Football
കളിക്കണമെന്നുണ്ട്, പക്ഷേ... എറിക്‌സന്റെ കരാർ റദ്ദാക്കാനൊരുങ്ങി ഇന്റർമിലാൻ
Football

കളിക്കണമെന്നുണ്ട്, പക്ഷേ... എറിക്‌സന്റെ കരാർ റദ്ദാക്കാനൊരുങ്ങി ഇന്റർമിലാൻ

André
|
15 Dec 2021 9:11 AM GMT

ഇറ്റലിയിലെ ഈ നിയമം പക്ഷേ, ഡാനിഷ് താരത്തിന്റെ കരിയർ അവസാനിപ്പിച്ചേക്കില്ല

യൂറോ കപ്പ് മത്സരത്തിനിടെ മൈതാനത്ത് കുഴഞ്ഞുവീണതിനു ശേഷം പ്രൊഫഷണൽ ഫുട്‌ബോളിലേക്ക് തിരിച്ചുവരാൻ ശ്രമിക്കുന്ന ഡെൻമാർക്ക് മിഡ്ഫീൽഡർ ക്രിസ്റ്റ്യൻ എറിക്‌സന് തിരിച്ചടി. ആഴ്ചകൾ നീണ്ട ആശുപത്രി വാസത്തിനും ചികിത്സകൾക്കും ശേഷം എറിക്‌സൻ പരിശീലനം തുടങ്ങിയെങ്കിലും 29-കാരനുമായുള്ള കരാർ റദ്ദാക്കാനൊരുങ്ങുകയാണ് ഇറ്റാലിയൻ ഭീമന്മാരായ ഇന്റർ മിലാൻ.

ഹൃദയശസ്ത്രക്രിയക്കു ശേഷം ശരീരത്തിനുള്ളിൽ ഘടിപ്പിച്ച 'ഇംപ്ലാന്റബിൾ കാർഡിയോവെർട്ടർ ഡെഫിബ്രിലേറ്റർ' (ഐ.സി.ഡി) വെച്ച് കളിക്കാൻ താരങ്ങളെ അനുവദിക്കില്ലെന്ന നിയമമാണ് താരത്തിന്റെ സീരി എ കരിയറിന് തിരശ്ശീലയിടുന്നത്. പരസ്പര ധാരണയോടെ കരാർ ഉടൻ റദ്ദാക്കുമെന്ന് ഇറ്റാലിയൻ മാധ്യമം ഗസറ്റയെ ഉദ്ധരിച്ച് പ്രമുഖ ഫുട്‌ബോൾ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ ട്വീറ്റ് ചെയ്തു.


മെയ് 25-ന് ഐസ്‌ലാന്റിനെതിരായ യൂറോ കപ്പ് മത്സരത്തിന്റെ 42-ാം മിനുട്ടിലാണ് ഒരു ത്രോ ഇൻ സ്വീകരിക്കാൻ ശ്രമിക്കുന്നതിനിടെ എറിക്‌സൻ ടച്ച് ലൈനിന് സമീപം കുഴഞ്ഞുവീണത്. അടിയന്തര മെഡിക്കൽ സഹായം ലഭ്യമാക്കിയതിനെ തുടർന്ന് താരത്തിന്റെ ജീവൻ രക്ഷിക്കാനായി. എറിക്‌സന് മൈതാനത്തുവെച്ച് ഹൃദയാഘാതമുണ്ടായതായി ഡെൻമാർക്ക് ടീം ഡോക്ടർ മോർട്ടൻ ബോസൻ പിന്നീട് സ്ഥിരീകരിച്ചു. മൂന്നാഴ്ചക്കു ശേഷമാണ് താരത്തിന്റെ ശരീരത്തിൽ ഡെബിബ്രിലേറ്റർ ഘടിപ്പിച്ചത്. ജൂൺ 18-ന് വിജയകരമായ ശസ്ത്രക്രിയക്കു ശേഷം എറിക്‌സൻ ആശുപത്രി വിട്ടു.

രണ്ടാഴ്ച മുമ്പാണ് കൗമാരകാലത്ത് താൻ കളിച്ചിരുന്ന ഡെൻമാർക്കിലെ ഒഡെൻസ് ബോൾഡ്ക്ലബ്ബിൽ ക്രിസ്റ്റിയൻ എറിക്‌സൻ പരിശീലനം ആരംഭിച്ചത്. ഇങ്ങോട്ട് സമീപിച്ചപ്പോഴാണ് പരിശീലനത്തിനുള്ള സൗകര്യമൊരുക്കിയതെന്നും താരം ആത്മവിശ്വാസത്തോടെ ട്രെയിനിങ്ങിൽ പങ്കെടുക്കുന്നുണ്ടെന്നും ക്ലബ്ബ് വക്താവ് അറിയിച്ചു.

ഐ.സി.ഡി ശരീരത്തിലുണ്ടായിരിക്കെ സീരി എ മത്സരങ്ങളിൽ പങ്കെടുക്കാൻ സാധിക്കാത്തതിനാൽ എറിക്‌സനെ ക്ലബ്ബ് വിടാൻ അനുവദിക്കുമെന്ന് ഇന്റർ മിലാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഉപകരണം ശരീരത്തിലുണ്ടാകുന്നത് സീരി എ ഫിറ്റ്‌നസ് ചട്ടങ്ങൾക്ക് എതിരാണ്. അതേസമയം, ഹൃദയാഘാതത്തിനു ശേഷം എറിക്‌സന്റെ ഹൃദയമിടിപ്പ് നിയന്ത്രിക്കുന്നതിന് ഐ.സി.ഡി ആവശ്യമാണെന്നാണ് ഡോക്ടർമാർ പറയുന്നത്.


ഡാലി ബ്ലിൻഡ്

ഡാലി ബ്ലിൻഡ്

അതേസമയം, ഐ.സി.ഡി ശരീരത്തിലുണ്ടായിരിക്കെ കളിക്കാൻ അനുവദിക്കുന്ന ലീഗുകളും ഉണ്ടെന്നതിനാൽ എറിക്‌സന്റെ പ്രൊഫഷണൽ ഫുട്‌ബോൾ കരിയറിന് അവസാനമാകാൻ ഇടയില്ല. ഡച്ച് ക്ലബ്ബ് അയാക്‌സിൽ എറിക്‌സന്റെ സഹതാരമായിരുന്ന ഡാലി ബ്ലിൻഡ് ശരീരത്തിൽ ഐ.സി.ഡിയുമായാണ് കളിക്കുന്നത്. 2020-ൽ ഹെർത്ത ബെർലിനെതിരായ മത്സരത്തിൽ കുഴഞ്ഞു വീണതിനെ തുടർന്നാണ് ഡച്ച് താരത്തിന്റെ ശരീരത്തിൽ ഉപകരണം ഘടിപ്പിച്ചത്. എറിക്‌സൻ കുഴഞ്ഞു വീണതിന്റെ പിറ്റേന്ന് നടന്ന യൂറോകപ്പ് മത്സരത്തിൽ ഉക്രെയ്‌നെതിരെ ബ്ലിൻഡ് കളിച്ചിരുന്നു. നിലവിൽ അയാക്‌സിന്റെ താരമാണ് ബ്ലിൻഡ്.

എറിക്‌സന്റെ സാഹചര്യം സംബന്ധിച്ച് അയാക്‌സ് അന്വേഷണം നടത്തിയിട്ടുണ്ടെന്നും മുൻ ക്ലബ്ബിലേക്ക് മടങ്ങാൻ അവസരമുണ്ടായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഡെൻമാർക്കിലെ ചില ക്ലബ്ബുകളും താരത്തിന് അവസരം നൽകാനൊരുക്കമാണ്.

(Christian Eriksen and Inter could soon terminate the current contract by mutual agreement - the expectation is now clear, Gazzetta confirms today)

Related Tags :
Similar Posts