പ്രീമിയർ ലീഗിൽ അവാർഡുകൾ വാരികൂട്ടി ആഴ്സണൽ
|2004- നു ശേഷം പ്രീമിയർ ലീഗ് കിരീടം സ്വപ്നം കാണുന്ന ഗണ്ണേഴ്സ് അർട്ടേറ്റക്കു കീഴിൽ മികച്ച രീതിയിലാണ് കളിക്കുന്നത്
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഈ മാസത്തെ മികച്ച കളിക്കാരനുളള അവാർഡ് സ്വന്തമാക്കി ആഴ്സണൽ താരം ബുകായോ സാക്ക. ആഴ്സണൽ പരിശീലകനായ മൈക്കൽ അർട്ടേറ്റക്കാണ് മികച്ച പരിശീലകനുളള അവാർഡ്. ഗണ്ണേഴ്സിലെ മറ്റൊരു താരമായ ആരോൺ റാംസ്ഡെൽ മികച്ച ഗോൾ കീപ്പറായും തിരഞ്ഞടുക്കപ്പെട്ടു. മാർച്ചിൽ നടന്ന മത്സരങ്ങളിൽ ഒന്നാമതുളള ആഴ്‌സണലിനെ നാല് മത്സരങ്ങളിലും വിജയിപ്പിക്കാൻ സാക്കയുടെ പ്രകടനം നിർണ്ണായകമായിരുന്നു. താരം മാർച്ചിൽ മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റുകളും ഗണ്ണേഴ്സിനായി നേടി.
First @premierleague #POTM ✅
— EA SPORTS FIFA (@EASPORTSFIFA) March 31, 2023
Congratulations to March's winner, Bukayo Saka 👏#FIFA23 #FUT pic.twitter.com/PGnkBs7TFH
തന്റെ കരിയറിൽ ആദ്യമായാണ് സാക്ക ഈ അവാർഡ് നേടുന്നത്. പ്രീമിയർ ലീഗിൽ മികച്ച ഫോമിലുളള താരം ഈ സീസണിൽ പ്രീമിയർ ലീഗിൽ 12- ഗോളുകളും, 10- അസിസ്റ്റും നേടി കഴിഞ്ഞു. കഴിഞ്ഞ സീസണിൽ ആഴ്സണലിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയതും സാക്കയായിരുന്നു. 2020-21 സീസണിൽ ആഴ്സണൽ പ്ലയർ ഓഫ് ദി സീസൺ അവാർഡിനും താരം അർഹനായിരുന്നു.
2004- നു ശേഷം പ്രീമിയർ ലീഗ് കിരീടം സ്വപ്നം കാണുന്ന ഗണ്ണേഴ്സ് അർട്ടേറ്റക്കു കീഴിൽ മികച്ച രീതിയിലാണ് കളിക്കുന്നത്. ആർസെൻ വെങർ പരിശീലക സ്ഥാനം ഒഴിഞ്ഞ ശേഷം മോശം ഫോമിൽ വലഞ്ഞിരുന്ന ആഴ്സണലിനെ 2019- ൽ പരിശീലക സ്ഥാനം ഏറ്റെടുത്ത ശേഷം പടി പടിയായാണ് അർട്ടേറ്റ ഉയർത്തി കൊണ്ടുവന്നത്. അർട്ടേറ്റക്ക് കീഴിൽ എഫ്.എ കപ്പും, എഫ്.എ കമ്മ്യൂണിറ്റി ഷീൽഡ് കപ്പും നേടാൻ ആഴ്സണലിനു കഴിഞ്ഞു. ഈ സീസണിൽ 28- മത്സരങ്ങളിൽ നിന്ന് 69- പോയിന്റുമായി ഒന്നാമതുളള ഗണ്ണേഴ്സിന് രണ്ടാമതുളള സിറ്റിയുമായി എട്ട് പോയിന്റ് ലീഡുണ്ട്. നാളെ വൈകീട്ട് ലീഡ്സ് യുണൈറ്റഡുമായാണ് പ്രീമിയർ ലീഗിൽ ആഴ്സണലിനു അടുത്ത മത്സരം.