റൊണാൾഡോ 0, മെസ്സി 8, ഹാളണ്ട് 25; ചാമ്പ്യൻസ് ലീഗിൽ തകർത്തടിച്ച് സിറ്റി സ്ട്രൈക്കര്‍
|മാഞ്ചസ്റ്റർ സിറ്റിക്കായി പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലും അരങ്ങേറ്റ മത്സരത്തില്‍ ഗോൾ നേടുന്ന ആദ്യ താരമാണ് ഹാളണ്ട്
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മിന്നും പ്രകടനം യുവേഫ ചാമ്പ്യൻസ് ലീഗിലും തുടർന്ന് മാഞ്ചസ്റ്റർ സിറ്റിയുടെ നോർവീജിയൻ സ്‌ട്രൈക്കർ എർലിങ് ഹാളണ്ട്. വ്യാഴാഴ്ച രാത്രി സെവിയ്യയ്‌ക്കെതിരെ ഇരട്ടഗോൾ നേടിയതോടെ ലോകത്തെ ഏറ്റവും കടുപ്പമേറിയ ലീഗിൽ വേഗത്തിൽ 25 ഗോൾ എന്ന നേട്ടം സ്വന്തമാക്കുന്ന താരമായി ഹാളണ്ട്.
20 മത്സരങ്ങളിൽനിന്നാണ് ഹാളണ്ടിന്റെ നേട്ടം. ചാമ്പ്യൻസ് ലീഗിലെ ഗോൾവേട്ടക്കാരനായ ക്രിസ്റ്റിയാനോ റൊണോൾഡോ തന്‍റെ ആദ്യ 20 മത്സരങ്ങളിൽ നിന്ന് ഗോളൊന്നും നേടിയിരുന്നില്ല. ലയണൽ മെസ്സി ഇത്രയും മത്സരങ്ങളിൽനിന്ന് എട്ടു ഗോളാണ് സ്വന്തമാക്കിയിരുന്നത്. സിറ്റിക്ക് മുമ്പ് ബോറൂസിയ ഡോട്മുണ്ടിനും ആർബി സാൽസ്ബർഗിനും വേണ്ടിയാണ് ഹാളണ്ട് ചാമ്പ്യൻസ് ലീഗിൽ ബൂട്ടുകെട്ടിയിട്ടുള്ളത്.
മാഞ്ചസ്റ്റർ സിറ്റിക്കായി പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലും അരങ്ങേറ്റ മത്സരത്തില്‍ ഗോൾ നേടുന്ന ആദ്യ താരമാണ് ഹാളണ്ട്. ഫെർണാണ്ടോ മോറിയന്റസ്, ഹാവിയർ സാവിയോള, സ്ലാറ്റൻ ഇബ്രാഹിമോവിച്ച് എന്നിവർക്ക് ശേഷം യുവേഫ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ മൂന്ന് വ്യത്യസ്ത ടീമുകൾക്കായി (സാൽസ്ബർഗ്, ബൊറൂസിയ ഡോർട്ട്മുണ്ട്, മാഞ്ചസ്റ്റർ സിറ്റി) ആദ്യമായി ഗോൾ നേടുന്ന നാലാമത്തെ കളിക്കാരൻ കൂടിയാണ് ഹാളണ്ട്.
ഇരുപത്തിരണ്ടുകാരനെ ടീമിൽ എത്തിക്കാനായി മാഞ്ചസ്റ്റർ സിറ്റി ചെലവഴിച്ചത് 51 മില്യൺ ഡോളറാണ്. ബൊറൂസിയ ഡോർട്മുണ്ടിനായി 88 മത്സരങ്ങളിൽ നിന്നും 85 ഗോളുകൾ നേടിയ ഹാളണ്ടിനെ സിറ്റി ടീമിൽ എത്തിച്ചതിലൂടെ സമീപകാല ചരിത്രത്തിലെ ഏറ്റവും മികച്ച വില ട്രാൻസ്ഫറുകളിൽ ഒന്നിനാണ് ഫുട്‌ബോൾ ലോകം സാക്ഷ്യം വഹിച്ചത്.
ക്ലബ്ബിനായി എട്ട് മത്സരങ്ങളിൽ നിന്ന് 12 ഗോളുകളാണ് നോർവീജിയൻ ഇന്റർനാഷണൽ ഫോർവേഡ് ഇതുവരെ നേടിയത്. സിറ്റിക്കായി രണ്ട് ലീഗ് ഹാട്രിക്കുകൾ നേടാൻ മുൻ സ്ട്രൈക്കർ സെർജിയോ അഗ്യൂറോയ്ക്ക് മൂന്ന് വർഷത്തിലേറെയും നൂറോളം മത്സരങ്ങളുമാണ് വേണ്ടിവന്നത്. എന്നാൽ ഒരു മാസത്തിനുള്ളിൽ ഹാളണ്ട് അതു നേടിയെടുത്തു. നോട്ടിങ്ഹാം ഫോറസ്റ്റിനെതിരെയും ക്രിസ്റ്റൽ പാലസിനെതിരെയുമായിരുന്നു ആ ഹാട്രിക്കുകൾ. ഒരു കളിയിൽ മാത്രമാണ് താരം 90 മിനിറ്റ് കളത്തിലുണ്ടായിരുന്നത്.