Football
ആദ്യ ക്വാർട്ടറിൽ സ്വിറ്റ്‌സർലാൻഡിനെ വീഴ്ത്തി; സെന്റ് പീറ്റേഴ്‌സ്ബർഗിൽ സ്പാനിഷ് മസാല
Football

ആദ്യ ക്വാർട്ടറിൽ സ്വിറ്റ്‌സർലാൻഡിനെ വീഴ്ത്തി; സെന്റ് പീറ്റേഴ്‌സ്ബർഗിൽ സ്പാനിഷ് മസാല

Web Desk
|
2 July 2021 7:03 PM GMT

പെനാൽറ്റി ഷൂട്ടൗട്ടിലാണ് സ്പെയിനിന്‍റെ ജയം

സെന്റ്പീറ്റേഴ്‌സ്ബർഗ്: അടിമുടി നാടകീയത നിറഞ്ഞ യൂറോ കപ്പിലെ ആദ്യ ക്വാർട്ടർ ഫൈനലിൽ സ്‌പെയിനിന്റെ വിജയച്ചിരി. ഇഞ്ചോടിഞ്ച് പൊരുതി നിന്ന സ്വിറ്റ്‌സർലാൻഡിനെ പെനാൽറ്റി ഷൂട്ടൗട്ടിലാണ് (3-1) സ്‌പെയിൻ തോൽപ്പിച്ചത്. 90 മിനിറ്റിലും അധികസമയത്തും ഓരോ ഗോൾ വീതം അടിച്ച് ഇരുനിരകളും തുല്യത പാലിച്ചതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.

സ്വിസ് നിരയിൽ ഫാബിയൻ ഷാർ, മാനുവൽ അകാൻജി, റൂബൻ വർഗാസ് എന്നിവർ പെനാൽറ്റി പാഴാക്കി. രണ്ടു കിക്കുകള്‍ തടുത്തിട്ട സ്പാനിഷ് ഗോളി ഉനായ് സൈമണാണ് സ്പെയിനിന്‍റെ ഹീറോ. സ്‌പെയിനിനായി കിക്കെടുത്ത ബുസ്‌ക്വെറ്റ്‌സിനും റോഡ്രിക്കും പിഴച്ചു. എന്നാൽ ഡാനി ഒൽമോയും മൊറേനോയും ഒയർസബാലും ലക്ഷ്യം കണ്ടതോടെ വിജയം സ്‌പെയിനിന്റെ കൂടെ നിന്നു.

എട്ടാം മിനിറ്റിൽ ഓൺഗോളിലൂടെയാണ് സ്‌പെയിൻ മുമ്പിലെത്തിയത്. 69-ാം മിനിറ്റിൽ ക്യാപറ്റൻ ഷാഖിരിയുടെ ഗോളിലൂടെ സ്വിറ്റ്‌സർലാൻഡ് മത്സരത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. സ്‌പെയിനിന് അനുകൂലമായി ലഭിച്ച മത്സരത്തിലെ ആദ്യ കോർണറാണ് ഗോളിന് വഴിവച്ചത്. കോക്കെ എടുത്ത കോർണർ ബോക്‌സിന് പുറത്തുണ്ടായിരുന്ന ജോർഡി ആൽബയുടെ കാലിൽ. ആൽബ തൊടുത്ത ലോങ്‌റേഞ്ചർ സ്വിസ് താരം സാക്കറിയയുടെ കാലിൽ തട്ടി വലയിൽ കയറുകയായിരുന്നു.

ഗോൾ മുഖത്തേക്കടിച്ച ആദ്യ ഷോട്ട് തന്നെ ഗോളായതിന്റെ ആവേശത്തിൽ സ്‌പെയിൻ നിരന്തരം സ്വിസ് ഗോൾ മുഖത്ത് റെയ്ഡ് നടത്തി. 17-ാം മിനിറ്റിൽ എതിർബോക്‌സിന് തൊട്ടുമുമ്പിൽ വച്ച് സ്‌പെയിനിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചെങ്കിലും അതു മുതലാക്കാനായില്ല. കോക്കെ എടുത്ത കിക്ക് ക്രോസ്ബാറിനു മുകളിലൂടെ പറന്നകലുകയായിരുന്നു.


അതിനിടെ, സ്‌ട്രൈക്കർ ബ്രീൽ എംബോളോ പരിക്കേറ്റു മടങ്ങിയത് സ്വിറ്റ്‌സർലാൻഡിന് തിരിച്ചടിയായി. റൂബൻ വർഗാസാണ് പകരമായി എത്തിയത്. 25-ാം മിനിറ്റിൽ ലീഡ് നേടാൻ അസ്പിലിക്യൂട്ടയ്ക്ക് മികച്ച അവസരം കിട്ടിയെങ്കിലും താരത്തിന്റെ ഹെഡർ നേരെ ഗോൾകീപ്പറുടെ കൈയിലേക്കായിരുന്നു. സ്പാനിഷ് മുന്നേറ്റങ്ങൾക്കിടെ ഷാഖിരിയും സെഫറോവിച്ചും ചേർന്ന് ചില നീക്കങ്ങൾ നടത്തിയെങ്കിലും സ്പാനിഷ് പ്രതിരോധം അതിനെല്ലാം തടയിട്ടു.

രണ്ടാം പകുതിയുടെ ആരംഭത്തിലും സ്‌പെയിൻ വ്യക്തമായ ആധിപത്യം പുലർത്തി. 60-ാം മിനിറ്റിൽ സ്‌പെയിനിന്റെ മികച്ച മുന്നേറ്റം കണ്ടു. ബോക്‌സിൽ വച്ച് പന്ത് ചെസ്റ്റ് ട്രാപ്പിൽ ചെയ്ത് ഫെറാൻ ടോറസ് ബൈസിക്കിൾ കിക്കിലൂടെ പന്ത് വലയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും സ്വിസ് പ്രതിരോധം തടയിട്ടു.

സ്പാനിഷ് ആക്രമണങ്ങൾക്കിടെ 64-ാം മിനിറ്റിൽ സ്റ്റീവൻ സുബറിന്റെ മികച്ച മുന്നേറ്റം പണിപ്പെട്ടാണ് സ്‌പെയിൻ ഗോളി തടഞ്ഞിട്ടത്. 69-ാം മിനിറ്റിൽ സ്വിസ് അധ്വാനത്തിന് ഫലം കിട്ടി. സ്‌പെയിൻ പ്രതിരോധ നിരയുടെ പിഴവിൽ നിന്നായിരുന്നു ഗോൾ. പാവു ടോറസും ലപോർട്ടെയും വരുത്തിയ പിഴവിൽ പന്തു വീണുകിട്ടിയത് റെമോ ഫ്ര്യൂളർക്ക്. റെമോ പന്ത് ബോക്‌സിലേക്ക് ഓടിക്കയറിയ ക്യാപ്റ്റൻ ഷാഖിരിക്ക് മറിച്ചു. ഗോൾ കീപ്പർ ഉനായ് സൈമണെ നിസ്സഹായനാക്കി പന്ത് വലയിൽ. സ്‌കോർ (1-1)

അതിനിടെ, ജെറാഡ് മൊറേനോയെ അപകടരമായി ഫൗൾ ചെയ്തതിന് 77-ാം മിനിറ്റിൽ ഫ്ര്യൂളർ ചുവപ്പുകാർഡ് കണ്ടു പുറത്തുപോയി. കളത്തിൽ ഒരാളെ നഷ്ടമായതിനു പിന്നാലെ, കോച്ച് പെറ്റ്‌കോവിച്ച് 80-ാം മിനിറ്റിൽ ക്യാപ്റ്റൻ ഷാഖിരിയെയും സെഫറോവിച്ചിനെയും സ്വിസ് കോച്ച് പിൻവലിച്ചു. മരിയോ ഗാവ്രനോവിച്ചും ജിബ്രിൽ സോയുമാണ് പകരമെത്തിയത്. മത്സരത്തിന്റെ അവശേഷിക്കുന്ന പത്തു മിനിറ്റിൽ സ്‌പെയിൻ ലീഡ് നേടാനായി കിണഞ്ഞു ശ്രമിച്ചെങ്കിലും സ്വിസ് പ്രതിരോധം പിടിച്ചു നിന്നു.

അധിക സമയത്തും സ്‌പെയിനിന് തന്നെയായിരുന്നു മേധാവിത്വം. മുന്നേറ്റനിര നിരന്തരം സ്വിസ് ബോക്‌സിൽ റെയ്ഡ് നടത്തിയെങ്കിലും ഗോൾ കീപ്പർ ഉനായ് സൈമണെ മാത്രം മറികടക്കാനായില്ല.

Similar Posts