സലാഹിന് ഡബിൾ; പ്രീമിയർ ലീഗിൽ കുതിപ്പ് തുടർന്ന് ലിവർപൂൾ 3-2
|ആർനെ സ്ലോട്ട് പരിശീലക ചുമതലയേറ്റെടുത്ത ശേഷം ടീമിന്റെ പത്താം ജയമാണ്.
ലണ്ടൻ: പ്രീമിയർ ലീഗിൽ ജൈത്രയാത്ര തുടർന്ന് ലിവർപൂൾ. അത്യന്തം ആവേശകരമായ മത്സരത്തിൽ സതാംപ്ടണെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് കീഴടക്കിയത്. മുഹമ്മദ് സലാഹ് ഇരട്ടഗോളുമായി (65,83) തിളങ്ങി. ഡൊമിനിക് സൊബസ്ലായിയും (30) ലക്ഷ്യംകണ്ടു. സതാംപ്ടണായി ആദം ആംസ്ട്രോങ്(42), മതേയൂസ് ഫെർണാണ്ടസ്(56) ആശ്വാസ ഗോൾനേടി.
ജയത്തോടെ പ്രീമിയർ ലീഗ് പോയന്റ് ടേബിളിൽ ചെമ്പട ഒന്നാംസ്ഥാനം നിലനിർത്തി. ആർനെ സ്ലോട്ട് പരിശീലക ചുമതലയേറ്റെടുത്ത ശേഷം ടീമിന്റെ പത്താം ജയമാണ്. സീസണിൽ ഇതുവരെ പത്തുഗോളാണ് ഈജിപ്ഷ്യൻ ഫോർവേഡ് മുഹമ്മദ് സലാഹ് അടിച്ച്കൂട്ടിയത്. 12 ഗോളുമായി മാഞ്ചസ്റ്റർ സിറ്റിയുടെ എർലിങ് ഹാളണ്ടാണ് ഒന്നാമത്.
നേരത്തെ മാഞ്ചസ്റ്റർ സിറ്റിയെ അട്ടിമറിച്ച സംഘമായ സതാംപ്ടൺ ലിവർപൂളിനെ വിറപ്പിച്ച ശേഷമാണ് കീഴടങ്ങിയത്. അടിയും തിരിച്ചടിയും കണ്ട മത്സരത്തിൽ രണ്ടാം പകുതിയിൽ സലാഹ് ചെമ്പടയുടെ രക്ഷക്കെത്തുകയായിരുന്നു. 65ാം മിനിറ്റിൽ സോളോ റണ്ണിൽ ഗോൾകീപ്പറെ കബളിപ്പിച്ച് വലകുലുക്കിയ താരം 83ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ വിജയമുറപ്പിച്ച ഗോളും നേടി.