17-ാം കിരീടം... ഡ്യൂറന്‍ഡ് കപ്പില്‍ മോഹന്‍ ബഗാന്‍റെ മുത്തം; വീണത് ഈസ്റ്റ് ബംഗാള്‍
|സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തിലെ 85000-ത്തോളം വരുന്ന കാണികളെ സാക്ഷിയാക്കായിയിരുന്നു മോഹന്‍ ബഗാന്‍റെ കിരീടനേട്ടം.
ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ഡ്യൂറന്‍ഡ് കപ്പിന്‍ മോഹന്‍ ബഗാന്‍റെ മുത്തം. സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തിലെ 85000-ത്തോളം വരുന്ന കാണികളെ സാക്ഷിയാക്കായിയിരുന്നു മോഹന്‍ ബഗാന്‍റെ കിരീടനേട്ടം. ആവേശകരമായ കൊല്‍ക്കത്ത ഡര്‍ബിയില്‍ അവസാന അര മണിക്കൂറോളം പത്തു പേരുമായാണ് ബഗാന്‍ കളിച്ചത്.
ജയത്തോടെ ഡ്യൂറന്‍ഡ് കപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് നേട്ടം കൂടിയാണ് മോഹന്‍ ബഗാന്‍ സ്വന്തമാക്കിയത്. 17 തവണ ഡ്യൂറന്‍ഡ് കപ്പ് നേടുന്ന ആദ്യ ടീമെന്ന നേട്ടമാണ് ബഗാനെത്തേടിയെത്തിയത്. കൊല്‍ക്കത്ത ഡര്‍ബിയില്‍ ഒപ്പം ഫൈനല്‍ കളിച്ച ഈസ്റ്റ് ബംഗാളാണ് തൊട്ടുപിന്നില്‍. 16 തവണ ഈസ്റ്റ് ബംഗാള്‍ ഡ്യൂറന്‍ഡ് കപ്പ് നേടിയിട്ടുണ്ട്.
മത്സരത്തിലുടനീളം ഇരുടീമുകളും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. ഗോള്‍രഹിതമായ ആദ്യ പകുതിയ്ക്ക് ശേഷം രണ്ടാം പകുതിയില്‍ സൂപ്പര്‍ താരം ദിമിത്രി പെട്രറ്റോസാണ് മോഹന്‍ ബഗാന് വേണ്ടി വിജയഗോള്‍ നേടിയത്.
71-ാം മിനിറ്റിലായിരുന്നു ഗോള്‍ പിറന്നത്. പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ പെട്രറ്റോസ് ബോക്‌സിന് പുറത്തുനിന്ന് തൊടുത്തുവിട്ട ഇടംകാലന്‍ ഷോട്ട് ഗോള്‍കീപ്പറെ കാഴ്ചക്കാരനാക്കി പോസ്റ്റിന്‍റെ ഇടത് മൂലയില്‍ പെയ്തിറങ്ങി. ഈ ഒരൊറ്റ ഗോളോടെ മോഹന്‍ ബഗാന്‍ വിജയമുറപ്പിച്ചു. രണ്ടാം പകുതിയില്‍ 62-ാം മിനിറ്റില്‍ മധ്യനിരതാരം അനിരുദ്ധ് ഥാപ്പ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെയാണ് മോഹന്‍ ബഗാന്‍ 10 പേരായി ചുരുങ്ങുന്നത്. പത്തുപേരായി ചുരുങ്ങിയിട്ടും മോഹന്‍ ബഗാനെതിരേ കൃത്യമായ അവസരങ്ങള്‍ മുതലെടുക്കാന്‍ ഈസ്റ്റ് ബംഗാളിന് സാധിച്ചില്ല.