വീണ്ടും തോൽവിയായി മാഞ്ചസ്റ്റർ യുണൈറ്റഡ്: എറിക് ടെൻ ഹാഗിന് നിർണായക ദിനങ്ങൾ
|തുടർച്ചയായ നാലാം മത്സരത്തിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു ഗോൾ പോലും നേടാൻ കഴിയാതെ പോവുന്നത്.
ലണ്ടൻ: പ്രീമിയർലീഗിൽ വിജയത്തോടെ ക്രിസ്മസ് ആഘോഷിക്കാനുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന് ഷോക്ക് നൽകി വെസ്റ്റ്ഹാം യുണൈറ്റഡ്. സ്വന്തംതട്ടകത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് റെഡ് ഡെവിൾസിനെ കീഴടക്കിയത്. പ്രീമിയർ ലീഗ് സീസണിൽ യുണൈറ്റഡിന്റെ എട്ടാംതോൽവി. തുടർച്ചയായ നാലാം മത്സരത്തിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു ഗോൾ പോലും നേടാൻ കഴിയാതെ പോവുന്നത്.
72-ാം മിനിറ്റിൽ ഇംഗ്ലീഷ് താരം ജാരോഡ് ബോവനാണ് വെസ്റ്റ്ഹാമിനായി ലീഡ് നേടിയത്. ബ്രസീലിയൻ താരം പക്വേറ്റയുടെ ഓവർവെഡ്ഡ്‌ബോൾ വലയിലെത്തിക്കുകയായിരുന്നു. യുണൈറ്റഡിന്റെ ഗോൾകീപ്പർ ആേ്രന്ദ ഒനാനയുടെ പിഴവും ഗോളിന് കാരണമായി. ആദ്യ ഗോളിന്റെ ആവേശം അടങ്ങും മുൻപ് വെസ്റ്റ് ഹാം സന്ദർശകപോസ്റ്റിലേക്ക് രണ്ടാമതും നിറയുതിർത്തു. 78-ാം മിനിറ്റിൽ മുഹമ്മദ് കുഡൂസിലൂടെയായിരുന്നു ആതിഥേയർ വലകുലുക്കിയത്. ആദ്യപകുതിയിൽ മികച്ചപ്രകടനം നടത്തിയെങ്കിലും രണ്ടാംപകുതിയിലെ പിഴവുകൾ മുൻ ചാമ്പ്യൻമാർക്ക് തിരിച്ചടിയാകുകയായിരുന്നു. മുന്നേറ്റനിരയിൽ റാഷ്‌ഫോർഡിന്റേയും ഹോയ്‌ലൻഡിന്റേയും മോശം ഫോമും തിരിച്ചടിയായി. ഇതോടെ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ മുന്നേറ്റതാരങ്ങളെ എത്തിക്കാനുള്ള ശ്രമം ടീം മാനേജ്‌മെന്റ് ആരംഭിച്ചിട്ടുണ്ട്.
വിജയത്തോടെ യുണൈറ്റഡിനെ മറികടന്ന് ലീഗിൽ വെസ്റ്റ്ഹാം ആറാം സ്ഥാനത്തേക്ക് ഉയർന്നു. 18 മത്സരങ്ങളിൽ ഒൻപത് വിജയവുമായി 30 പോയിന്റാണ് വെസ്റ്റ്ഹാമിന്റെ സമ്പാദ്യം. അത്രയും മത്സരങ്ങളിൽ നിന്ന് 28 പോയിന്റുള്ള യുണൈറ്റഡ് ലീഗിൽ എട്ടാമതാണ്. ബുധനാഴ്ച ശക്തരായ ആസ്റ്റൺവില്ലയുമായാണ് യുണൈറ്റഡിന്റെ അടുത്തമത്സരം.