Football
ടീം ബസ് എത്തിയില്ല, ഈസ്റ്റ് ബംഗാൾ കളിക്കാർ ഗ്രൗണ്ടിലെത്തിയത് ഓട്ടോറിക്ഷയും ടാക്‌സിയും വിളിച്ച്
Football

ടീം ബസ് എത്തിയില്ല, ഈസ്റ്റ് ബംഗാൾ കളിക്കാർ ഗ്രൗണ്ടിലെത്തിയത് ഓട്ടോറിക്ഷയും ടാക്‌സിയും വിളിച്ച്

Web Desk
|
12 Aug 2023 12:33 PM GMT

ഫുട്‌ബോൾ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന കൊൽക്കത്ത ഡെർബിക്ക് മുന്നോടിയായുള്ള പരിശീലന വേളയിലാണ് ഇന്ത്യൻ ഫുട്‌ബോളിന് നാണക്കേട് ഉണ്ടാക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്.

കൊൽക്കത്ത: ഡ്യൂറാൻഡ് കപ്പിൽ ഈസ്റ്റ് ബംഗാൾ മോഹൻ ബഗാൻ മത്സരത്തിന് മുന്നോടിയായി അപ്രതീക്ഷിത രംഗങ്ങൾ. ടീം ബസ് വൈകിയതിനെ തുടർന്ന് ഈസ്റ്റ് ബംഗാൾ കളിക്കാർ പരിശീലനത്തിനെത്തിയത് ഓട്ടോയും ടാക്‌സിയുമൊക്കെ വിളിച്ച്.

ഫുട്‌ബോൾ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന കൊൽക്കത്ത ഡെർബിക്ക് മുന്നോടിയായുള്ള പരിശീലന വേളയിലാണ് ഇന്ത്യൻ ഫുട്‌ബോളിന് നാണക്കേട് ഉണ്ടാക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്. കൊൽക്കത്തയിലെ രാജർഹതിലുള്ള എ.ഐ.എഫ്.എഫിന്റെ കേന്ദ്രത്തിലായിരുന്നു പരിശീലനം. വൈകീട്ട് 6നും 6.30നും ഇടയിലായി ടീം ബസ് പരിശീലനത്തിനെത്തുമെന്നായിരുന്നു കണക്കാക്കിയിരുന്നത്.

എന്നാൽ നിശ്ചയിച്ച സമയത്തിലും അപ്പുറം ബസ് വൈകി. ഇതോടെയാണ് ഓട്ടോറിക്ഷയും ഊബർ ടാക്‌സിയും വിളിക്കാൻ ടീം മാനേജ്‌മെന്റ് നിർബന്ധിതരായത്. നിർഭാഗ്യകരമായ സംഭവമെന്നായിരുന്നു സംഭവത്തെ ഈസ്റ്റ് ബംഗാൾ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ദേബബ്രത സർക്കാർ വിശേഷിപ്പിച്ചത്. ഒരു ഡെർബിക്ക് മുന്നോടിയായി ഇങ്ങനെയൊന്നും സംഭവിച്ചുകൂടാ, എന്നാൽ മനപ്പൂർവം പറ്റിയ പിഴവല്ലെന്നാണ് മനസിലായത്. എന്നാലും ജാഗ്രത വേണമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ക്ലബ്ബ് മാനേജ്‌മെന്റ് അല്ല ഡ്യൂരാൻഡ് കമ്മിറ്റിയായിരുന്നു ബസ് സംവിധാനം തയ്യാറാക്കിയിരുന്നതെന്നാണ് ഈസ്റ്റ് ബംഗാൾ ടീം മാനേജ്‌മെന്റുമായി അടുപ്പമുള്ളവർ വ്യക്തമാക്കുന്നത്. നേരത്തെ അറിയിച്ചിരുന്നുവെങ്കിൽ ക്ലബ്ബ് തന്നെ ബസ് സംഘടിപ്പിക്കുമായിരുന്നുവെന്നാണ് ക്ലബ്ബ് ഭാരവാഹികൾ അറിയിക്കുന്നത്. പരിശീലനം വൈകിയതിലെ അതൃപ്തി ഈസ്റ്റ് ബംഗാൾ പരിശീലകന്‍ വ്യക്തമാക്കുകയും ചെയ്തു.

Similar Posts