നിറഞ്ഞാടി ഗർണാചോ; എവർട്ടനെ രണ്ടടിയിൽ വീഴ്ത്തി യുണൈറ്റഡ്
|പെനാൽറ്റിയിലൂടെ ബ്രൂണോ ഫെർണാണ്ടസും(12), മാർക്കസ് റാഷ്ഫോഡുമാണ് (36) ഗോൾ നേടിയത്
ലണ്ടൻ: പ്രീമിയർ ലീഗിൽ എവർട്ടനെ രണ്ട് ഗോളിന് കീഴടക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്. സ്വന്തം തട്ടകമായ ഓൾഡ് ട്രഫോർഡിൽ നടന്ന മത്സരത്തിൽ ബ്രൂണോ ഫെർണാണ്ടസ്(12), മാർക്കസ് റാഷ്ഫോർഡ് (36) എന്നിവരാണ് ലക്ഷ്യം കണ്ടത്. ഇരുഗോളുകളും പിറന്നത് പെനാൽറ്റിയിലാണ്.
മാഞ്ചസ്റ്റർ ഡർബിയിൽ സിറ്റിയോടേറ്റ വമ്പൻ തോൽവിക്ക് ശേഷമാണ് എറിക് ടെൻ ഹാഗും സംഘവും സ്വന്തം തട്ടകത്തിൽ ഇറങ്ങിയത്.കഴിഞ്ഞ മത്സരത്തിൽ നിന്ന് മാറ്റം വരുത്താതെയാണ് ടെൻഹാഗ് ടീമിനെ വിന്യസിച്ചത്. പന്തടക്കത്തിലും ലക്ഷ്യത്തിലേക്ക് ഷോട്ടുതിർക്കുന്നതിലുമെല്ലാം ഇരുടീമുകളും ഒപ്പത്തിനൊപ്പമായിരുന്നു. എന്നാൽ ഫിനിഷിങിലെ പോരായ്മകൾ സന്ദർശകർക്ക് തിരിച്ചടിയായി. ഇടതുവിങിൽ നിന്ന് മാർക്കസ് റാഷ്ഫോർഡ് നൽകിയ പന്തുമായി മുന്നേറിയ അലചാൻഡ്രോ ഗർണാചോയെ ബോക്സിൽ വീഴ്ത്തിയതിനാണ് പെനാൽറ്റി അനുവദിച്ചത്. കിക്കെടുത്ത ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ് പന്ത് അനായാസം വലയിലാക്കി.
അർജന്റൈൻ യുവതാരത്തിന്റെ മുന്നേറ്റമാണ് രണ്ടാമതും എവർട്ടന് എതിരായ പെനാൽറ്റിക്ക് കാരണമായത്. ബോക്സിൽ ഗർണാചോയെ വീഴ്ത്തിയതിന് വീണ്ടും പെനാൽറ്റി. ഇത്തവണ ഷോട്ടെടുക്കാനുള്ള അവസരം മാർക്കസ് റാഷ്ഫോർഡിനായിരുന്നു. രണ്ടാം പകുതിയിൽ തിരിച്ചടിക്കാനായി എവർട്ടൻ ആക്രമണം ശക്തമാക്കിയെങ്കിലും യുണൈറ്റഡ് കൃത്യമായി പ്രതിരോധിച്ചുനിർത്തി. അവസാനം കളിച്ച ഏഴ് പ്രീമിയർ ലീഗ് മത്സരങ്ങൾ യുണൈറ്റഡിന്റെ രണ്ടാം വിജയം മാത്രമാണിത്.