Football
യൂറോയിൽ പെനൽറ്റി വിവാദം; ഇംഗ്ലണ്ടിനു പെനാൽറ്റി നൽകിയ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം
Football

യൂറോയിൽ പെനൽറ്റി വിവാദം; ഇംഗ്ലണ്ടിനു പെനാൽറ്റി നൽകിയ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം

Web Desk
|
8 July 2021 9:55 AM GMT

അതൊരു പെനൽറ്റിയായിരുന്നുവെന്ന് എനിക്കു തോന്നുന്നില്ല. ബോക്സിനുള്ളിലേക്കു കയറിയ സ്റ്റെർലിങ് മനഃപൂർവം വീണതാണെന്ന് വ്യക്തം. ഇത് തോൽവിക്ക് ന്യായീകരണമല്ലെന്ന് അറിയാം. എങ്കിലും ആ തീരുമാനം കടുത്തുപോയി

യൂറോ കപ്പിൽ ഇംഗ്ലണ്ട് ആദ്യമായി ഫൈനലിന് യോഗ്യത സമ്മാനിച്ച പെനാൽറ്റി തീരുമാനത്തിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. എക്സ്ട്രാ ടൈമിലേക്കു നീണ്ട മത്സരത്തിൽ ഇംഗ്ലണ്ടിന് അനുകൂലമായി ലഭിച്ച പെനൽറ്റിയാണ് ഫലം നിർണയിച്ചത്. കിക്കെടുത്ത ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ന്റെ ഷോട്ട് ഡെൻമാർക്ക് ഗോൾകീപ്പർ കാസ്പർ സ്മൈക്കൽ തടുത്തെങ്കിലും റീബൗണ്ടിൽനിന്ന് കെയ്ൻ തന്നെ ഗോൾ നേടുകയായിരുന്നു. ഇതിനിടെയാണ് ഈ പെനൽറ്റിക്കെതിരെ ഫുട്ബോൾ ലോകത്ത് ചോദ്യങ്ങളുയരുന്നത്.



എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിൽ ഇംഗ്ലണ്ട് താരം റഹിം സ്റ്റെർലിങ്ങിനെ ഡെൻമാർക്ക് ബോക്സിനുള്ളിൽ ജോവാക്വിം മെയ്‌ലെ വീഴ്ത്തിയതിനാണ് റഫറി പെനൽറ്റി അനുവദിച്ചത്. ഡെൻമാർക്ക് താരങ്ങൾ പ്രതിഷേധിച്ചു നോക്കിയെങ്കിലും ഫലമുണ്ടായില്ല. എന്നാൽ റീപ്ലെകളിൽ വളരെ മിനിമം കോണ്ടാക്റ്റ് മാത്രമേ റഹീം സ്റ്റെർലിംഗിനെതിരെ ഉണ്ടായിട്ടുള്ളൂ എന്നത് വ്യക്തമായിരുന്നു. വളരെ ലാഘവത്തിലുള്ള തീരുമാനമാണ് റഫറി ഇത്രയും പ്രധാനപ്പെട്ട മത്സരത്തിൽ കൈക്കൊണ്ടതെന്ന് വിമർശനം ഉന്നയിക്കുന്നവർ പറയുന്നു.

മത്സരശേഷം ഡെൻമാർക്ക് പരിശീലകനും പെനൽറ്റി തീരുമാനത്തെ വിമർശിച്ചു. ''മത്സരത്തിൽ തോൽവി സ്വാഭാവികമാണ്. അത് സംഭവിക്കും. പക്ഷേ, ഇത്തരത്തിൽ തോൽക്കുന്നത് നിരാശപ്പെടുത്തുന്നു. ടൂർണമെന്റിലുടനീളം മികച്ച മത്സരമാണ് എന്റെ താരങ്ങൾ പുറത്തെടുത്തത്. അവരെയും ഈ ഫലം നിരാശപ്പെടുത്തും. ഇത്തരമൊരു തോൽവിയുടെ നിരാശ മറക്കാൻ സമയമെടുക്കും. പക്ഷേ, ഇങ്ങനെ പുറത്താകേണ്ടി വന്നത് സങ്കടപ്പെടുത്തുന്നു. അതൊരു പെനൽറ്റിയായിരുന്നുവെന്ന് എനിക്കു തോന്നുന്നില്ല. ബോക്സിനുള്ളിലേക്കു കയറിയ സ്റ്റെർലിങ് മനഃപൂർവം വീണതാണെന്ന് വ്യക്തം. ഇത് തോൽവിക്ക് ന്യായീകരണമല്ലെന്ന് അറിയാം. എങ്കിലും ആ തീരുമാനം കടുത്തുപോയി'' – ഡെൻമാർക്ക് പരിശീലകൻ കാസ്പർ ജുൽമൻഡ് പറഞ്ഞു.

യൂറോപ്പിലെ പ്രമുഖ കളിയെഴുത്തുകാരും നിരവധി മുൻ താരങ്ങളും പരിശീലകരുമെല്ലാം ട്വിറ്ററിൽ പെനാൽറ്റി തീരുമാനത്തിനെതിരെ പ്രതികരിച്ചു. എന്നാൽ അതൊരു പെനാൽറ്റി തന്നെയാണെന്നാണ് ഫൗൾ ചെയ്യപ്പെട്ട റഹീം സ്റ്റെർലിങ് പറയുന്നത്.

ഇംഗ്ലണ്ടിന് പെനാൽറ്റി നൽകിയ റഫറിയുടെ തീരുമാനം തെറ്റായിരുന്നു എന്നു തന്നെയാണ് മുൻ ഇംഗ്ലീഷ് റഫറിയായ മൈക്ക് ക്ലാറ്റൻബെർഗിന്റെയും അഭിപ്രായം. അതൊരു ക്ലിയർ ഫൗളല്ലെന്നു പറഞ്ഞ ക്ലാറ്റൻബർഗ് അതിനു മുൻപ് ഹാരി കേനിനെ ക്രിസ്റ്റ്യൻ നോർഗാർഡ് ഫൗൾ ചെയ്‌തതിന്‌ പെനാൽറ്റി നൽകാതിരുന്ന റഫറിയുടെ തീരുമാനവും തിരുത്തേണ്ടതായിരുന്നില്ല എന്നും വ്യക്തമാക്കി.

മത്സരത്തിന്റെ മുപ്പതാം മിനുട്ടിൽ ദ്രംസ്ഗാർഡിലൂടെ ഡെന്മാർക്കാണ് മുന്നിലെത്തിയത്. ഇത്തവണത്തെ യൂറോ കപ്പിലെ ആദ്യത്തെ ഫ്രീ കിക്ക് ഗോൾ സ്വന്തമാക്കിയ താരം ടീമിന് ലീഡ് നേടിക്കൊടുത്തെങ്കിലും ഒൻപതു മിനുട്ടിനകം ക്യേറിന്റെ ഓൺ ഗോൾ ഇംഗ്ലണ്ടിനെ ഒപ്പമെത്തിച്ചു. മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീളുമെന്ന വന്നപ്പോഴാണ് വിവാദ പെനാൽറ്റി ഗോളിൽ ഇംഗ്ലണ്ട് വിജയം സ്വന്തമാക്കുന്നത്..

Similar Posts