ഹാളണ്ട് ഗോളിൽ സിറ്റിക്ക് ജയം; ക്ലൈമാക്സിൽ വില്ലക്ക് പൂട്ടിട്ട് ബോൺമൗത്ത്
|ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിലാണ് ആസ്റ്റൺവില്ലക്കെതിരെ ബോൺമൗത്ത് സമനില പിടിച്ചത്.
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർലീഗിൽ വിജയം തുടർന്ന് മാഞ്ചസ്റ്റർ സിറ്റി. എതിരില്ലാത്ത ഒരു ഗോളിന് സതാംപ്ടണെയാണ് വീഴ്ത്തിയത്. മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ എർലിങ് ഹാളണ്ടാണ് വലകുലുക്കിയത്. ജയത്തോടെ ലിവർപൂളിനെ മറികടന്ന് സിറ്റി പോയന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി. സ്വന്തം തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ തുടക്കം മുതൽ ആക്രമിച്ച് കളിച്ച നീലപട എതിർബോക്സിലേക്ക് നിരന്തരം ഇരമ്പിയെത്തി. അഞ്ചാം മിനിറ്റിൽ മത്തേയൂസ് ന്യൂനസ് ബോക്സിലേക്ക് ചിപ്പ്ചെയ്ത് നൽകിയ പന്ത് കൃത്യമായി സ്വീകരിച്ച നോർവീജിയൻ സ്ട്രൈക്കർ ലക്ഷ്യത്തിലെത്തിച്ചു.
തൊട്ടടുത്ത മിനിറ്റുകളിലും ആതിഥേയർ മുന്നേറിയെങ്കിലും അരോൺ രാംസഡൈലിന്റെ മികച്ച സേവുകൾ സതാംപ്ടണിന്റെ രക്ഷക്കെത്തി. സിറ്റിക്കെതിരെ അറ്റാക്ക് ചെയ്ത് കളിച്ച സതാംപ്ടൺ കൗണ്ടർ അറ്റാക്കിലൂടെ പലപ്പോഴും ഭീഷണിയുയർത്തി. അവസാന മിനിറ്റുകളിൽ സിറ്റിയെ വിറപ്പിച്ച ശേഷമാണ് സന്ദർശകർ കീഴടങ്ങിയത്.
മറ്റൊരു മാച്ചിൽ ലാസ്റ്റ്മിനിറ്റ് ഡ്രാമയിൽ സമനില വഴങ്ങി ആസ്റ്റൺ വില്ല. റോസ് ബാർക്ക്ലിയിലൂടെ 76ാം മിനിറ്റിൽ മുന്നിലെത്തിയ വില്ലക്കെതിരെ 90+6ാം മിനിറ്റിൽ എവനിൽസനിലൂടെ ബോൺമൗത്ത് ആവേശ സമനില പിടിക്കുകയായിരുന്നു. കഴിഞ്ഞ മാച്ചിൽ ആർസനലിനെ തോൽപിച്ചും ബോൺമൗത്ത് കരുത്ത് കാണിച്ചിരുന്നു. അത്യന്തം ആവേശകരമായ മത്സരത്തിൽ ഇസ്പിച് ടൗണിനെ ഇഞ്ചുറി ടൈം ഗോളിൽ ബ്രെൻഡ്ഫോർഡ് തോൽപിച്ചു. മൂന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു ബ്രെൻഡ്ഫോർഡിന്റെ ജയം. മത്സരം 3-3 സമനിലയിൽ നിൽക്കെ 90+6 മിനിറ്റിലാണ് ബ്രയാൻ എംബ്യൂമോ വിജയഗോൾ നേടിയത്. ബ്രൈട്ടൻ-വോൾവ്സ് മത്സരം സമനിലയിൽ കലാശിച്ചു. ഇരുടീമുകളും രണ്ട് ഗോൾവീതം നേടി.