പോളണ്ടിനെതിരെ ട്രിപ്പിൾ സ്‌ട്രോങ് ഓസ്ട്രിയ; ജയം ഒന്നിനെതിരെ മൂന്ന് ഗോളിന്
|കഴിഞ്ഞ മത്സരത്തിൽ ഫ്രാൻസിനെ വിറപ്പിച്ചു കീഴടങ്ങിയ ടീം പോളണ്ടിനെതിരെയും ഇതേ പ്രകടനം ആവർത്തിച്ചു.
ബെർലിൻ: യൂറോകപ്പിലെ ഗ്രൂപ്പ് ഡി പോരാട്ടത്തിൽ പോളണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് ഓസ്ട്രിയ. തുടരെ രണ്ട് തോൽവി വഴങ്ങിയതോടെ ഗ്രൂപ്പിൽ ലെൻഡോവ്‌സ്‌കിയുടേയും സംഘത്തിന്റേയും നില പരുങ്ങലിലായി. ഓസ്ട്രിയക്കായി ഗ്യാനേത് ത്രൗണർ, ക്രിസ്റ്റഫർ ബോംഗാർട്ട്‌നർ, മാർസൽ സബിസ്റ്റർ എന്നിവർ ഗോൾനേടി. പോളണ്ടിനായി ക്രിസ്റ്റസ് പിയോടെക്ക് ആശ്വാസ ഗോൾകണ്ടെത്തി.
ആദ്യ പകുതിയിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞെങ്കിലും രണ്ടാം പകുതിയിൽ തകർപ്പൻ തിരിച്ചുവരവിലൂടെ ജയവും മൂന്ന് പോയന്റും ഓസ്ട്രിയ പിടിച്ചെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ ഫ്രാൻസിനെ വിറപ്പിച്ചു കീഴടങ്ങിയ ടീം, പോളണ്ടിനെതിരെയും ഇതേ പ്രകടനം ആവർത്തിച്ചു. ഓസ്ട്രിയക്ക് അനുകൂലമായി ലഭിച്ച കോർണറിൽ നിന്നാണ് ആദ്യ ഗോൾ പിറന്നത്. ഫിലിപ് മെന്വെ നൽകിയ ത്രോ പോളണ്ട് പ്രതിരോധത്തിൽ തട്ടി തിരികെതാരത്തിലേക്കുതന്നെയെത്തി. തുടർന്ന് ബോക്‌സിലുണ്ടായിരുന്ന ഗ്യാനോത്തിന് പന്ത് നൽകുകയും ഹെഡ്ഡറിലൂടെ പന്ത് വലയിലാക്കുകയുമായിരുന്നു. 30ാം മിനിറ്റിൽ മറുപടി ഗോളെത്തി.
സ്‌ട്രൈക്കർ ക്രിസ്റ്റഫ് പിയോടെകിന്റെ ഷോട്ട് ഓസ്ട്രിയൻ ഗോൾകീപ്പറെ മറികടന്ന് വലയിൽ കയറി. 67ാം മിനിറ്റിൽ ക്രിസ്റ്റഫർ ബോംഗാർട്ട്‌നറിലൂടെ ഓസ്ട്രിയ വീണ്ടും മുന്നിലെത്തി. 78ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ മാർക്കോ അർനോട്ടോവിച് മൂന്നാം ഗോളും നേടി പട്ടിക പൂർത്തിയാക്കി. പോളിഷ് പ്രതിരോധത്തെ മറികടന്ന് മാർസൽ സബിസ്റ്റർ നടത്തിയ നീക്കം പോളിഷ് കീപ്പർ ഷെസ്‌നി തടയുന്നതിനിടെ സബിസ്റ്റർ നിലത്തുവീഴുകയായിരുന്നു. അവസാന 30 മിനിറ്റിൽ പോളിഷ് സൂപ്പർ താരം ലെവൻഡോവ്‌സ്‌കി കളത്തിലിറങ്ങിയെങ്കിലും ഫലമുണ്ടായില്ല.