അട്ടിമറിയെന്ന് ഇനി വിളിക്കരുത്... ഇത് ലോകഫുട്‌ബോളിനെ അമ്പരപ്പിക്കുന്ന മൊറോക്കൊ
|ലോകകപ്പിൽ ഇതുവരെ വഴങ്ങിയത് ഒരു ഗോൾ മാത്രം
ചരിത്രമോ സമ്പന്നമായ ഫുട്‌ബോൾ പാരമ്പര്യമോ പറയാനില്ലാത്തവർ. പ്രതീക്ഷകളുടെ ഭാരമില്ലാതെ പ്രവചനങ്ങളിൽ സ്ഥാനമില്ലാതെ പന്തുതട്ടിയവർ. ഒരു വൻകരയുടെ കൊടിയടയാളം പേറുകയാണ് മൊറോക്കൊ. ലോകകപ്പ് ചരിത്രത്തിൽ മൊറോക്കോയെന്ന നാട് തങ്കലിപികളിൽ എഴുതപ്പെട്ടിരിക്കുന്നു. അറ്റ്‌ലസ് ലയൺസ് എന്ന അപരനാമം അന്വർത്ഥമാക്കി ഗർജിക്കുന്നു. മികച്ച പ്രതിരോധവും അതിനൊത്ത ആക്രമണവും. പന്ത് കാൽച്ചുവട്ടിൽ നിർത്തുന്നതോ മനോഹരമായി കളിക്കുന്നതോ അല്ല വിജയത്തിനാധാരം എന്ന് മനസിലാക്കി ടീമിനെ ഒരുക്കിയ പരിശീലകൻ വാലിദ് റെഗ്‌രാഗി. ആരാധകർ അയാളെ മൊറോക്കൻ ഗാർഡിയോള എന്നുവിളിച്ചു.ശൈലിയിൽ അങ്ങനെയല്ലെങ്കിലും.
ലോകകപ്പിന് പന്തുരുളാൻ രണ്ട് മാസം മാത്രം ബാക്കിയുള്ളപ്പോഴാണ് വാലിദ് ചുമതലയേറ്റത്. ചുരുങ്ങിയ സമയത്തിൽ ടീമിനെ ഒരുക്കി. ലോകകപ്പിന് മുൻപ് കളിച്ചത് മൂന്ന് മത്സരങ്ങൾ. ഖത്തറിൽ ഇതുവരെ അഞ്ച് കളി. ഒന്നിലും തോറ്റില്ല. അഞ്ച് ജയം. മൂന്ന് സമനില. തോൽപ്പിച്ചവരുടെ കൂട്ടത്തിൽ ബെൽജിയവും സ്‌പെയ്‌നും ഒടുവിൽ പോർച്ചുഗലും. പ്രതിരോധത്തിലെ അച്ചടക്കമാണ് മൊറോക്കൻ ടീമിന്റെ മുഖമുദ്ര. ലോകകപ്പിൽ ഇതുവരെ വഴങ്ങിയത് ഒരു ഗോൾ മാത്രം. അതും ഓൺ ഗോൾ. വരച്ചവരയിലെന്ന പോലെ നിൽക്കുന്ന പ്രതിരോധം. എതിരാളികളെ അളന്ന് അവരെ വളഞ്ഞ് മുന്നോട്ട് കുതിക്കാൻ ഇടം നൽകാതെ പിടിച്ചുകെട്ടുന്നു.
ബോൾ പൊസെഷന്റെ കണക്കെടുത്താൽ അവസാന സ്ഥാനങ്ങളിലാണ് മൊറോക്കൊ. അതിവേഗത്തിലുള്ള പന്തിന്റെ കൈമാറ്റമാണ് മറ്റൊന്ന്. എതിരാളികളെ ആശയക്കുഴപ്പത്തിലാക്കി അവർ പ്രതീക്ഷിക്കാത്ത ഇടങ്ങളിലേക്ക് പന്ത് കൈമാറുന്നു. പിന്നെ അത് കാലിൽ കൊരുത്ത് ഗോൾ മുഖത്തേക്ക് കുതിക്കുന്നു. ചെറിയ വിടവുകൾ കണ്ടെത്തുന്നു. ഗോളടിച്ചാൽ പിന്നെ ഗംഭീരമായി പ്രതിരോധിക്കുന്നു. അഞ്ച് മത്സരങ്ങൾ പൂർത്തിയാക്കുമ്പോൾ അഞ്ച് ഗോളുകളാണ് ആകെ അടിച്ചത്.
പരിശീലക സ്ഥാനം ഏറ്റെടുത്ത വാലിദ് ആദ്യം ചെയ്തത് പഴയ പരിശീലകനുമായി തെറ്റിപ്പിരിഞ്ഞുപോയ ഹകിം സിയച്ചിനെ തിരിച്ചുവിളിക്കുകയായിരുന്നു. 17 മാസത്തെ ഇടവേളയ്ക്ക് ശേഷം സിയെച്ച് മൊറോക്കൻ ജേഴ്‌സിയിൽ പന്തുതട്ടി. അവൻ വാലിദിന്റെ വജ്രായുധങ്ങളിലൊന്നായി. ഖത്തറിൽ സിയെച്ചിന്റെ ശരീരഭാഷയിൽ തന്നെ ഒരു പ്രത്യേക ഊർജ്ജം കാണാം. പിന്നെ അഷ്‌റഫ് ഹക്കീമി. പ്രതിരോധിക്കാനും ആക്രമിക്കാനും ലോകഫുട്‌ബോളിൽ ഇന്ന് ലഭിക്കാവുന്ന മികച്ച താരങ്ങളിലൊരാൾ.
ഗോൾകീപ്പർ യാസിൻ ബൗനൊ. പിന്നണിപ്പോരാളി. നേർവരയിൽ പ്രതിരോധിക്കാൻ പരിശീലകന് ആത്മവിശ്വാസം നൽകുന്നത് ബൗനോയുടെ സാന്നിധ്യം തന്നെ. യൂസഫ് നസീരി, സോഫിയാനെ ബൗഫൽ, നയേഫ് അഗ്യുയേർഡ്, റൊമെയ്ൻ സായിസ് അങ്ങനെ എന്തിനും പോന്ന പോരാളിക്കൂട്ടം. അവരെ രാകിമിനുക്കി കളത്തിലിറക്കുന്നു വാലിദ്. മൊറോക്കൻ ജയങ്ങളെ ഇനി അട്ടിമറിയെന്ന് പറയാനാവില്ല. ആരെയും വീഴ്ത്താൻ കെൽപ്പുള്ള കരുത്തരുടെ സംഘമാണ് അവർ.