'സുവർണ തലമുറയെ കുറിച്ച് മിണ്ടരുത്'; മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിതെറിച്ച് ഡിബ്രുയിനെ
|മികച്ച താരനിരയുമായെത്തിയിട്ടും യൂറോ കപ്പിൽ ബെൽജിയം പ്രീക്വാർട്ടറിൽ പുറത്തായിരുന്നു
അന്നൊരിക്കൽ ബെൽജിയം ടീമിനൊരു സുവർണ തലമുറയുണ്ടായിരുന്നു. ഏതു പൊസിഷനിലും ഒന്നാമത് നിൽക്കുന്ന വർത്തമാനകാല ഫുട്ബോളിലെ മിന്നും താരങ്ങൾ. എന്നാൽ ആ കളിക്കൂട്ടത്തെ നിർഭാഗ്യം നിരന്തരം വേട്ടയാടികൊണ്ടേയിരുന്നു. കിരീടമില്ലാത്ത രാജാക്കൻമാരായി ആ ഗോൾഡൻ ജനറേഷൻ പതുക്കെയങ്ങു മാഞ്ഞുപോയി. പതിറ്റാണ്ടുകൾക്കപ്പുറം ബെൽജിയം ടീം ഇങ്ങനെയാകുമോ ഫുട്ബോൾ ലോകത്ത് അറിയപ്പെടുക.
സമീപകാലത്തെ റെഡ് ഡെവിൾസിന്റെ സമീപനം ഒരിക്കലും പോസിറ്റീവാവിയിരുന്നില്ല. ആദ്യ യൂറോക്കെത്തി ജോർജിയയടക്കമുള്ള ടീമുകൾ വിസ്മയകുതിപ്പ് നടത്തുമ്പോഴാണ് പരാജിതയുടെ ശരീരഭാഷയിലാണ് ആ യൂറോപ്യൻ ടീം കളിയവസാനിപ്പിച്ചത്. അത്ഭുതകുതിപ്പുമായെത്തിയ ടീമുകൾ പിൽകാലത്ത് വിസ്മൃതിയിലേക്ക് മാഞ്ഞുപോകുന്നതും ഒന്നുമില്ലായ്മിൽ നിന്ന് ടീമുകൾ ഉയിർത്തെഴുന്നേൽക്കുന്നതുമെല്ലാം കാൽപന്തിന്റെ വശ്യ സൗന്ദര്യമായി എക്കാലവും നിലനിൽക്കുന്നു.
ജർമനിയിലേക്ക് യൂറോ കളിക്കാനെത്തുമ്പോൾ കെവിൻ ഡിബ്രുയിനെയുടെ നേതൃത്വത്തിൽ ഇറങ്ങിയ ചുവപ്പിന്റെ പോരാളികൾക്ക് തെളിയിക്കാൻ ഒരുപാടുണ്ടായിരുന്നു. 2022 ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ തലതാഴ്ത്തി മടങ്ങേണ്ടിവന്ന നാണക്കേട് മറക്കാൻ വൻകരാപോരിൽ അത്ഭുതങ്ങൾ തീർക്കണം. എന്നാൽ ആദ്യ മാച്ച് തന്നെ പ്രതീക്ഷകൾക്ക് മേൽ സ്ലൊവാക്യൻ ഷോക്ക്. ഒരുഗോളിന്റെ തോൽവി. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മാച്ചിൽ റൊമാനിയയെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്ത് പ്രതിഭയുടെ മിന്നലാട്ടം കാണിച്ചു. എന്നാൽ അവസാനഗ്രൂപ്പ് മാച്ചിൽ ഉക്രൈനോട് ഗോൾരഹിത സമനില. ഒടുവിൽ എല്ലാ ടീമുകളും നാല് പോയന്റ് വീതം നേടിയ ഗ്രൂപ്പ് ഇയിൽ നിന്ന് രണ്ടാംസ്ഥാനക്കാരായി പ്രീക്വാർട്ടറിലേക്ക് കടന്നുകൂടി. നോക്കൗട്ട് മത്സരത്തിൽ എതിരാളികളായത് ഫ്രാൻസ്. അവിടെയും ഗോളടിക്കാൻ മറന്നു. സെൽഫ് ഗോളിൽ വീണ് തലതാഴ്ത്തി മടക്കം.
മോഡേൺ ഫുട്ബോളിലെ മികച്ച മിഡ്ഫീൽഡർമാരിലൊരാള കെവിൻ ഡിബ്രുയിനെ.. ഗോളടിക്കാനും അടിപ്പിക്കാനും മിടുക്കുള്ള താരം. വിങുകളിലൂടെ അതിവേഗം ബോക്സിലേക്ക് ഡ്രിബിൾ ചെയ്തെത്തി വലയിൽ പന്തെത്തിക്കാൻ നന്നായി അറിയുന്ന ജെർമി ഡോകു. മാഞ്ചസ്റ്റർ സിറ്റിയുടെ യങ് സെൻസേഷൻ. യൂറോപ്യൻ ക്ലബുകളിൽ കളിച്ച് പരിചയമുള്ള സ്ട്രൈക്കർ റൊമേലു ലുക്കാക്കു. ബെൽജിയത്തിന്റെ മികച്ച ഗോൾ സ്‌കോറർ. പക്ഷെ ക്വാർട്ടറിലേക്കുള്ള വഴിതുറക്കാൻ ഇവർക്കൊന്നുമായില്ല. തുടരെ മറ്റൊരു മേജർ ടൂർണമെന്റിൽകൂടി പാതിവഴിയിൽ റെഡ് ഡെവിൾസിന്റെ മടക്കം. 2018 ഫിഫ ലോകകപ്പിൽ മൂന്നാംസ്ഥാനക്കാരായതാണ് സമീപകാലത്തെ വലിയ നേട്ടമായി അവകാശപ്പെടാനുള്ളത്. 2020 യൂറോയിൽ ക്വാർട്ടറിൽ ഇറ്റലിയോടും തോറ്റു പുറത്തായി. ദീർഘകാലത്തോളം ഫിഫ റാങ്കിങിൽ ഒന്നാംസ്ഥാനത്തും നിലനിന്ന ടീമിനിപ്പോൾ തിരിച്ചടിയുടെ കാലമാണ്.
33 കാരൻ ക്യാപ്റ്റൻ ഡിബ്രുയിനെ കരിയറിലെ അവസാന സമയത്താണ്. അടുത്തലോകകപ്പ് വരെ താരം തുടരുമോയെന്നതും സംശയമാണ്. ഫ്രാൻസിനെതിരായ തോൽവിക്ക് ശേഷം സുവർണതലമുറയെ കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനോട് രൂക്ഷമായാണ് ഡിബ്രുയിനെ പ്രതികരിച്ചത്. ബെൽജിയത്തിന് മാത്രമാണോ, ഫ്രാൻസിനും ഇംഗ്ലണ്ടിനും സ്പെയിനും ജർമനിക്കും ഇങ്ങനെയൊരു സുവർണതലമുറയില്ലേ... അൽപം ദേഷ്യത്തോടെ താരം പറഞ്ഞു. തൊട്ടുപിന്നാലെ വാർത്താസമ്മേളനം അവസാനിപ്പിച്ച് മടങ്ങുകയും ചെയ്തു
വിൻസെന്റ് കൊമ്പനിയില്ലാത്ത, ഏതൻ ഹസാർഡില്ലാത്ത വെർടോഗനില്ലാത്ത ആക്സൽ വിട്സെലില്ലാത്ത ഈ ടീമിന് ഇനിയും അത്ഭുതങ്ങൾ തീർക്കാൻ കഴിയുമോ... ആഴ്സനൽ താരം ലിയാൻഡ്രോ ട്രൊസാർഡ്, മാഞ്ചസ്റ്റർ സിറ്റിയുടെ ജെർമി ഡോകു, സൗദി ലീഗിൽ കളിക്കുന്ന യാനിക് കരാസ്‌കോ, അത്ലറ്റികോ മാഡ്രിഡ് താരം ആർദർ വെർമീറൻ, അമേഡു ഒനാന കാൽപന്തിൽ ബെൽജിയം നക്ഷത്രങ്ങളാകാൻ പുതിയ തലമുറ അവിടെ ബാക്കിയുണ്ട്. മുൻഗാമികൾക്ക് കഴിയാത്തതിലേക്ക് ഇവർ തുടർന്നും പന്തുതട്ടും. അവരെ ഗോൾഡൻ ജനറേഷൻ എന്ന ടാഗിൽ തളച്ചിടരുതെന്ന് മാത്രം.