അർജന്റീന ആരാധകരേ.... ഈ തിയതി ഓർത്തുവെച്ചോളൂ; എമി മാർട്ടിനെസ് ഇന്ത്യയിലെത്തുന്നു
|എടികെ മോഹൻ ബഗാന്റെ പ്രമോഷണൽ പരിപാടിയുമായി ബന്ധപ്പെട്ടാണ് മാർട്ടിനെസ് ഇന്ത്യയിലെത്തുന്നത്
ഫിഫ ലോകകപ്പിൽ അർജന്റീന മുത്തമിട്ടതിൽ നിർണായക പങ്കുവഹിച്ചത് ഗോൾവല കാത്ത എമിലിയാനോ മാർട്ടിനെസ് ആയിരുന്നു. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട് പ്രകാരം എമിലിയാനോ ഇന്ത്യയിലേക്ക് വരുന്നു. ജൂലൈ നാലിന് എടികെ മോഹൻ ബഗാന്റെ പ്രമോഷണൽ പരിപാടിയുമായി ബന്ധപ്പെട്ടാണ് മാർട്ടിനെസ് ഇന്ത്യയിലെത്തുന്നത്. അന്നേ ദിവസം ബഗാന്റെ അക്കാദമിയും മാർട്ടിനെസ് സന്ദർശിക്കും. അടുത്തിടെ ബ്രസീലിന്റെ ഇതിഹാസതാരം കഫുവും കൊൽക്കത്തയിലെത്തിയിരുന്നു. ഇതിന് ചുക്കാൻ പിടിച്ച ഫുട്‌ബോൾ നിരീക്ഷകൻ സത്രാദു ദത്തയാണ് മാർട്ടിനെസിനേയും കൊൽക്കത്തയലെത്തിക്കുന്നത്.
ഫുട്ബോൾ ഇതിഹാസങ്ങളായ പെലെയെയും ഡീഗോ മറഡോണയെയും സത്രാദു ദത്ത കൊല്‍ക്കത്തിയിലെത്തിച്ചിരുന്നു. സന്ദർശനവുമായി ബന്ധപ്പെട്ടുള്ള കരാർ താരം നേരത്തെ ഒപ്പുവച്ചിരുന്നു. ഏറെ പരിശ്രമത്തിനൊടുവിലാണ് മാർട്ടിനെസിനെ കൊൽക്കത്തയിലെത്തിക്കാനാകുന്നതെന്നും ഇതിൽ ഏറെ സന്തോഷമുണ്ടെന്നും ദത്ത പറഞ്ഞു. മുഴുവൻ അർജന്റീന ആരാധകരും ഇതിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കൊൽക്കത്തയ്ക്ക് വളരെ പ്രധാനപ്പെട്ടൊരു അനുഭവമാകും ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അർജന്റീനയുടെ കിരീടനേട്ടത്തിൽ എമിക്ക് മെസിക്കൊപ്പം സുപ്രധാന പങ്കുണ്ട്. ഗ്രൂപ്പ് ഘട്ടം മുതൽ ഫൈനൽ വരെ പെനാൽറ്റി ഷൂട്ടൗട്ടിലടക്കം പലതവണയാണ് 30കാരൻ നീലപ്പടയുടെ രക്ഷകനായത്. ഷൂട്ടൗട്ടിലേക്ക് നീണ്ട ഫൈനലിലും അർജന്റീനയുടെ രക്ഷകനായ മാർട്ടിനസിനാണ് ഇത്തവണ ഗോൾഡൻ ഗ്ലൗ ലഭിച്ചത്. ലോകകപ്പിലെ മികച്ച ഗോൾകീപ്പർക്കുള്ള പുരസ്‌കാരം ലഭിക്കുന്ന ആദ്യ അർജന്റീനക്കാരൻ കൂടിയായി താരം. ഇതിനിടെ മാർട്ടിനെസ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് കൂടുമാറുമെന്നുള്ള വാർത്തകളും പ്രചരിക്കുന്നുണ്ട്.