Football
എന്തൊരു ദൂരം! കോവിഡ് കാലത്ത് കറങ്ങി നടക്കുന്ന യൂറോ കപ്പ്
Football

എന്തൊരു ദൂരം! കോവിഡ് കാലത്ത് 'കറങ്ങി നടക്കുന്ന' യൂറോ കപ്പ്

Sports Desk
|
11 Jun 2021 3:03 PM GMT

ഗ്രൂപ്പ് ഘട്ടത്തിൽ പല ടീമുകൾക്കും ആയിരക്കണക്കിന് കിലോമീറ്ററാണ് യാത്ര ചെയ്യേണ്ടത്

അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത് എന്ന മുന്നറിയിപ്പുള്ള കോവിഡ് കാലത്ത് വേദികൾ തമ്മിലുള്ള യാത്രാ ദൈർഘ്യം കൊണ്ട് സവിശേഷമാണ് ഇത്തവണത്തെ യൂറോകപ്പ്. ഗ്ലാസ്‌ഗോയിൽ നിന്ന് ബാകു വരെ... സെവിയ്യയിൽ നിന്ന് സെന്റ്പീറ്റേഴ്‌സ്ബർഗ് വരെ... ഗ്രൂപ്പ് ഘട്ടത്തിൽ മാത്രം പല ടീമുകൾക്കും ആയിരക്കണക്കിന് കിലോമീറ്ററാണ് യാത്ര ചെയ്യേണ്ടത്. 11 രാജ്യങ്ങളിലെ 11 നഗരങ്ങളാണ് ഇത്തവണത്തെ ടൂർണമെന്റിന് വേദിയാകുന്നത്.

ഗ്രൂപ്പ് ഘട്ടത്തിൽ സ്വിറ്റ്‌സർലാൻഡിന് 6,221 മൈലും പോളണ്ടിന് 5,876 മൈലും ബൽജിയത്തിന് 5,690 മൈലുമാണ് യാത്ര ചെയ്യേണ്ടത്. അതേസമയം, ഇംഗ്ലണ്ട്, ഇറ്റലി, സ്‌പെയിൻ, ഹോളണ്ട്, ജർമനി രാഷ്ട്രങ്ങൾക്ക് മിക്ക മത്സരങ്ങളും സ്വന്തം നാട്ടിലാണ്. ആദ്യ മത്സരത്തിനിറങ്ങുന്ന ഇറ്റലിയുടെ ആദ്യ മൂന്നു കളിയും റോമിലെ ഒളിംപികോ സ്‌റ്റേഡിയത്തിലാണ്. ആദ്യ മത്സരത്തിൽ തുർക്കിയെയാണ് റോബർട്ടോ മാൻസിനിയുടെ സംഘം നേരിടുന്നത്.

വെയിൽസ് അവരുടെ ബേസ് ക്യാംപ് ആയി തെരഞ്ഞെടുത്തത് അസർബൈജാനിലെ ബാകുവാണ്. വെയിൽസ് തലസ്ഥാനമായ കാർഡിഫിൽ നിന്ന് ബാകുവിലേക്ക് 2597 മൈൽ ദൂരമാണുള്ളത്. ഗ്രൂപ്പ് ഘട്ടത്തിൽ മാത്രം റോബർട്ടോ പേജിന്റെ സംഘം 4953 കിലോമീറ്ററാണ് പിന്നിടേണ്ടത്. തുർക്കിയും തങ്ങളുടെ ബേസ് ക്യാമ്പായി തെരഞ്ഞെടുത്തിട്ടുള്ളത് ബാകുവാണ്. ഇസ്തംബൂളിൽ നിന്ന് ബാകുവിലേക്കുള്ള ദൂരം 3022 മൈലാണ്.

ഗ്രൂപ്പ് ബിയിൽ ബെൽജിയത്തിന് 5690 മൈലാണ് മൊത്തം സഞ്ചരിക്കേണ്ടത്. റഷ്യയ്‌ക്കെതിരെയുള്ള ആദ്യ മത്സരം കളിക്കാൻ വേണ്ടി മാത്രം ടീമിന് 2370 മൈൽ യാത്ര ചെയ്യണം. ഗ്രൂപ്പ് സിയിൽ 3286 മൈൽ സഞ്ചരിക്കേണ്ട ഓസ്ട്രിയയാണ് ഏറ്റവും വലിയ 'സഞ്ചാരികൾ'. ഗ്രൂപ്പ് ഡിയിൽ ക്രൊയേഷ്യയും (3,694 മൈൽ) ഗ്രൂപ്പ് ഇയിൽ പോളണ്ടും (5876 മൈൽ), ഗ്രൂപ്പ് എഫിൽ ഫ്രാൻസുമാണ് (3,942 മൈൽ) കൂടുതൽ യാത്ര ചെയ്യേണ്ടത്.

Related Tags :
Similar Posts