Football
Hazard dominated England; A career that was blighted by injury at Royal
Football

ഇംഗ്ലണ്ട് അടക്കിഭരിച്ച ഹസാർഡ്; റയലിൽ പരിക്കിൽ എരിഞ്ഞടങ്ങിയ കരിയർ

ടി.കെ ഷറഫുദ്ദീന്‍
|
17 Nov 2024 1:01 PM GMT

ചെൽസിക്കൊപ്പം 352 മത്സരങ്ങളിൽ നിന്നായി 110 ഗോളുകളാണ് ഹസാർഡിന്റെ സമ്പാദ്യം. 2015, 17 വർഷങ്ങളിൽ പ്രീമിയർ ലീഗും 2018ൽ എഫ് എ കപ്പും ക്ലബിനൊപ്പം സ്വന്തമാക്കിയ ബെൽജിയം താരം 2015ലെ ലീഗ് കപ്പ് നേട്ടത്തിലും 2013, 2019 യൂറോപ്പ ലീഗ് കിരീടം ചൂടുന്നതിലും നിർണായക പങ്കുവഹിച്ചു.

2023 ഒക്ടബോർ 10. ലോകമെമ്പാടുമുള്ള ഫുട്‌ബോൾ ആരാധകരെ ഞെട്ടിക്കുന്നതായിരുന്നു ആ പ്രഖ്യാപനം.'' ഇതാണ് ശരിയായ സമയമെന്ന് തോന്നുന്നു. 16 വർഷം. എഴുനൂറിലധികം മത്സരങ്ങൾ. എല്ലാത്തിനുമൊടുവിൽ ഞാനെൻറെ കരിയർ അവസാനിപ്പിക്കുകയാണ്. സ്വപ്നങ്ങൾ പലതും സാക്ഷാത്കരിക്കാൻ കഴിഞ്ഞെന്നാണെൻറെ വിശ്വാസം. നിരവധി മൈതാനങ്ങളിൽ ഞാൻ പന്തുതട്ടി. ഓരോ നിമിഷങ്ങളിലും ആസ്വദിച്ചാണ് ഞാൻ കളിച്ചത്. ഇതുവരെ നൽകിയ സ്‌നേഹത്തിനും പിന്തുണക്കും നന്ദി''. 32ാം വയസിൽ കളിക്കളത്തോട് വിടപറഞ്ഞ് ഏദൻ മൈക്കേൽ ഹസാർഡ് സമൂഹ മാധ്യങ്ങളിൽ കുറിച്ചത് ഇങ്ങനെയായിരുന്നു.




ഒരുകാലത്ത് യൂറോപ്പിലെ മൈതാനങ്ങളെ അടക്കി ഭരിച്ചവൻ. എതിരാളികളുടെ ചക്രവ്യൂഹം ഭേദിച്ച് അനേകംതവണയാണ് അയാൾ വലയിലേക്ക് പന്തടിച്ച് കയറ്റിയത്. തുകൽപന്തിലെ ആ മാന്ത്രിക സ്പർശത്തിൽ എതിർ ടീം ഗാലറികൾ പോലും അയാൾക്കായി കൈയ്യടിച്ചു. ഇങ്ങനെ ദീർഘകാലം ഫുട്‌ബോൾ ലോകത്തെ വിസ്മയിപ്പിച്ചൊരിതിഹാസമാണ് വിരമിക്കൽ മത്സരം പോലും കളിക്കാതെ വെറുമൊരു നാലുവരി സോഷ്യൽമീഡിയ കുറിപ്പിൽ കരിയറിന് ഫുൾസ്റ്റോപ്പിട്ടത്. ഇങ്ങനെയൊരു ക്ലൈമാക്‌സായിരുന്നോ ഹസാർഡിന്റെ കഥയർഹിച്ചിരുന്നത്. ഇംഗ്ലീഷ് ക്ലബായ ചെൽസിയിൽ അയാളുടെ പ്രകടനങ്ങളെ ഇമയടക്കാതെ കണ്ടുനിന്ന ആരും അതങ്ങനെയല്ലെന്നേ പറയൂ.



വർഷം 2012. ചെൽസിയെ സംബന്ധിച്ച് അതൊരു ചരിത്ര വർഷമായിരുന്നു. ബയേൺ മ്യൂണികിനെ തകർത്ത് നീലപ്പട ആദ്യമായി ചാമ്പ്യൻസ് ലീഗിൽ മുത്തമിട്ടത് അന്നാണ്. എഫ്.എ കപ്പടക്കം സ്വന്തമാക്കി ബ്ലൂസിന്റെ സമഗ്രാധിപത്യ കാലം. കിരീട നേട്ടങ്ങൾക്കിടയിൽ ആരാധകർക്ക് നിരാശ സമ്മാനിച്ച് ക്ലബ്ബിൻറെ ചരിത്രത്തിലെ എക്കാലത്തേയും വലിയ ഇതിഹാസങ്ങളിലൊരാളായ ദിദിയർ ദ്രോഗ്ബ ആ വർഷം സ്റ്റാംഫോർഡ് ബ്രിഡ്ജിൻറെ പടിയിറങ്ങി. ആരാണ് ദ്രോഗ്‌ബെയെന്ന അതികായന്റെ പകരക്കാരൻ?. ആരാധകർക്കന്ന് ചെൽസി മാനേജ്‌മെന്റിൽ നിന്ന് അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത്തരമായിരുന്നു. അതിനുള്ള മറുപടിയായിരുന്നു സ്റ്റാംഫോർഡ് ബ്രിഡ്ജിന്റെ പടികടന്നുള്ള ഏഹസാർഡിന്റെ രംഗപ്രവേശം. ചെൽസിയുടെ 10ാം നമ്പർ ജഴസിയിൽ പിന്നെ അയാളുടെ നിറഞ്ഞാട്ടങ്ങളായിരുന്നു. ദിദിയർ ദ്രോഗ്ബ സ്റ്റാംഫോർഡ് ബ്രിഡ്ജിൻറെ കിങ്ങായിരുന്നെങ്കിൽ പ്രിൻസ് ഹസാർഡാണെന്നാണ് ആരാധകർ അക്കാലത്ത് പറഞ്ഞിരുന്നത്.



സ്റ്റാംഫോർഡ് ബ്രിഡ്ജിനപ്പുറം ഓൾഡ് ട്രാഫോർഡിലും ആൻഫീൽഡിലും എമിറേറ്റ്‌സ് സ്റ്റേഡിയത്തിലുമെല്ലാം ഹസാർഡിന്റെ ബൂട്ട് ശബ്ദിച്ചു. അതിവേഗ നീക്കങ്ങൾക്കൊപ്പം ഡ്രിബ്ലിങ് പാടവവും ഫിനിഷിങിലെ കൃത്യതയുമായിരുന്നു ബെൽജിയം സൂപ്പർ താരത്തിന്റെ കരുത്ത്. ശരവേഗംകൊണ്ട് ആക്‌സിലറേറ്റ് ചെയ്ത് കുതിക്കുന്ന ഹസാർഡിനെ പിടിച്ചുനിർത്താനാകാതെ പലപ്പോഴും എതിർ പ്രതിരോധം നിരായുധരായി. വിംഗറായും മിഡ്ഫീൽഡറായും അയാൾ മൈതാനങ്ങളെ അടക്കിഭരിച്ചു. ചെൽസിക്കെതിരായ മത്സരത്തിൽ ഹസാർഡിനെ എങ്ങനെപൂട്ടാമെന്നതായി ഓരോ മാച്ചിനു മുൻപും എതിർ പരിശീലകരുടെ പ്രധാന സ്ട്രാറ്റർജി. ഒറ്റക്കൊരു മത്സരം വിജയിപ്പിക്കാൻ കെൽപുള്ള താരമാണ് അയാളെന്നതുതന്നെയാണ് ഇതിന്കാരണം.



ഒരുവേള സാക്ഷാൽ ലയണൽ മെസിയുമായി വരെ ഹസാർഡിനെ ഫുട്‌ബോൾ പണ്ഡിറ്റുകൾ അക്കാലത്ത് താരതമ്യം ചെയ്തു. ഏഴുവർഷ ചെൽസി കരിയറിൽ ഒട്ടേറെ അവിസ്മരണീയ മൂഹൂർത്തങ്ങളാണ് അയാൾ ആരാധകർക്ക് സമ്മാനിച്ചത്. 2016ൽ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ പകരക്കാരനായി ഇറങ്ങി ടോട്ടൻഹാം ഹോട്‌സ്പറിന്റെ പ്രീമിയർലീഗ് കിരീടസ്വപ്നങ്ങൾ തല്ലികെടുത്തിയ നിർണായക സമനില ഗോൾ, 2017ൽ ആർസനലിനെതിരെ മൈതാന മധ്യത്ത് നിന്ന് സോളോ റൺ നടത്തി മൂന്ന് പ്രതിരോധതാരങ്ങളെ മറികടന്ന് നേടിയ അത്ഭുത ഗോൾ, 2019 യൂറോപ്പ ലീഗ് ഫൈനലിൽ, ചെൽസിക്കൊപ്പമുള്ള തന്റെ അവസാന മത്സരത്തിൽ ആർസനലിനെതിരെ വിജയമുറപ്പിച്ച ഇരട്ടഗോൾ... 10ാം നമ്പർ ബ്ലൂജഴ്‌സിയിൽ അയാളുടെ പകർന്നാട്ടം കണ്ട മത്സരങ്ങളുടെ പട്ടിക ഇങ്ങനെ നീണ്ടു നീണ്ടു പോകുന്നു.



നീലപ്പടക്കൊപ്പം 352 മത്സരങ്ങളിൽ നിന്നായി 110 ഗോളുകളാണ് ഏദൻ ഹസാർഡിന്റെ സമ്പാദ്യം. 2015, 17 വർഷങ്ങളിൽ പ്രീമിയർലീഗും 2018ൽ എഫ് എ കപ്പും ക്ലബിനൊപ്പം സ്വന്തമാക്കിയ ഹസാർഡ്, 2015ലെ ലീഗ് കപ്പ് നേട്ടത്തിലും 2013, 2019 യൂറോപ്പ ലീഗ് കിരീട നേട്ടത്തിലും നിർണായക പങ്കുവഹിച്ചു. 2015ൽ പിഎഫ്എ പ്ലെയർഓഫ്ദി ഇയർ, പ്രീമിയർലീഗ് പ്ലെയർഓഫ്ദി സീസൺ, തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ അയാളെ തേടിയെത്തി. ഏഴുവർഷത്തെ കരിയറിനുള്ളിൽ ചെൽസിയുടെ ഇതിഹാസ താരപട്ടികയിലേക്ക് നടന്നുകയറിയ ഹസാർഡ് 2019ലാണ് റെക്കോർഡ് തുകക്ക് റയൽമാഡ്രിഡിലേക്ക് ചേക്കേറിയത്. തന്റെ കരിയറിലെ ഏറ്റവും വലിയ സ്വപ്നമായാണ് ഹസാർഡ് ബെർണബ്യൂവിലേക്കുള്ള വരവിനെ വിശേഷിപ്പിച്ചത്.



സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിലേക്ക് പോയ ഒഴിവിലാണ് ഹസാർഡ് റയലിലെത്തുന്നത്. റോണോയുടെ ഏഴാം നമ്പർ ജഴ്‌സിയും താരത്തിന് ലഭിച്ചു. എന്നാൽ മാസങ്ങൾക്കിപ്പുറം റയലിന്റേയും ഹസാർഡിന്റേയും കണക്കുകൂട്ടലുകൾ പിഴക്കുന്നതാണ് ഫുട്‌ബോൾ ലോകം കണ്ടത്. ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെ കാൽകുഴക്ക് പരിക്കേറ്റ് ബെൽജിയം താരം കളത്തിന് പുറത്തേക്ക്. പിന്നെ ശസ്ത്രക്രിയയുടേയും വിശ്രമത്തിന്റേയും നാളുകൾ. മൂന്ന് മാസത്തിന് ശേഷം വീണ്ടും മടങ്ങിയെത്തിയെങ്കിലും പരിക്ക് വില്ലൻ വേഷത്തിൽ അവതരിച്ചു കൊണ്ടിരുന്നു.വിശ്രമ നാളുകൾ നീണ്ടു.



കളത്തിൽ തന്റെ വിസ്മയപ്രകടനങ്ങൾ പിന്നെ ഒരിക്കൽപോലും അയാൾക്ക് ആവർത്തിക്കാനായില്ല. പതിയെ ഹസാർഡിനെ റയൽ ആരാധകർ മറന്നു തുടങ്ങി. കാർലോ ആഞ്ചലോട്ടിയുടെ സ്‌ക്വാഡിൽ പലപ്പോഴും ബെഞ്ചിലായിരുന്നു അയാളുടെ സ്ഥാനം. പുതിയ പ്രതിഭകളുടെ വരവും ഹസാർഡിന് അവസരം കുറച്ചു. ഇതിനിടെ പരിക്കിനോട് പടവെട്ടിയ ആ കരിയറിനെത്തേടി ഇടിത്തീയെന്നപോലെ ദഹനനാളത്തിന് വീക്കം സംഭവിക്കുന്ന ഗാസ്‌ട്രൊ എൻറൈറ്റിസ് എന്ന രോഗമെത്തി. തന്റെ പ്രിയക്ലബിനായി ഒന്നും ചെയ്യാനായില്ലെന്ന കുറ്റബോധം ഹസാർഡിനെ നിരന്തരം വേട്ടയാടിക്കൊണ്ടിരുനവ. ഒരുവേള ആരാധകരോട് അയാൾ മാപ്പുപറയുകയും പോലും ചെയ്തു. നാല് വർഷം നീണ്ട മാഡ്രിഡ് കരിയറിൽ ഏഴ് ഗോൾ മാത്രമായിരുന്നു ഹസാർഡിന്റെ ആകെ സമ്പാദ്യം. ഒടുവിൽ തന്റെ ഡ്രീം ക്ലബിൽ നിന്ന് അയാൾ തിരിഞ്ഞുനടന്നു. പക്ഷെ സ്റ്റാംഫോർഡ് ബ്രിഡ്ജജിലെ അയാളുടെ കളിക്കാലങ്ങൾ ആരാധകരുടെ മനസിൽ ഇന്നും മായാതെ കിടപ്പുണ്ട്. ആരായിരുന്നു ഹസാർഡ് എന്ന് തെളിയിക്കുന്ന ഭൂതകാല വിസ്മയ പ്രകടനങ്ങൾ.

Similar Posts