Football
യൂത്ത് ടീമിൽ നിന്ന് ദേശീയ ടീമിലേക്ക്; സ്പാനിഷ് ഫുട്‌ബോളിനെ മാറ്റിമറിച്ച ലാ ഫ്യൂവന്റെ യുഗം
Football

യൂത്ത് ടീമിൽ നിന്ന് ദേശീയ ടീമിലേക്ക്; സ്പാനിഷ് ഫുട്‌ബോളിനെ മാറ്റിമറിച്ച ലാ ഫ്യൂവന്റെ യുഗം

Sports Desk
|
12 July 2024 3:17 PM GMT

സ്‌പെയിൻ കളിശൈലിയെ പൊളിച്ചെഴുതിയ പരിശീലകൻ ഡയറക്ട് ഫുട്‌ബോളിലേക്ക് ടീമിനെ കൊണ്ടുപോകുകയായിരുന്നു

സ്‌പെയിനിൽ അതൊരു ശിശിരകാലമായിരുന്നു. ഇലകളെല്ലാം വീണ് പുതുനാമ്പുകൾ മുളപൊട്ടുന്ന കാലം. ക്ലബ് ഫുട്‌ബോളിലെ സൂപ്പർ താരങ്ങളുമായി ഖത്തർ ലോകകപ്പിനായി പോയ സ്പാനിഷ് സംഘം മുഖമുയർത്താനാകാതെ തിരിച്ചുവന്നു. വലിയ വിമർശനങ്ങളാണ് സ്പാനിഷ് ടീം നേരിട്ടത്. ലോക ഫുട്‌ബോളിലും ഗെയിം പ്ലാനുകളിലും വന്ന മാറ്റങ്ങൾ സ്പാനിഷ് കോച്ചും കളിക്കാരും അറിഞ്ഞിട്ടില്ലേയെന്നായിരുന്നു ചോദ്യങ്ങൾ. ആ ചോദ്യം ന്യായവുമായിരുന്നു. മൊറോക്കോക്കെതിരായ പ്രീക്വാർട്ടർ മത്സരത്തിൽ മുക്കാൽ ശതമാനം നേരവും പന്ത് സ്പാനിഷ് സംഘത്തിന്റെ കാലുകളിലായിരുന്നു. 1019 പാസുകൾ അവരിട്ടപ്പോൾ മൊറോക്കോ സൃഷ്ടിച്ചത് 305 എണ്ണം മാത്രം. പക്ഷേ മൊറോക്കോ സ്പാനിഷ് ഗോൾമുഖത്തേക്ക് രണ്ട് ഷോട്ടുകളുതിർത്തപ്പോൾ വിഖ്യാതരായ സ്പാനിഷ് നിര മൊറോക്കൻ പോസ്റ്റിലേക്ക് തൊടുത്തത് ഒരേ ഒരു ഷോട്ട് മാത്രം. ടീമിന്റെ ശൈലിക്കെതിരെ ലോകമെമ്പാടും പരിഹാസങ്ങളുയർന്നു. കോച്ച് ലൂയിസ് എൻറിക്വ രാജിവെച്ച് പോയി.

സ്പാനിഷ് ഫുട്‌ബോൾ എന്നും രണ്ട് കരകളിലായാണ് നിൽപ്പ്. കാറ്റലോണിയയുടെ അഭിമാന നിറങ്ങളായ ബാഴ്‌സലോണയും മാഡ്രിഡുകാരുടെ പ്രതാപമുള്ള റയൽ മാഡ്രിഡും. ലൂയിസ് എൻറിക്വ സ്പാനിഷ് ടീമിനെ ബാഴ്‌സലോണയിലേക്ക് ഒതുക്കിയെന്നും മാഡ്രിഡിസ്റ്റുകൾ പിന്തള്ളപ്പെട്ടുവെന്നുമായിരുന്നു പ്രധാന വിമർശനം. എല്ലാത്തിനുമൊടുവിൽ പുതിയ കോച്ചിനായി മാഡ്രിഡിലെ സ്പാനിഷ് ഫുട്‌ബോൾ ആസ്ഥാനത്ത് തിരക്കിട്ട ചർച്ചകൾ തുടങ്ങി. പെപ് ഗ്വാർഡിയോളയും മൈക്കൽ അർേടറ്റയും ഉനൈ എംറിയും അടക്കമുള്ള പല വമ്പൻ പേരുകളും അന്തരീക്ഷത്തിലുയർന്നു. ഒടുവിൽ ഫെഡറേഷനുമായി മികച്ച ബന്ധമുള്ള സ്പാനിഷ് യൂത്ത് ക്ലബുകളോടൊപ്പം മികച്ച റെക്കോർഡുള്ള ലാ ഫ്യൂവന്റെ എന്ന പേരിലേക്ക് അവരെത്തി.

കോച്ചായി പ്രഖ്യാപിച്ചതിന് പിന്നാലെ വിമർശനങ്ങളുമെത്തി. അന്താരാഷ്ട്ര ഫുട്‌ബോളിലോ പ്രമുഖ ഫുട്‌ബോൾ ക്ലബുകൾക്കൊപ്പമോ അനുഭവമില്ലാത്ത ഇയാൾ എന്തുചെയ്യാൻ എന്നായിരുന്നു ചോദ്യങ്ങൾ. ഒടുവിൽ തനിക്ക് നേരെയുയർന്ന വിമർനങ്ങളെ പ്രതിരോധിക്കാൻ ലാ ഫ്യൂവന്റെ നേരിട്ടുതന്നെയെത്തി. ഞാൻ 15 വർഷത്തോളം പ്രൊഫഷണൽ കളിക്കാരനായിരുന്നു. യൂത്ത് ടീമുകൾക്കൊപ്പം കിരീടങ്ങൾ നേടിയ ഞാൻ ഇന്റർനാഷണൽ തന്നെയാണ്. ലോകകപ്പിൽ കളിച്ച 16 പേർ എന്റെ കുട്ടികളാണ്. സ്പാനിഷ് ഫുട്‌ബോളിന്റെ വർത്തമാനവും ഭാവിയും എന്നേക്കാൾ അറിയുന്ന മറ്റാരുമില്ല. ആത്മവിശ്വാസത്തിന്റെ പരകോടിയിൽ തന്റെ നേരയുയർന്ന വിമർശനങ്ങൾ അദ്ദേഹം നേരിട്ടു.

2023 മാർച്ചിൽ താൻ പരിശീലകനായതിന് ശേഷമായുള്ള രണ്ടാം മത്സരത്തിൽ തന്നെ സ്‌കോട്ട്‌ലാൻഡിനെതിരെ എതിരില്ലാത്ത രണ്ടുഗോളുകൾക്ക് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ വിമർശനങ്ങൾ കടുത്തു. ഇയാൾ ചുമക്കുന്നത് അയാൾക്ക് താങ്ങുന്നതിലും വലിയ പണിയാണെന്നായിരുന്നു പ്രധാന വിമർശനം. വമ്പൻ പേരുകൾ പരിഗണിക്കപ്പെട്ടിരുന്ന ഒരിടത്ത് 60 പിന്നിട്ട ഈ വയോധികൻ പരാജയമായിരിക്കുന്നുവെന്ന് പലരും വിധി കുറിച്ചു. പക്ഷേ ഈ തോൽവിയിൽ ഭയക്കുന്നില്ലെന്ന് അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു. തൊട്ടുപിന്നാലെ നേഷൻസ് ലീഗിൽ ഇറ്റലിയെയും ക്രൊയേഷ്യയയും മറിച്ചിട്ട് ഫ്യൂവന്റെ താൻ വെറുതെ വന്നതല്ലെന്ന് തെളിയിച്ചു.

സ്പാനിഷ് സംഘം ലോകത്തിന്റെ നെറുകയിലേക്ക് കുതിച്ചത് ബാഴ്‌സലോണ വിജയകരമാക്കിയ കുറിയ പാസുകളിലൂടെ മുന്നേറുന്ന പൊസിഷൻ ഫുട്‌ബോളിലൂടെത്തന്നെയാണ്. 2008, 2012 യൂറോയും 2010 ലോകകപ്പും നേടി സ്പാനിഷ് സംഘം ലോകത്തെ അടിമുടി ഭരിച്ചു. പക്ഷേ തൊട്ടുപിന്നാലെ വമ്പൻ തിരിച്ചടികൾ നേരിട്ടപ്പോഴും അവരത് മാറ്റാൻ തയ്യാറായില്ല. ഒരേ ശൈലിയിൽ ഒരേ ആയുധങ്ങളുമായി ലോകത്തെ ഭരിക്കാനായിരുന്നു അവരുടെ ശ്രമം. ലാഫ്യൂവന്റെ അതിനെ അടിമുടി അട്ടിമറിക്കുന്നതാണ് പിന്നീട് കണ്ടത്.

പ്രതിരോധത്തിൽ കാർവഹാൽ, നാച്ചോ, നോർമാൻഡ് അടക്കമുള്ളവരിൽ വിശ്വസിച്ച താരം സെർജിയോ ബുസ്‌ക്വറ്റ്‌സ് അടക്കിവാണ ആങ്കറിങ് പൊസിഷനിൽ റോഡ്രിയെ പ്രതിഷ്ഠിച്ചു. യൂത്ത് ടീമിലുണ്ടായിരുന്ന സമയമേ നന്നായി അറിയുന്ന നീക്കോ വില്യംസിനെയും ലാമിൻ യമാലിനെയും ഒളിപ്പോരാളികളാക്കി. വിങ്ങുകളിലൂടെ പെനൽറ്റി ബോക്‌സിലേക്ക് നിരന്തരം ക്രോസുകൾ ഉതിർക്കുക എന്നതായിരുന്നു മറ്റൊരു തന്ത്രം. ക്രോസുകൾ സ്വീകരിക്കാൻ പാകത്തിൽ അൽവാരോ മൊറാറ്റയെ ബോക്‌സിൽ സജ്ജീകരിച്ചു. പന്തധികം കൈവശം വെക്കാതെത്തന്നെ ഗോളുകൾ നേടാമെന്ന് കാണിച്ചുകൊടുത്തു. ഈ യൂറോയിൽ ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപിക്കുമ്പോൾ പോലും ബാൾ പൊസിഷനിൽ ക്രൊയേഷ്യക്കും പിന്നിലായത്? ഉദാഹരണമാണ്. എന്താണോ സ്പാനിഷ് ടീം മുമ്പ് കേട്ടിരുന്ന വിമർശനം, അതിനെ അടിമുടി അട്ടിമറിക്കുന്ന സമീപനം. ടീമിൽ സബ്‌സ്റ്റിറ്റിയൂട്ടുകളെ ഉപയോഗിക്കുന്ന മിടുക്കും കൈയ്യടി നേടി. ഫ്രാൻസിനെതിരായ നിർണായക സെമിയിൽ 3 പ്രധാന താരങ്ങൾ ഇല്ലാതെയിറങ്ങിയിട്ട് പോലും ടീമിനെ അതൊട്ടും ബാധിച്ചില്ല.

റയലും ബാഴ്‌സയുമായി ചിതറിക്കിടന്ന ആരാധകരെയും ടീമിനെയും അയാൾ ഒരു രാജ്യമാക്കി. സ്വന്തമായി ഒരു ഫുട്‌ബോൾ ഫിലോസഫി രൂപപ്പെടുത്തി. തുടർവിജയങ്ങളുമായി സുവർണകാലത്തെ ഓർമിപ്പിച്ചു. നേഷൻസ് ലീഗിലെ കിരീട വിജയത്തിന് പിന്നാലെ യൂറോ ഫൈനലിലേക്കും കടന്ന് വിമർശകരെപ്പോലും അയാൾ ആരാധകരാക്കിയിരിക്കുന്നു. യൂറോകപ്പും മാറുന്ന ഫുട്‌ബോൾ ടാക്റ്റിക്‌സും ഫുട്‌ബോളിന്റെ സൗന്ദര്യം നശിപ്പിക്കുന്നു എന്ന വിമർശനം കടുക്കുമ്പോൾ പോലും സ്പാനിഷ് സംഘത്തിന്റെ കളിശൈലിയെ എല്ലാവരും പ്രകീർത്തിക്കുന്നു. റോം ഒരു ദിവസം കൊണ്ട് നിർമിക്കപ്പെട്ടതല്ല എന്ന് പറയാറുണ്ട്. അതുപോലെത്തന്നെയാണ് ഫ്യൂവെന്റെയുടെ കാര്യവും. മാഡ്രിഡിൽ ഫ്യൂവെന്റെ കോച്ചിങ് പഠിപ്പിച്ച പലരെയും ഇന്ന് ലോകമറിയും. അർജന്റൈൻ സംഘത്തെ നീലാകാശത്തോളം ഉയർത്തിയ ലയണൽ സ്‌കലോണിയടക്കം അതിലുൾപ്പെടും.

Similar Posts