സ്പാനിഷ് സൂപ്പർ കപ്പിൽ എൽക്ലാസിക്കോ ഫൈനൽ; ഷൂട്ടൗട്ടിൽ ബാഴ്‌സയുടെ രക്ഷകനായി ടെർ സ്റ്റീഗൻ
|ആദ്യ സെമിയിൽ വലൻസിയയെ ഷൂട്ടൗട്ടിൽ തോൽപിച്ചാണ് റയൽ മാഡ്രിഡ് ഫൈനൽ ബെര്‍ത്ത് ഉറപ്പിച്ചത്
റിയാദ്: സ്പാനിഷ് സൂപ്പർ കപ്പിൽ രണ്ടാം സെമിയും പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയപ്പോൾ ബാഴ്‌സലോണയുടെ രക്ഷകനായി ഗോൾകീപ്പർ മാർക്ക് ആൻഡ്രെ ടെർ സ്റ്റീഗൻ. ബാഴ്‌സലോണ-റയൽ ബെറ്റിസ് സെമി നിശ്ചിത സമയത്തും അധികസമയത്തും സമനിലയിൽ പിരിഞ്ഞ ശേഷമായിരുന്നു ഷൂട്ടൗട്ട് വിധി നിർണയിച്ചത്. ബാഴ്‌സയുടെ ജയത്തോടെ തിങ്കളാഴ്ച റിയാദിലെ കിങ് ഫഹദ് രാജ്യാന്തര സ്റ്റേഡിയത്തിൽ എൽക്ലാസിക്കോ കലാശപ്പോരാട്ടത്തിനു വഴിയൊരുങ്ങി. ആദ്യ സെമിയിൽ വലൻസിയയെ ഷൂട്ടൗട്ടിൽ തകർത്താണ് റയൽ ഫൈനലിൽ കടന്നത്.
നിശ്ചിതസമയത്ത് റോബർട്ട് ലെവൻഡോസ്‌കി ബാഴ്‌സയ്ക്കും നബീൽ ഫെക്കീർ റയൽ ബെറ്റിസിനും ഗോളുകൾ കണ്ടെത്തി. അധികസമയത്ത് അന്‌സു ഫാറ്റി ബാഴ്‌സയെ ലീഡിലെച്ചിത്തെങ്കിലും ബെറ്റിസിന്റെ ലോറൻസോ ഗാർസ്യ മത്സരം ഷൂട്ടൗട്ടിലേക്ക് നീട്ടുകയായിരുന്നു. ഷൂട്ടൗട്ടിൽ ലെവൻഡോവ്‌സ്‌കി, കെസി, ഫാറ്റി, പെഡ്രി എന്നിവർ ബാഴ്‌സയ്ക്കായി ലക്ഷ്യംകണ്ടപ്പോൾ ബെറ്റിസിന്‌റെ യുവാന്മി, വില്യം കാർവാലോ എന്നിവരുടെ ഷോട്ടുകൾ ടെർ സ്റ്റീഗൻ തട്ടിയകറ്റി.
ആദ്യപകുതി അവസാനിക്കാൻ ഏതാനും മിനിറ്റുകൾ ബാക്കിനിൽക്കെയായിരുന്നു ബാഴ്‌സയുടെ ആദ്യ ഗോൾ. ബോക്‌സിനു തൊട്ടടുത്ത് ഇടതുവിങ്ങിൽനിന്ന് ഒസ്മാൻ ഡെംബെലെ നീട്ടിനൽകിയ പന്ത് ലെവൻഡോവ്‌സ്‌കി പിഴയില്ലാതെ വലയിലാക്കി. 77-ാം മിനിറ്റിൽ നബീർ ഫെക്കീർ ബെറ്റിസിനായി ഗോൾ മടക്കി. ബോക്‌സിന്റെ മധ്യത്തിൽനിന്ന് ടോറസിനെയും കടന്ന് ഹെന്‌റിക്വെ തട്ടിക്കൊടുത്ത പന്താണ് ഫക്കീർ ലക്ഷ്യത്തിലെത്തിച്ചത്.
സബ്സ്റ്റിറ്റിയൂട്ടായി എത്തിയ അൻസു ഫാറ്റി അധികസമയത്ത് ബാഴ്‌സയുടെ ലീഡുയർത്തി. 93-ാം മിനിറ്റിൽ ലെവൻഡോവ്‌സ്‌കിയെടുത്ത ഫ്രീകിക്ക് ബെറ്റിസ് പ്രതിരോധം തട്ടിയകറ്റിയെങ്കിലും ഈ സമയത്ത് വലതു വിങ്ങിൽ മാർക്ക് ചെയ്യാതെ കിടന്നിരുന്ന ഫാറ്റി മനോഹരമായൊരു വോളിയിലൂടെ പന്ത് വലയിലാക്കി. അധികം വൈകാതെ മോറോൺ ഗാർസ്യ ബെറ്റിസിനായി ഗോൾ മടക്കി മത്സരം ആവേശത്തിലാക്കി. ബോക്‌സിനകത്തുനിന്നുള്ള മികച്ചൊരു നീക്കത്തിലൂടെയാണ് ഗാർസ്യ ഗോൾ കണ്ടെത്തിയത്.
ഷൂട്ടൗട്ടിൽ ബെറ്റിസിനായി ആദ്യ രണ്ട് കിക്കെടുത്ത വില്യനും ഗാർസ്യയും ലക്ഷ്യം കണ്ടെങ്കിലും യുവാന്മിയുടെയും കാർവാലോയുടെയും ഷോട്ടുകൾ മികച്ച സേവിലൂടെ തടുത്തിട്ട് ടെർ സ്റ്റീഗൻ ബാഴ്‌സയുടെ രക്ഷകനാകുകയായിരുന്നു.
Summary: Barcelona beat Real Betis on penalties and reaches 'El Clasico' Spanish Super Cup final against Real Madrid