Football
India and Kuwait

ഇന്ത്യാ-കുവൈത്ത് മത്സരത്തില്‍ നിന്നും 

Football

വെറുതെ നിന്ന സഹലിനെ തള്ളിയിട്ട് കുവൈത്ത് താരം, തിരിച്ചടിച്ച് റഹീം അലി, ചുവപ്പ് കാർഡ്: നാടകീയ രംഗങ്ങൾ

Web Desk
|
28 Jun 2023 6:53 AM GMT

കാല് കൊണ്ട് മാത്രമല്ല കൈകൊണ്ടും കളിക്കാർ ഏറ്റുമുട്ടിയപ്പോൾ റഫറിക്ക് പുറത്തെടുക്കേണ്ടി വന്നത് രണ്ട് ചുവപ്പ് കാർഡുകൾ

ബംഗളൂരു: സാഫ് കപ്പിൽ കുവൈത്തിനെതിരെ നടന്നത് ഉഗ്രൻ പോരാട്ടം. കാല് കൊണ്ട് മാത്രമല്ല കൈകൊണ്ടും കളിക്കാർ ഏറ്റുമുട്ടിയപ്പോൾ റഫറിക്ക് പുറത്തെടുക്കേണ്ടി വന്നത് രണ്ട് ചുവപ്പ് കാർഡുകൾ. നേരത്തെ ഇന്ത്യന്‍ പരിശീലകനും റെഡ് കാര്‍ഡ് ലഭിച്ചിരുന്നു. മത്സരം സമനിലയിൽ പിരിഞ്ഞെങ്കിലും കയ്യാങ്കളി സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. സാഫ് കപ്പിലെ ഇന്ത്യയുടെ ശക്തമായ മത്സരം എന്നായിരുന്നു കുവൈത്തിനെതിരെയുള്ള പോരാട്ടത്തെ വിശേഷിപ്പിച്ചിരുന്നത്.

അതിന് മുമ്പ് നേപ്പാളും പാകിസ്താനും എതിരെയായിട്ടായിരുന്നു ഇന്ത്യയുടെ പോരാട്ടം. ദുർബലരായ ഈ ടീമുകൾക്കെതിരെ ഇന്ത്യ, എളുപ്പത്തിൽ ജയിച്ച് കയറുകയായിരുന്നു. എന്നാൽ കുവൈത്ത് അങ്ങനെയായിരിക്കില്ല എന്നാണ് പറയപ്പെട്ടിരുന്നത്. എന്നാൽ ഇന്ത്യക്ക് മുന്നിൽ കുവൈത്തിന് കഷ്ടപ്പെടേണ്ടി വന്നു. ഇന്ത്യയായിരുന്നു മുന്നിട്ട് നിന്നിരുന്നത്. വിങ്ങുകളിലൂടെയുള്ള ഇന്ത്യയുടെ ആക്രമണങ്ങളിൽ കുവൈത്ത് ഗോൾമുഖം വിറച്ചെങ്കിലും ഗോൾ വന്നില്ല. കുവൈത്തും കിട്ടിയ അവസരങ്ങളിൽ ഇന്ത്യന്‍ ബോക്സില്‍ പന്ത് എത്തിച്ചു. ആദ്യ ഗോൾ വന്നത് ഒന്നാം പകുതിയുടെ ഇഞ്ച്വറി ടൈമിലായിരുന്നു.

സുനിൽ ഛേത്രിയുടെ ഉഗ്രൻ വോളി കുവൈത്ത് ഗോൾകീപ്പറെ നിസഹായനാക്കുകയായിരുന്നു. രണ്ടാം പകുതിയിലാണ് മത്സരം കയ്യാങ്കളിയിലേക്ക് നീണ്ടത്. കളി തീരാനിരിക്കെയാണ് സംഭവം. കുവൈത്ത് താരം ഹമദ് അൽ ഖല്ലാഫാണ് 'അടിക്ക്' തുടക്കമിട്ടത്. വെറുതെ നിന്ന സഹലിനെ ഖല്ലാഫ് കൈകൊണ്ട് തള്ളിവീഴ്ത്തി. ഇതിൽ പ്രകോപിതനായ റഹിം അലിം ഖല്ലാഫിനെയും തള്ളിയിട്ടു. പിന്നാലെ കളിക്കാർ കൂട്ടമായി എത്തിയതോടെ രംഗം വഷളായി. ഒടുവിൽ റഫറി എത്തിയാണ് കളിക്കാരെ പിടിച്ചുമാറ്റിയത്. ഖല്ലാഫിനും റഹീമിനും റഫറി റെഡ് കാർഡ് നൽകി.

അതിന് മുമ്പ് ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാച്ചിനും റെഡ് കാർഡ് കാണേണ്ടി വന്നിരുന്നു. ആദ്യം മഞ്ഞക്കാര്‍ഡ് നല്‍കിയെങ്കിലും സ്റ്റിമാച്ച് വീണ്ടും എത്തിയതോടെയാണ് റെഡ് കാര്‍ഡ് ഉയർത്തേണ്ടി വന്നത്. തുടര്‍ച്ചയായി ഇത് രണ്ടാം തവണയാണ് സ്റ്റിമാച്ചിന് ചുവപ്പ് കാർഡ് കാണേണ്ടി വരുന്നത്. പാകിസ്താനെതിരായ ആദ്യ മത്സരത്തൽ റെഡ് കണ്ടതിനാൽ നേപ്പാളിനെതിരായ മത്സരത്തിൽ സ്റ്റിമാക്കിന് പുറത്തിരിക്കണ്ടി വന്നിരുന്നു.

Similar Posts