Football
യൂറോകപ്പ് ഫൈനലിസ്റ്റുകൾക്ക് അനായാസം; ഇംഗ്ലണ്ട് ഗ്രൂപ്പ് ബിയിൽ
Football

യൂറോകപ്പ് ഫൈനലിസ്റ്റുകൾക്ക് അനായാസം; ഇംഗ്ലണ്ട് ഗ്രൂപ്പ് ബിയിൽ

Web Desk
|
1 April 2022 6:21 PM GMT

ഇറാനും യുഎസ്എയുമാണ് മറ്റ് ടീമുകൾ

ദോഹ:ഖത്തർ ലോകകപ്പിൽ ഇംഗ്ലണ്ടിന് അനായസ ഗ്രൂപ്പ്. ഇറാനും യുഎസ്എയുമാണ് മറ്റ് ടീമുകൾ.ജൂണിൽ അവസാനിക്കുന്ന മറ്റ് യോഗ്യത മത്സരങ്ങൾക്ക് ശേഷം മാത്രമേ അവസാന ഗ്രൂപ്പ് അംഗമാരാണെന്ന് വ്യക്തമാകൂ.ഖത്തർ ലോകകപ്പിന്റെ അന്തിമ ലൈനപ്പായി. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തർ ഇക്വഡോറിനെ നേരിടും. നവംബർ 21നാണ് മത്സരം. സ്പെയിനും ജർമനിയും അടങ്ങുന്ന ഗ്രൂപ്പ് ഇയാണ് ലോകകപ്പിലെ മരണഗ്രൂപ്പ്. ബ്രസീൽ ഗ്രൂപ്പ് ജിയിലാണ് ഉള്ളത്. സെർബിയ, സ്വിറ്റ്സർലാൻഡ്, കാമറൂൺ എന്നിവയാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ.

അർജന്റീന ഉൾപ്പെടുന്ന ഗ്രൂപ്പ് സിയിൽ മെക്സിക്കോയും പോളണ്ടും സൗദി അറേബ്യയുമാണ് ഉള്ളത്. മരണഗ്രൂപ്പായ ഗ്രൂപ്പ് ഇയിൽ സ്പെയിനിനും ജർമനിക്കും പുറമേ, ജപ്പാൻ, ന്യൂസിലാൻഡ്/കോസ്റ്റാറിക്ക ടീമുകളാണ് ഉള്ളത്.

ഗ്രൂപ്പുകൾ ഇങ്ങനെ;

ഗ്രൂപ്പ് എ: ഖത്തർ, സെനഗൽ, നെതർലാൻഡ്സ്, ഇക്വഡോർ.

ഗ്രൂപ്പ് ബി: ഇംഗ്ലണ്ട്, ഇറാൻ, യുണൈറ്റഡ് സ്റ്റേറ്റ്സ്, വെയ്ൽസ്/യുക്രൈൻ/സ്‌കോട്ലാൻഡ്

ഗ്രൂപ്പ് സി: അർജന്റീന, മെക്സിക്കോ, പോളണ്ട്, സൗദി അറേബ്യ.

ഗ്രൂപ്പ് ഡി: ഫ്രാൻസ്, ഡെന്മാർക്ക്, ടുണീഷ്യ, പെറു/ആസ്ത്രേലിയ/യുഎഇ.

ഗ്രൂപ്പ് ഇ: സ്പെയിൻ, ജർമനി, ജപ്പാൻ, ന്യൂസിലാൻഡ്/കോസ്റ്റാറിക്ക

ഗ്രൂപ്പ് എഫ്: ബെൽജിയം, മൊറോക്കോ, ക്രൊയേഷ്യ, കാനഡ.

ഗ്രൂപ്പ് ജി: ബ്രസീൽ, സെർബിയ, സ്വിറ്റ്സർലാൻഡ്, കാമറൂൺ.

ഗ്രൂപ്പ് എച്ച്: പോർച്ചുഗൽ, യുറഗ്വായ്, ദക്ഷിണ കൊറിയ, ഘാന

ഫിഫ റാങ്കിങ് അടിസ്ഥാനമാക്കി ടീമുകളെ നാല് പോട്ടുകളാക്കി തിരിച്ചാണ് ഗ്രൂപ്പിങ് നടന്നത്. റാങ്കിങ്ങിലെ ആദ്യ ഏഴ് ടീമുകളായ ബ്രസീൽ, ബെൽജിയം, ഫ്രാൻസ്, അർജന്റീന, ഇംഗ്ലണ്ട്, സ്പെയിൻ, പോർച്ചുഗൽ ടീമുകൾക്കൊപ്പം ആതിഥേയരായ ഖത്തറുമാണ് ഒന്നാം പോട്ടിലുണ്ടായിരുന്നത്. രണ്ടാം പോട്ടിൽ മെക്സിക്കോ, നെതർലാൻഡ്സ്, ഡെന്മാർക്ക്, ജർമനി, യുറഗ്വായ്, സ്വിറ്റ്സർലാൻഡ്, യുഎസ്എ, ക്രൊയേഷ്യ ടീമുകൾ. സെനഗൽ, ഇറാൻ, ജപ്പാൻ, മൊറോക്കോ, സെർബിയ, പോളണ്ട്, കൊറിയ, ടുനീഷ്യ ടീമുകളായിരുന്നു മൂന്നാം പോട്ടിൽ. നാലാം പോട്ടിൽ കാമറൂൺ, കനഡ, ഇക്വഡോർ, സൗദി അറേബ്യ, ഘാന ടീമുകളും ഇന്റർകോണ്ടിനെന്റൽ പ്ലേ ഓഫിൽ നിന്ന് ജയിച്ചു വരുന്ന രണ്ടു ടീമുകളും യുവേഫ പ്ലേ ഓഫിൽ നിന്ന് വരുന്ന ഒരു ടീമും ഉൾപ്പെടുന്നു. (വെയിൽസ്/സ്‌കോട്ലാൻഡ്//യുക്രൈൻ/കോസ്റ്റാറിക്ക/ന്യൂസിലാൻഡ്/യുഎഇ/ആസ്ത്രേലിയ/പെറു ടീമുകളിൽ നിന്നായിരിക്കും വിജയികൾ)

ലോകകപ്പിന്റെ 92 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് യോഗ്യതാ മത്സരങ്ങൾ നറുക്കെടുപ്പിന് മുമ്പ് അവസാനിക്കാതിരിക്കുന്നത്. കോവിഡ് മഹാമാരി മൂലം കളികൾ നീട്ടിവച്ചതാണ് കാരണം. ഇന്റർ കോണ്ടിനെന്റൽ പ്ലേ ഓഫ് റൗണ്ട് അവസാനിക്കുന്ന ജൂൺ 14നാണ് ഗ്രൂപ്പുകളുടെ സമ്പൂർണ ചിത്രം ലഭ്യമാകുക.

ഖത്തറിൽ എട്ടു സ്റ്റേഡിയത്തിലാണ് കളി നടക്കുക. ഇതിൽ ഏഴു സ്റ്റേഡിയവും തുറന്നിട്ടുണ്ട്. ഫൈനൽ നടക്കുന്ന ലുസൈൽ സ്റ്റേഡിയം ഉടൻ ഉദ്ഘാടനം ചെയ്യപ്പെടും. ലോകത്തുടനീളമുള്ള കാണികളെ സ്വീകരിക്കാൻ അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങളാണ് ഖത്തർ ഒരുക്കുന്നത്. അതുല്യമായ ലോകകപ്പാകും ഇതെന്നാണ് കഴിഞ്ഞ ദിവസം നടന്ന ഫിഫ കോൺഗ്രസിൽ ഫിഫ പ്രസിഡണ്ട് ജിയാന്നി ഇൻഫാന്റിനോ പറഞ്ഞത്.

രണ്ടായിരം അതിഥികൾക്ക് മുമ്പിലായിരുന്നു നറുക്കെടുപ്പ്. മുൻ അമേരിക്കൻ താരവും വുമൺസ് വേൾഡ് കപ്പ് ജേതാവുമായ കാർലി ലോയ്ഡ്, മുൻ ഫുട്ബോൾ താരവും ഇംഗ്ലീഷ് ടെലിവിഷൻ അവതാരകനുമായ ജെർമൈൻ ജെനാസ്, സാമന്ത ജോൺസൺ എന്നിവരായിരുന്നു അവതാരകർ. കഫു, ലോതർ മത്തേവൂസ്, ആദിൽ അഹ്‌മദ് മലല്ല, അലി ദേയി, ജയ് ജയ് ഒകോച്ച, റബാഹ് മജെർ, ടിം കാഹിൽ, ബോറോ മിലുടിനോവിച്ച് എന്നീ ഫുട്‌ബോൾ ഇതിഹാസങ്ങൾ പോട്ടുകൾക്ക് മുമ്പിൽ സന്നിഹിതരായിരുന്നു.

'ലോകം ഖത്തറിൽ ഒന്നിക്കുന്നു'

യുദ്ധവും സംഘർഷവും നിർത്തി സമാധാനത്തിനായി അണിനിരക്കാൻ ഫിഫ പ്രസിഡണ്ട് ജിയാനി ഇൻഫാന്റിനോ ആവശ്യപ്പെട്ടു. 'ചില അശാന്തികൾ നമ്മൾ അഭിമുഖീകരിക്കുന്നു. ആളുകളെ അടുപ്പിക്കാൻ ചില അവസരങ്ങൾ ഉണ്ടാകേണ്ടതുണ്ട്. യുദ്ധവും സംഘർഷവും നിർത്താൻ ലോകനേതാക്കളോട് അഭ്യർത്ഥിക്കുന്നു.' - അദ്ദേഹം പറഞ്ഞു.

'എന്തൊരു വികാരമാണിവിടെ. ഈ ലോകകപ്പ് ഏറ്റവും മികച്ച ലോകകപ്പായി മാറും. ഭൂമിയിലെ ഏറ്റവും മികച്ച ഷോ. ലോകം ഖത്തറിൽ ഒന്നിക്കും' - അദ്ദേഹം കൂട്ടിച്ചേർത്തു.

Similar Posts