Football
ഡ്യൂറന്റ് കപ്പ്: മുഹമ്മദൻസിനോട് തോറ്റ് കേരള ബ്ലാസ്റ്റേഴ്സ് പുറത്ത്
Football

ഡ്യൂറന്റ് കപ്പ്: മുഹമ്മദൻസിനോട് തോറ്റ് കേരള ബ്ലാസ്റ്റേഴ്സ് പുറത്ത്

Sports Desk
|
9 Sep 2022 3:30 PM GMT

കേരള ബ്ലാസ്റ്റേഴ്സ് -0, മുഹമ്മദൻസ് -3

കൊൽക്കത്ത: ഡ്യൂറന്റ് കപ്പ് ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. ക്വാർട്ടർ ഫൈനലിൽ കൊൽക്കത്തൻ കരുത്തരായ മുഹമ്മദൻസിനോട് മൂന്ന് ഗോളിനാണ് ടീം തോറ്റത്. മുഹമ്മദൻസിനായി നൈജീരിയൻ മുന്നേറ്റക്കാരൻ ദൗദ ഇരട്ടഗോൾ നേടിയപ്പോൾ മറ്റൊന്ന് എസ്.കെ ഫയാസിന്റെ വകയായിരുന്നു. ക്വാർട്ടറിൽ വീണെങ്കിലും ടൂർണമെന്റിലാകെ മികച്ച പ്രകടനമായിരുന്നു ബ്ലാസ്റ്റേഴ്സ് കൗമാരനിരയുടേത്. രണ്ട് വീതം ജയവും തോൽവിയും ഒരു സമനിലയുമായി തലയുയർത്തിയാണ് ബ്ലാസ്റ്റേഴ്സിന്റെ മടക്കം.


മുഹമ്മദൻസിനെതിരെയും മാറ്റമില്ലാതെയാണ് കേരള ബ്ലാസ്റ്റേഴ്സ് എത്തിയത്. ഗോൾകീപ്പറായി ക്യാപ്റ്റൻ സച്ചിൻ സുരേഷ് അണിനിരന്നു. എച്ച് മർവാൻ, തേജസ് കൃഷ്ണ, പി ടി ബാസിത്, അരിത്ര ദാസ്, മുഹമ്മദ് അസ്ഹർ, വിബിൻ മോഹനൻ, ഗൗരവ്, മുഹമ്മദ് അയ്മെൻ, റോഷൻ ഗിഗി, മുഹമ്മദ് അജ്സൽ എന്നിവർ കേരള ബ്ലാസ്റ്റേഴ്സ് നിരയിൽ തുടർന്നു. മുഹമ്മദൻസിനായി മാവിയ, സഫിയുൾ, എൻഡിയായെ, അംബേകർ, നൂറുദ്ധീൻ, ഷഹീൻ, എസ് കെ ഫയാസ്, മാർക്സ് ജോസഫ്, ഥാപ്പ, ഗോപി, അസ്ഹർ എന്നിവരും കളത്തിലെത്തി.


മുഹമ്മദൻസിന്റെ കരുത്തുറ്റ ആക്രമണത്തെ ചെറുത്താണ് ബ്ലാസ്റ്റേഴ്സ് തുടങ്ങിയത്. മാർക്കസ് ജോസഫിന്റെയും കൂട്ടരുടെയും മുന്നേറ്റങ്ങളെ സമർത്ഥമായി തടഞ്ഞു തേജസായിരുന്നു പ്രതിരോധത്തിന് നേതൃത്വം നൽകിയത്. എന്നാൽ 17-ാംമിനിറ്റിൽ മുഹമ്മദൻസ് മുന്നിലെത്തി. മാർക്കസിന്റെ ഇടതുപാർശ്വത്തിൽനിന്നുള്ള ക്രോസ് ഫയാസ് ലക്ഷ്യത്തിലെത്തിച്ചു. ഗോൾ വഴങ്ങിയിട്ടും ബ്ലാസ്റ്റേഴ്സ് തളർന്നില്ല. പതിയെ ആക്രമണത്തിലേക്ക് നീങ്ങി. 28-ാം മിനിറ്റിൽ ബാസിത് നൽകിയ പന്ത് അജ്സലിന് മുതലാക്കാനായില്ല. പിന്നാലെ ബാസിത് വീണ്ടും അവസരമൊരുക്കി. ഇത്തവണ ഗൗരവിന്റെ ഷോട്ട് ബാറിന് മുകളിലൂടെ പറന്നു. ഇതിനിടയിൽ 36-ാം മിനിറ്റിൽ ഗോപിയുടെ ശ്രമം സച്ചിൻ തടഞ്ഞു. ഇടവേളയ്ക്ക് മുമ്പേ ഒപ്പമെത്താൻ ബ്ലാസ്റ്റേഴ്സ് കിണഞ്ഞുപരിശ്രമിച്ചു. റോഷന്റെയും അയ്മെനിന്റെയും മുന്നേറ്റം കോർണറിൽ കലാശിച്ചു. അയ്മെനിന്റെ ഷോട്ട് മുഹമ്മദൻസ് ഗോളി മാവിയ രക്ഷപ്പെടുത്തി.



രണ്ടാം പകുതിയിൽ പകരക്കാരനായി എത്തിയ ദൗദ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ചു. സച്ചിൻ രക്ഷകനായി അവതരിച്ചെങ്കിലും വൈകാതെ മുഹമ്മദൻസ് ലീഡുയർത്തി. 59-ാം മിനിറ്റിൽ ഫയാസ് നൽകിയ പന്ത് ദൗദ വലയിൽ എത്തിച്ചു. ഇതിനിടെ ബ്ലാസ്റ്റേഴ്സിനായി അയ്മെനും റോഷനും ഫ്രീ കിക്ക് വിജയിച്ചെങ്കിലും ഫലമുണ്ടായില്ല. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിൽ തേജസ് മികച്ച പ്രകടനം നടത്തി. 83-ാം മിനിറ്റിൽ അംബേകറിന്റെ ഗോൾശ്രമം തേജസ് ചെറുത്തു. എന്നാൽ തൊട്ടുപിന്നാലെ മുഹമ്മദൻസ് മൂന്നാംഗോൾ നേടി. ദൗദയായിരുന്നു ഇത്തവണയും ലക്ഷ്യം കണ്ടത്. ഇൻജുറി ടൈമിൽ സച്ചിന്റെ മിന്നുംരക്ഷപ്പെടുത്തലുകൾ മുഹമ്മദൻസിനെ ലീഡുയർത്തുന്നതിൽനിന്നും തടഞ്ഞു.

Durant Cup: Kerala Blasters are out after losing to Mohammedans

Similar Posts