Football
ചെൽസിയെ തുരത്തി ലിവർപൂൾ കുതിപ്പ്; ആൽവാരസ് കരുത്തിൽ സിറ്റി
Football

ചെൽസിയെ തുരത്തി ലിവർപൂൾ കുതിപ്പ്; ആൽവാരസ് കരുത്തിൽ സിറ്റി

Web Desk
|
1 Feb 2024 5:44 AM GMT

നിലവിൽ 22 മത്സരങ്ങളിൽ നിന്ന് 51 പോയിന്റുള്ള ലിവർപൂളാണ് ഒന്നാമത്.

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയ തേരോട്ടം തുടർന്ന് ലിവർപൂൾ. സ്വന്തം തട്ടകമായ ആൻഫീൽഡിൽ മുൻ ചാമ്പ്യൻമാരായ ചെൽസിയെ ഒന്നിനെതിരെ നാലുഗോളുകൾക്കാണ് കീഴടക്കിയത്. ഡിയേഗോ ജോട്ട(23), കൊണോർ ബ്രാഡ്‌ലി(39), ഡൊമിനിക് സൊബസലായ്(65), ലൂയിസ് ഡയസ്(79) എന്നിവർ ലക്ഷ്യം കണ്ടു. ക്രിസ്റ്റഫർ എൻകുൻകുവിലൂടെ(71) ചെൽസി ആശ്വാസ ഗോൾ കണ്ടെത്തി. വിജയത്തോടെ ചെമ്പട ഒന്നാം സ്ഥാനം നിലനിർത്തി. ആൻഫീൽഡിൽ തുടക്കം മുതൽ ആധിപത്യം പുലർത്തിയാണ് ലിവർപൂൾ നീലപടക്കെതിരെ വിജയം ആഘോഷിച്ചത്. ഒരു ഘട്ടത്തിൽപോലും ആതിഥേയർക്ക് ഭീഷണിയുയർത്താൻ ചെൽസിക്കായില്ല. സൂപ്പർ സ്‌ട്രൈക്കർ മുഹമ്മദ് സലാഹിന്റെ അഭാവത്തിലും മികച്ച പ്രകടനം പുറത്തെടുക്കാനായത് ചെമ്പടക്ക് ആശ്വാസമായി.

മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ജൂലിയൻ ആൽവാരസിന്റെ ഇരട്ടഗോൾ മികവിൽ ബേൺലിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപിച്ചു. 16, 22 മിനിറ്റുകളിലാണ് അർജന്റൈൻ യുവതാരം വലകുലുക്കിയത്. 46-ാം മിനിറ്റിൽ റോഡ്രിയിലൂടെ ലീഡ് ഉയർത്തി. 93-ാം മിനിറ്റിൽ അമീൻ അൽ ദഖിൽ ആണ് ബേൺലിയുടെ ഏക ഗോൾ നേടിയത്. ജയത്തോടെ നിലവിലെ ചാമ്പ്യൻമാർ ടേബിളിൽ മുന്നേറി. ആഴ്‌സനലിലെ മറികടന്ന് രണ്ടാംസ്ഥാനത്തേക്കുയർന്നു.

ബ്രെന്റ്‌ഫോർഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് ടോട്ടനവും മുന്നേറി. ഡെസ്റ്റിനി ഉഡോഗിയ(48), ബ്രെണ്ണൻ ജോൺസൻ(49), റിച്ചാലിസൻ(56) എന്നിവരാണ് വലചലിപ്പിച്ചത്. നീൽ മാവുപേ(15), ഇവാൻ ടോണി(67) ബ്രെൻഡ് ഫോർഡിനായി ലക്ഷ്യംകണ്ടു. നിലവിൽ 22 മത്സരങ്ങളിൽ നിന്ന് 51 പോയിന്റുള്ള ലിവർപൂളാണ് ഒന്നാമത്. 46 പോയന്റുമായി മാഞ്ചസ്റ്റർ സിറ്റി രണ്ടാമതും ആഴ്‌സണൽ മുന്നാമതുമാണ്.

Similar Posts