ദഷാംപ്‌സ് തന്നെ; ഫ്രാൻസിന്റെ പരിശീലക സ്ഥാനത്ത് തുടരും
|2026 ലോകകപ്പ് വരെ കാരാർ നീട്ടിയതായി ദഷാംപ്‌സ് അറിയിച്ചു
പ്രഞ്ച് കോച്ച് ദിദിയർ ദഷാംപ്‌സ് 2026 ലോകകപ്പ് വരെ ഫ്രാൻസിന്റെ പരിശീലകനായി തുടരും. ലോകകപ്പ് ഫൈനലിൽ അർജന്റീനയുമായുള്ള തോല്‍വിയോടെ ദഷാംപ്സിന്‍റെ കരാർ അവസാനിച്ചിരുന്നു എങ്കിലും, പിന്നീട് 2024 യൂറോകപ്പ് വരെ കരാർ നീട്ടുകയായിരുന്നു. തുടർന്നാണ് കരാർ അടുത്ത ലേകകപ്പ് വരെ നീട്ടാൻ തീരുമാനിച്ചത്.
'എനിക്ക് വളരെ സന്തോഷമുള്ള ഒരു കാര്യം നിങ്ങളെ അറിയിക്കാൻ പോവുകയാണ്. 2026 വരെ ഞാൻ ഫ്രാൻസിനോടൊപ്പം തുടരും. ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റിന്റെ വലിയ പിന്തുണയ്ക്കും എന്നോടുള്ള വിശ്വാസത്തിനും ഞാൻ നന്ദി പറയുന്നു'- ദഷാംപ്‌സ് പറഞ്ഞു.
1998ലായിരുന്നു ഫ്രാൻസിന് കന്നിക്കിരീടം. ബ്രസീലിനെ തോൽപ്പിച്ച് ഫ്രാൻസ് ജേതാക്കളാകുമ്പോൾ ഫ്രഞ്ച് പടയുടെ നായകനായിരുന്നു ദിദിയർ ദെഷാംപ്സ്. 2012ൽ ഫ്രഞ്ച് ടീമിനെ പരിശീലിപ്പിക്കാൻ ദെഷാംപ്സെത്തി. 2014ലെ ലോകകപ്പിൽ ക്വാർട്ടറിനപ്പുറം മുന്നേറാൻ കഴിയാതിരുന്ന ദെഷാംപ്സിന്റെ ടീമിന് പക്ഷെ യൂറോ കപ്പിൽ ഫൈനലിലെത്താനായി. ഫൈനലിൽ പക്ഷേ പോർച്ചുഗലിനോട് വീണു.
റഷ്യൻ ലോകകപ്പിലേക്കും യുവനിരയുമായെത്തി ദെഷാംപ്സ്. അർജന്റീനയേയും യൂറുഗ്വേയേയും ബെൽജിയത്തേയും മറികടന്ന് ഒടുവിൽ ക്രൊയേഷ്യൻ കടമ്പയും അതിജീവിച്ച് ജേതാക്കളായി. അങ്ങനെ നായകനായും കോച്ചായും ലോക കിരീടം ഉയർത്തുക എന്ന ചരിത്ര നേട്ടം ബെക്കൻ ബോവറിന് ശേഷം ദെഷാംപ്സിനെ തേടിയെത്തി. കളിക്കാരനും കോച്ചുമായി ലോകകപ്പ് നേടുന്ന മൂന്നാമത്തെ ആളാണ് ദെഷാംപ്സ്. ബ്രസീലിന്റെ മരിയോ സഗാലോയാണ് കളിക്കാരനായും കോച്ചായും വന്ന് ലോകകപ്പ് ഉയർത്തുന്ന രണ്ടാമത്തെ ആൾ.