യൂറോയിൽ ഇനി നോക്കൗട്ട് പൂരം; നടക്കാനിരിക്കുന്നത് ഗ്ലാമർ പോരാട്ടങ്ങൾ
|ലോക റാങ്കിങ്ങിലെ ഒന്നാമൻമാരായ ബെൽജിയവും നിലവിലെ യൂറോ ചാമ്പ്യൻമാരായ പോർച്ചുഗലും ഞായറാഴ്ച ഏറ്റുമുട്ടും
യൂറോ കപ്പ് പ്രീക്വാർട്ടർ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. വെയിൽസും ഡെൻമാർക്കും തമ്മിലാണ് ആദ്യപോരാട്ടം. രാത്രി പന്ത്രണ്ടരക്ക് നടക്കുന്ന മത്സരത്തിൽ ഇറ്റലി ഓസ്ട്രിയയെ നേരിടും. ആറ് ഗ്രൂപ്പുകളിലെ ഒന്നും രണ്ടും സ്ഥാനക്കാരും. ഏറ്റവും മികച്ച നാല് മൂന്നാം സ്ഥാനക്കാരുമാണ് നോക്കൗട്ട് റൌണ്ടില്‍ ഏറ്റുമുട്ടുക. വെയിൽസും-ഡെൻമാർക്കും നേര്‍ക്കുനേര്‍ വരുന്ന പ്രീക്വാര്‍ട്ടര്‍ മത്സരം നാളെ രാത്രി ഒമ്പതരക്കാണ് നടക്കുന്നത്. ആദ്യരണ്ട് മത്സരങ്ങളില്‍ തോൽവി വഴങ്ങി ഗ്രൂപ്പില്‍ പിന്നില്‍ നിന്ന ശേഷം റഷ്യയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്താണ് ഡെൻമാർക്കിന്റെ തിരിച്ചു വരവ്. അതേസയം ഇറ്റലിക്ക് പിന്നിൽ രണ്ടാംസ്ഥാനക്കാരായാണ് വെയിൽസ് പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടിയത്.
രണ്ടാം മത്സരത്തിൽ ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളും ജയിച്ച് അപരാജിത കുതിപ്പ് തുടരുന്ന ഇറ്റലിക്ക് ഓസ്ട്രിയയാണ് എതിരാളികൾ. ബെൽജിയം-പോർച്ചുഗല്‍, സ്പെയിൻ-ക്രൊയേഷ്യ, ഇംഗ്ലണ്ട്-ജർമ്മനി പോരാട്ടങ്ങളാണ് പ്രീക്വാർട്ടറിലെ തീപാറുന്ന മത്സരങ്ങൾ.
ഞായറാഴ്ച രാത്രി പന്ത്രണ്ടരയ്ക്കാണ് ലോക റാങ്കിങ്ങിലെ ഒന്നാമൻമാരായ ബെൽജിയവും നിലവിലെ യൂറോ ചാമ്പ്യൻമാരായ പോർച്ചുഗലും ഏറ്റുമുട്ടുക. തിങ്കളാഴ്ച ക്രൊയേഷ്യ -സ്പെയ്നെ നേരിടും. ചൊവ്വാഴ്ചയാണ് ഇംഗ്ലണ്ട്-ജർമ്മനി പോരാട്ടം. നെതർലൻഡ്സിന് ചെക് റിപ്പബ്ലിക്കും ഫ്രാൻസിന് സ്വിറ്റ്സർലൻഡുമാണ് പ്രീ ക്വാർട്ടറിൽ എതിരാളികൾ. ജൂൺ 29ന് രാത്രി നടക്കുന്ന സ്വീഡൻ-ഉക്രൈൻ മത്സരത്തോടെ പ്രീ ക്വാർട്ടർ പൂർത്തിയാകും.