'ടെൻഹാഗിന് സമയം നൽകൂ';യുണൈറ്റഡ് പരിശീലകനെ മാറ്റുന്നതിനെതിരെ ആരാധകരുടെ കാമ്പയിൻ
|അടുത്ത സീസണിലും ടെൻഹാഗ് അമരത്ത് വേണമെന്നാണ് യുണൈറ്റഡ് ആരാധകർ ഒന്നടങ്കം ആവശ്യപ്പെടുന്നത്
ലണ്ടൻ: പ്രതീക്ഷകളുടെ അമിതഭാരമില്ലാതെയെത്തിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.എ കപ്പ് കിരീടത്തിൽ മുത്തമിട്ടത്. പ്രീമിയർലീഗ് ചാമ്പ്യൻമാരായെത്തിയ മാഞ്ചസ്റ്റർ സിറ്റിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കി വെംബ്ലി സ്റ്റേഡിയം ചുവപ്പിക്കുമ്പോൾ ആരാധകർ ഏറെനാളായി കാത്തിരുന്ന നിമിഷമാണ് സമാഗതമായത്. അതിന് കാരണക്കാരനായത് എറിക് ടെൻ ഹാഗ് എന്ന ഡച്ചുകാരനും.
കലാശ കളിക്ക് തൊട്ടുമുൻപ് മുൻ അജാക്‌സ് പരിശീലകനെതിരെ വ്യാപക വിമർശനമായിരുന്നു ആരാധകർ ഉയർത്തിയത്. പ്രീമിയർലീഗിൽ എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെ യൂറോപ്പ ലീഗിൽ പോലുമില്ലാത്ത അവസ്ഥ. യുണൈറ്റഡ് രക്ഷപ്പെടണമെങ്കിൽ ടെൻഹാഗിനെ പുറത്താക്കണമെന്ന ചർച്ചകൾ ഉയർന്നു. എന്നാൽ എഫ്.എ കപ്പിൽ സിറ്റിയെ വരച്ച വരയിൽ നിർത്തി നേടിയ ആ ഒരൊറ്റ വിജയം ടെൻഹാഗ് എന്ന മാനേജറുടെ പ്രതിഭ അടയാളപ്പെടുത്തുന്നതായി. നിരാശയുടെ പടുകുഴിയിൽ നിൽക്കുന്ന ചുവന്ന ചെകുത്താൻമാർക്ക് പകർന്നുനൽകിയ പുത്തൻ ഊർജ്ജം. വെംബ്ലി ഗ്യാലറിയിൽ യുണൈറ്റഡ് വിഖ്യാത പരിശീലകൻ സർ അലക്‌സ് ഫെർഗൂസനടക്കമുള്ളവരുടെ മതിമറന്നുള്ള ആഘോഷത്തിലുണ്ടായിരുന്നു എത്രമാത്രം ആഗ്രഹിച്ചാണ് ഈ കിരീടമെന്നത്. അങ്ങനെ ഒറ്റ മത്സരംകൊണ്ട് സീറോയിൽ നിന്ന് ഹീറോയിലേക്കുള്ള ടെൻഹാഗിന്റെ പരിവർത്തനം.
അതേസമയം, വരും സീസണിൽ ടെൻഹാഗിനെ പുറത്താക്കി പുതിയ പരിശീലകനെ കൊണ്ടുവരാനുള്ള തയാറെടുപ്പിലാണ് യുണൈറ്റഡ് മാനേജ്‌മെന്റ്. മുൻ ചെൽസി പരിശീലകരായ മൗറീഷ്യോ പൊച്ചെറ്റീനോ, ടോമസ് ടുഹേൽ എന്നിവരെയെല്ലാം പരിഗണിക്കുന്നു. എന്നാൽ ഇത്തരമൊരു നീക്കത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ ആരാധകരുടെ നേതൃത്വത്തിൽ വ്യാപക കാമ്പയിൻ ആരംഭിച്ചു കഴിഞ്ഞു. അടുത്ത സീസണിലും ടെൻഹാഗ് അമരത്ത് വേണമെന്നാണ് യുണൈറ്റഡ് ആരാധകർ ഒന്നടങ്കം ആവശ്യപ്പെടുന്നത്. ഇതിനുള്ള കാരണവും അവർ നിരത്തുന്നു. കഴിഞ്ഞ സീസണിൽ ടീം പൂർണ ഫിറ്റായിരുന്നില്ല. പ്രധാന താരങ്ങളുടെ സേവനം ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെയുള്ള സുപ്രധാന മത്സരങ്ങളിൽ ലഭ്യമായില്ല. ഇതോടെ റെഡ് ഡെവിൾസിന് പ്രതീക്ഷക്കൊത്തുയരാനായില്ല. ഫുൾ സ്‌ക്വാർഡിനെ നൽകി, മാനേജ്‌മെന്റിന്റെ കലവറയില്ലാത്ത പിന്തുണ ലഭിച്ചാൽ അത്ഭുതം തീർക്കാൻ ടെൻഹാഗിന് കഴിയും.
നിങ്ങൾ അയാൾക്ക് കൂടുതൽ സമയം നൽകൂ.. അതുവഴി ഓൾഡ് ട്രഫോർഡിനെ പ്രതാപകാലത്തേക്ക് നയിക്കാൻ ടെൻഹാഗിന് സാധിക്കുമെന്ന് ആരാധകർ ഉറച്ച് വിശ്വസിക്കുന്നു. യുവതാരം കോബി മൈനുവിനടക്കം ആത്മവിശ്വാസം നൽകി എഫ്.എ കപ്പ് കലാശപോരാട്ടത്തിലടക്കം സുപ്രധാന റോളിൽ കളിപ്പിച്ച ടെൻഹാഗിന്റെ തീരുമാനം സിറ്റിക്കെതിരെ വിജയം കണ്ടിരുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടി നിരവധി യുണൈറ്റഡ് ആരാധകരാണ് ടിം ഉടമ ജിം റാക്ടിഫിനും ഇനിയോസ് ഗ്രൂപ്പിനേയും മെൻഷൻ ചെയ്ത് പോസ്റ്റിട്ടത്. വരും ദിവസങ്ങളിൽ ടെൻഹാഗിന്റെ കാര്യത്തിൽ മാനേജ്‌മെന്റ് അന്തിമ തീരുമാനമെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.