മാഞ്ചസ്റ്റർ യുനൈറ്റഡിൽ നോട്ടമിട്ട് മസ്‌കും; ക്ലബിനെ സ്വന്തമാക്കാന്‍ വമ്പന്മാർ
|മാഞ്ചസ്റ്റർ യുനൈറ്റഡിനെ സ്വന്തമാക്കുമെന്ന് നേരത്തെ മസ്‌ക് സൂചിപ്പിച്ചിരുന്നു
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് കരുത്തരായ മാഞ്ചസ്റ്റർ യുനൈറ്റഡിനെ സ്വന്തമാക്കാൻ ഖത്തർ നീക്കം നടത്തുന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ട് പുറത്തുവന്നിരുന്നു. എന്നാൽ, ക്ലബിനെ വിലയ്‌ക്കെടുക്കാൻ ലോകത്തെ അതിസമ്പന്നരിൽ രണ്ടാമനായ ഇലോൺ മസ്‌കും രംഗത്തുണ്ടെന്നാണ് പുതിയ റിപ്പോർട്ട്. 4.5 ബില്യൻ പൗണ്ട്(ഏകദേശം 45,182 കോടി രൂപ) ആണ് മസ്‌ക് മുന്നോട്ടുവയ്ക്കുന്ന തുക.
ഗ്ലേസർ സഹോദരങ്ങളാണ് നിലവിൽ യുനൈറ്റഡിന്റെ ഉടമകൾ. കഴിഞ്ഞ നവംബറിലാണ് ഇവർ ക്ലബിലേക്ക് നിക്ഷേപകരെ ക്ഷണിച്ചത്. വൻ ഓഫർ ലഭിക്കുകയാണെങ്കിൽ വിൽപനയ്ക്കും ഒരുക്കമാണെന്നാണ് റിപ്പോർട്ടുണ്ടായിരുന്നു. ഫെബ്രുവരി 17 ആണ് ഗ്ലേസർ കുടുംബം പ്രഖ്യാപിച്ച കാലാവധി. ഇത് തീരാനിക്കെയാണ് കൂടുതൽ കക്ഷികൾ ക്ലബിൽ താൽപര്യമറിയച്ച് രംഗത്തെത്തിയത്.
മാഞ്ചസ്റ്റർ യുനൈറ്റഡ് വാങ്ങുമെന്ന് നേരത്തെയും മസ്‌ക് സൂചന നൽകിയിരുന്നു. കഴിഞ്ഞ ആഗസ്റ്റിലാണ് മസ്‌ക് താൽപര്യം പരസ്യമാക്കിയത്. ഏതെങ്കിലും ടീമിനെ വാങ്ങുകയാണെങ്കിൽ അത് യുനൈറ്റഡായിരിക്കുമെന്നും കുട്ടിക്കാലം മുതലുള്ള തൻരെ ഇഷ്ടടീമാണെന്നുമാണ് മസ്‌ക് അന്ന് വ്യക്തമാക്കിയത്.
അമേരിക്കയിൽനിന്നും സൗദി അറേബ്യയിൽനിന്നുമുള്ള ഒരുകൂട്ടം വ്യവസായികൾ യുനൈറ്റഡിനെ വാങ്ങാൻ താൽപര്യം അറിയിച്ചിട്ടുണ്ട്. ബ്രിട്ടനിലെ അതിസമ്പന്നനായ സർ ജിം റാറ്റ്ക്ലിഫും മത്സരരംഗത്തുണ്ട്. ഇതിനിടെയാണ് ക്ലബ് വാങ്ങാനുള്ള ചർച്ചകൾ ഖത്തറിലെ ഒരുകൂട്ടം നിക്ഷേപകർ ആരംഭിച്ചതായി കഴിഞ്ഞ ദിവസം റിപ്പോർട്ട് പുറത്തുവന്നത്. ഖത്തർ സംഘം സജീവമായി മത്സരരംഗത്തുണ്ടെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തു. അവസാനനിമിഷമാണ് മസ്‌കിന്റെ പേരും പുറത്തുവരുന്നത്.
അതിനിടെ, യുവേഫ യൂറോപ്പ ലീഗിൽ വ്യാഴാഴ്ച വമ്പൻ പോരാട്ടമാണ് നടക്കാനിരിക്കുന്നത്. കാംപ് നൗവിൽ നടക്കുന്ന പോരാട്ടത്തിൽ ബാഴ്‌സലോണയുമായി ടെൻഹാഗിൻരെ സംഘം ഏറ്റുമുട്ടും. പ്രീമിയർ ലീഗിൽ ഞായറാഴ്ച നടന്ന മത്സരത്തിൽ യുനൈറ്റഡ് ലീഡ്‌സിനെ രണ്ട് ഗോളിനു തോൽപിച്ചിരുന്നു. പ്രീമിയർ ലീഗിൽ 23 മത്സരങ്ങളിൽനിന്ന് 46 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് യുനൈറ്റഡ്. 51 പോയിന്റുള്ള ആഴ്‌സനലാണ് ഒന്നാമത്. 48 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റിയാണ് യുനൈറ്റഡിനു തൊട്ടുമുന്നിലുള്ളത്.
Summary: Elon Musk preparing £4.5bn bid to buy Manchester United - Reports