത്സരത്തില്‍ ജോയല്‍ പോജാന്‍പാലോയുടെ ഹെഡ്ഡര്‍ ഗോളിലാണ് ഫിന്‍ലന്‍ഡ് ജയം നേടിയത്.

Similar Posts