Football
യൂറോകപ്പിലെ അഞ്ച് വിവാദങ്ങൾ
Football

യൂറോകപ്പിലെ അഞ്ച് വിവാദങ്ങൾ

Web Desk
|
12 July 2021 4:15 PM GMT

മറ്റേത് ഫുട്ബോൾ ടൂർണമെന്റും പോലെ ഈ വർഷത്തെ യൂറോയും വിവാദങ്ങളിൽ നിന്നും മുക്തമായിരുന്നില്ല

ഭാഗ്യ നിർഭാഗ്യങ്ങൾ മാറിമറിഞ്ഞ പോരാട്ടങ്ങൾക്കൊടുവിൽ ഫൈനലിൽ ഇംഗ്ലണ്ടിനെ പെനാൽറ്റിയിൽ തോൽപ്പിച്ച് ഇറ്റലി യൂറോ 2020 കിരീടം നേടി. വന്മരങ്ങളുടെ വീഴ്ചയും ചെറുമീനുകളുടെ കുതിപ്പും ഈ യൂറോയിലും നാം കണ്ടു. മറ്റേത് ഫുട്ബോൾ ടൂർണമെന്റും പോലെ ഈ വർഷത്തെ യൂറോയും വിവാദങ്ങളിൽ നിന്നും മുക്തമായിരുന്നില്ല. ഈ വർഷത്തെ യൂറോയിലെ അഞ്ച് പ്രധാന വിവാദങ്ങൾ ഇവയാണ്:


1. ഡെന്മാർക്കിനെതിരെ ഇംഗ്ലണ്ടിന്റെ പെനാൽറ്റി

ഇംഗ്‌ളണ്ടും ഡെന്മാർക്കും തമ്മിലുള്ള സെമി ഫൈനൽ മത്സരം. നിശ്ചിത തൊണ്ണൂറു മിനുട്ടിൽ ഇരുടീമുകളും ഓരോ ഗോൾ നേടി സമനിലയിൽ പിരിഞ്ഞതിനെ തുടർന്ന് എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിന്റെ പതിനാലാം മിനുട്ടിലാണ് ഹാരി കേൻ നേടിയ പെനാൽറ്റി ഗോളിൽ ഇംഗ്ലണ്ട് വിജയം സ്വന്തമാക്കി ഫൈനലിലേക്ക് മുന്നേറിയത്.

പന്തുമായി കുതിച്ച റഹീം സ്റ്റെർലിംഗിനെ ബോക്‌സിനുള്ളിൽ ഡെൻമാർക്ക് പ്രതിരോധ താരം വീഴ്ത്തിയതിനെ തുടർന്നാണ് റഫറി പെനാൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടിയത്. എന്നാൽ റീപ്ലെകളിൽ വളരെ മിനിമം കോണ്ടാക്റ്റ് മാത്രമേ റഹീം സ്റ്റെർലിംഗിനെതിരെ ഉണ്ടായിട്ടുള്ളൂ എന്നത് വ്യക്തമായിരുന്നു. റഫറിയോട് തീരുമാനം പുനപരിശോധിക്കാൻ വീഡിയോ റഫറി ആവശ്യപ്പെടാതിരുന്നത് വിവാദമായി.


2. ഡാനിഷ് ദേശീയ ഗാനത്തെ നിന്ദിച്ച് ഇംഗ്ലണ്ട് ആരാധകർ

ഇംഗ്‌ളണ്ടും ഡെന്മാർക്കും തമ്മിലുള്ള അതേ സെമിഫൈനൽ മത്സരം. മത്സരം തുടങ്ങുന്നതിന് മുൻപ് ഡാനിഷ് ദേശീയ ഗാനം സ്റ്റേഡിയത്തിൽ ആലപിക്കപ്പെട്ടപ്പോൾ കാണികൾ അതിനെ പരിഹസിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പ്രമുഖരടക്കം ഒരുപാട് പേരാണ് ഇംഗ്ലീഷ് ആരാധകരുടെ പെരുമാറ്റത്തെ വിമർശിച്ച് രംഗത്ത് വന്നത്.


3. ക്രിസ്റ്റ്യാന്യോ റൊണാൾഡോയും കൊക്കകോളയും

യൂറോ 2020 ലെ പോര്‍ച്ചുഗലിന്‍റെ കന്നി മത്സരത്തിന് മുന്നോടിയായി പരിശീലകൻ ഫെർണാണ്ടോ സാന്റോസിനൊപ്പം ടീമിന്റെ വാർത്താ സമ്മേളനത്തിന് എത്തിയതായിരുന്നു ക്രിസ്റ്റ്യാനോ. സംസാരം തുടങ്ങുന്നതിന് മുന്നായി തനിക്ക് മുമ്പിൽ വെച്ചിരുന്ന കോള എടുത്ത് മാറ്റിയ താരം, കുടിവെള്ളം ഉയര്‍ത്തി കാട്ടി എല്ലാവരോടും വെള്ളം കുടിക്കാൻ ആവശ്യപ്പെടുകയായിരുന്നു. മുൻപും നിലപാടുകളുടെ പേരിൽ ശ്രദ്ധേയനായിരുന്നു യുവന്റസിന്റെ പോർച്ചു​ഗൽ താരം.

ജങ്ക് ഫുഡുകൾക്കെതിരെ നേരത്തെയും ക്രിസ്റ്റ്യാനോ പരസ്യമായി തന്നെ നിലപാട് എടുത്തിരുന്നു. തന്റെ മകന്റെ ജങ്ക് ഫുഡ് ഭ്രമത്തെ കുറിച്ച് സംസാരിച്ച താരം, അക്കാര്യത്തിൽ താൻ കർക്കശക്കാരനാണെന്ന് പറയുകയുണ്ടായി. അവൻ ചിലപ്പോൾ കോളയും ഫാന്റയും പായ്ക്കറ്റ് സ്നാക്കുകളും കഴിക്കാറുണ്ടെന്നും, തനിക്ക് അത് ഇഷ്ടമുള്ള കാര്യമല്ലെന്ന് അവന് അറിയാമെന്നും ക്രിസ്റ്റ്യാനോ പറഞ്ഞിരുന്നു.


4. ഇംഗ്ലണ്ട് ആരാധകരുടെ വംശീയത

യൂറോ കപ്പ് ഫൈനലിൽ ഇറ്റലിയോട് തോറ്റതിന് പിന്നാലെയാണ് ഇംഗ്ലീഷ് താരങ്ങള്‍ക്ക് നേരെ വംശീയാധിക്ഷേപം. ബുകയോ സാക, ജേഡൻ സാഞ്ചോ, മാർക്കാ റാഷ്ഫോർഡ് എന്നിവർക്ക് നേരെയാണ് സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ വംശീയാധിക്ഷേപം നടത്തുന്നത്. ഈ മൂന്ന് താരങ്ങളും പെനാൾട്ടി നഷ്ടമാക്കിയിരുന്നു. സാകയ്ക്ക് 19 വയസ്സും, സാഞ്ചോക്ക് 21 വയസ്സും റാഷ്ഫോർഡിന് 23 വയസ്സുമാണ് ഉള്ളത്.

സോഷ്യൽ മീഡിയയിൽ ഇംഗ്ലണ്ട് കളിക്കാരെ ലക്ഷ്യം ​വെച്ചുള്ള വംശീയാധിക്ഷേപങ്ങളെ ഇംഗ്ലീഷ്​ ഫുട്​ബാൾ അസോസിയേഷൻ ശക്​തമായി അപലപിച്ചു. ഇത്തരം മ്ലേച്ചമായ കാര്യങ്ങൾക്ക്​ പിന്നിൽ പ്രവർത്തിച്ചവർക്ക്​ ഏറ്റവും കഠിന ശിക്ഷ ലഭിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും ഞങ്ങളുടെ താരങ്ങളെ പരിപൂർണമായി പിന്തുണക്കുമെന്നും എഫ്​.എ പ്രസ്​താവനയിൽ വ്യക്തമാക്കി.




5. എറിക്‌സൺ മൈതാനത്തിൽ കുഴഞ്ഞ് വീണ മത്സരം തുടരാൻ ഡെന്മാർക്കിനെ നിർബന്ധിച്ച് യുവേഫ

ഫിൻലൻഡിനെതിരെയുള്ള മത്സരത്തിനിടെ ക്രിസ്റ്റ്യൻ എറിക്സൻ ഗ്രൗണ്ടിൽ കുഴഞ്ഞ് വീണത് ഈ യൂറോയിലെ വേദനിപ്പിക്കുന്ന ഓർമകളിൽ ഒന്നാണ്. എന്നാൽ എറിക്സൻ ഗ്രൗണ്ടിൽ കുഴഞ്ഞു വീണതിന് പിന്നാലെ നിർത്തിവെച്ച മത്സരം ഡെന്മാർക്ക് പുനരാരംഭിച്ചത് യുവേഫ ഭീഷണിയെ തുടർന്നായിരുന്നുവെന്ന് ആരോപണം. കളി തുടര്‍ന്നില്ലെങ്കില്‍ ഡെന്മാർക്കിനെ 3-0 ന് തോൽപ്പിക്കുമെന്ന് യുവേഫ ഭീഷണിപ്പെടുത്തിയെന്നും അങ്ങനെയാണ് ഫിൻലൻഡിനെതിരെ ഡാനിഷ് താരങ്ങൾ കളിക്കാനിറങ്ങിയതെന്നും അവരുടെ മുൻ ഗോൾകീപ്പറായ പീറ്റർ ഷ്മൈക്കൽ. ഗ്രൗണ്ടിൽ കുഴഞ്ഞു വീണ ക്രിസ്റ്റ്യൻ എറിക്സനെ ആശുപത്രിയിലേക്ക് കൊണ്ടു പോയതിന് ശേഷവും ഡെന്മാർക്ക് കളത്തിലിറങ്ങിയത് മറ്റ് വഴികളൊന്നുമില്ലാതിരുന്നതിനാലാണ്, മത്സരം പുനരാരംഭിക്കാൻ തയ്യാറായില്ലെങ്കിൽ പരാജയം ഏറ്റുവാങ്ങേണ്ടി വരുമെന്ന യുവേഫയുടെ ഭീഷണിക്ക് മുന്നിലാണ് ടീം കളിക്കാൻ നിർബന്ധിതരായെതെന്ന് ഷ്മൈക്കൽ ആരോപിച്ചു.

Related Tags :
Similar Posts