ആൻഫീൽഡിൽ ലിവർപൂൾ ഗോൾമഴ; കിരീട പ്രതീക്ഷയിൽ ചെമ്പടയോട്ടം
|പ്രീമിയർ ലീഗിൽ 26 കളിയിൽ 60 പോയന്റുമായി ലിവർപൂൾ ഒന്നാം സ്ഥാനത്ത് തുടരുന്നു
ലണ്ടൻ: ആധികാരിക ജയവുമായി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കുതിപ്പ് തുടർന്ന് ലിവർപൂൾ. സ്വന്തം തട്ടകമായ ആൻഫീൽഡിൽ ഒന്നിനെതിരെ നാലു ഗോളുകൾക്ക് ലുട്ടൻ ടൗണിനെയാണ് കീഴടക്കിയത്. ഇതോടെ 26 കളിയിൽ 60 പോയന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. രണ്ടാമതുള്ള നിലവിലെ ചാമ്പ്യൻ മാഞ്ചസ്റ്റർ സിറ്റിയുമായുള്ള വ്യത്യാസം നാലാക്കി ഉയർത്താനുമായി.
ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് അവസാന 45 മിനിറ്റിൽ ലിവർപൂൾ വിശ്വരൂപം പുറത്തെടുത്തത്. 56ാം മിനിറ്റിൽ പ്രതിരോധ താരം വിർജിൽ വാൻഡെകിലൂടെയാണ് ഗോൾ വേട്ടക്ക് തുടക്കം കുറിച്ചത്. 58ാം മിനിറ്റിൽ സ്ട്രൈക്കർ കോഡി ഗാപ്കോയും 71ാം മിനിറ്റിൽ ലൂയിസ് ഡയസും വലകുലുക്കി. 90ാം മിനിറ്റിൽ ഹാവി എലിയറ്റ് നാലാം ഗോളും നേടി പട്ടിക പൂർത്തിയാക്കി. 12ാം മിനിറ്റിൽ ചിഡോസി ഒഗ്ബെനെയിലൂടെയാണ് ലൂട്ടൺ ടൗൺ ആശ്വാസ ഗോൾ നേടിയത്.
പരിക്കിന്റെ പിടിയിലായ അലക്സാണ്ടർ അർണോൾഡ്, ഡീഗോ ജോട്ട, കോർട്ടിസ് ജോൺസ്, ഗോൾകീപ്പർ അലിസൻ ബക്കർ തുടങ്ങി പ്രധാന താരങ്ങളില്ലാതെയാണ് ചെമ്പട ഇറങ്ങിയത്. ഈജിപ്യൻ താരം മുഹമ്മദ് സലാഹിനും വിശ്രമമനുവദിച്ചു. എന്നാൽ ഇതൊന്നും ടീം പ്രകടനത്തെ ബാധിച്ചില്ല. പന്തടക്കത്തിലും ഷോട്ടുതിർക്കുന്നതിലുമെല്ലാം മുൻ ചാമ്പ്യൻമാരായിരുന്നു മുന്നിൽ. 13 തവണയാണ് ചെമ്പട ലുട്ടൻ പോസ്റ്റിലേക്ക് നിറയുതിർത്തത്. ടേബിളിൽ 55 പോയന്റുമായി ആഴ്സനലും 49 പോയന്റുമായി ആസ്റ്റൺ വില്ലയുമാണ് മൂന്നും നാലും സ്ഥാനത്ത്.