Football
എഫ് എ കപ്പിൽ ചെൽസിക്ക് വമ്പൻജയം; ലിവർപൂൾ-ആഴ്‌സനൽ ഇന്ന് നേർക്കുനേർ
Football

എഫ് എ കപ്പിൽ ചെൽസിക്ക് വമ്പൻജയം; ലിവർപൂൾ-ആഴ്‌സനൽ ഇന്ന് നേർക്കുനേർ

Web Desk
|
7 Jan 2024 6:13 AM GMT

സ്‌ട്രൈക്കർ അർമാൻഡോ ബ്രോജ(58), പകരക്കാരനായി ഇറങ്ങിയ പ്രതിരോധതാരം തിയാഗോ സിൽവ(68), റഹിം സ്റ്റെർലിങ്(69), എൻസോ ഫെർണാണ്ടസ്(85) എന്നിവർ ലക്ഷ്യംകണ്ടു

ലണ്ടൻ: പ്രീമിയർ ലീഗിലെ നിരാശക്കിടയിലും എഫ്.എ കപ്പിൽ മുന്നേറി ചെൽസി. എതിരില്ലാത്ത നാല് ഗോളിന് പ്രെസ്റ്റോണിനെ കീഴടക്കി എഫ്.എ കപ്പ് നാലാം റൗണ്ട്് പ്രവേശനം ആധികാരികമാക്കി. സ്വന്തംതട്ടകമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ ഗോൾനേടാനാവാത്ത നീലപ്പട രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചുവരികയായിരുന്നു. സ്‌ട്രൈക്കർ അർമാൻഡോ ബ്രോജ(58), പകരക്കാരനായി ഇറങ്ങിയ പ്രതിരോധതാരം തിയാഗോ സിൽവ(68), റഹിം സ്റ്റെർലിങ്(69), എൻസോ ഫെർണാണ്ടസ്(85) എന്നിവർ ലക്ഷ്യംകണ്ടു. ജയത്തോടെ ചെൽസി എഫ്.എ കപ്പ് നാലാം റൗണ്ടിൽ പ്രവേശിച്ചു. എഫ്.എ കപ്പിൽ ഇന്ന് ആഴ്‌സനൽ-ലിവർപൂളിനെ നേരിടും. രാത്രി പത്തിനാണ് പ്രീമിയർലീഗിലെ കരുത്തരുടെ ആവേശപോരാട്ടം. മാഞ്ചസ്റ്റർ സിറ്റി, യുണൈറ്റഡ് ടീമുകളും മൂന്നാംറൗണ്ടിൽ മത്സരിക്കും.

ആദ്യ 45മിനിറ്റിൽ മുൻ ചാമ്പ്യൻമാരെ കൃത്യമായി പ്രതിരോധിച്ച് നിർത്താൻ കുഞ്ഞൻ ക്ലബായ പ്രെസ്റ്റോണിന് സാധിച്ചു. ചില ഒറ്റപ്പെട്ട നീക്കങ്ങൾ മാത്രമാണ് ചെൽസി നടത്തിയത്. രണ്ടാം പകുതിയുടെ തുടക്കം മുതൽ ആക്രമിച്ചുകളിച്ച ആതിഥേയർ നിരന്തരം എതിർ ബോക്‌സിലേക്ക് ഇരമ്പിയെത്തി. ഒടുവിൽ അർമാൻഡോ ബ്രോജയിലൂടെ പ്രതിരോധ പൂട്ട് പൊട്ടിച്ചു. മരിയോ ഗുസ്‌തോയുടെ ക്രോസിൽ കൃത്യമായി ഹെഡ്ഡ് ചെയ്ത് അൽബേനിയൻ താരം ലീഡെടുത്തു. ഗോൾവീണതോടെ പതറിയ സന്ദർശകർക്ക് പിന്നീട് മത്സരത്തിലേക്ക് തിരിച്ചെത്താനായില്ല. കോർണർ കിക്കിൽ കൃത്യമായി തലവെച്ച് 39കാരൻ തിയാഗോ സിൽവ ഗോൾ രണ്ടാക്കി ഉയർത്തി. മൂന്ന് മിനിറ്റിന് ശേഷം ഫ്രീകിക്കിലൂടെ റഹിം സ്റ്റെർലിങ് ലക്ഷ്യംകണ്ടു. 85ാം മിനിറ്റിൽ അർജന്റൈൻ താരം എൻസോ ഫെർണാണ്ടസിലൂടെ വലകുലുക്കി പട്ടിക പൂർത്തിയാക്കി.

ചെൽസിക്കായി 17കാരൻ ഇംഗ്ലീഷ് താരം ഗോൾഡിങ് അരങ്ങേറ്റംകുറിച്ചു. പ്രതിരോധത്തിൽ ആൽഫി ഗിൽക്രിസ്റ്റിന് ആദ്യഇലവനിൽ സ്ഥാനം ലഭിച്ചു. സണ്ടർലാൻഡിനെ എതിരില്ലാത്ത നാലുഗോളിന് തോൽപിച്ച് ന്യൂകാസിൽ യുണൈറ്റഡും നാലാം റൗണ്ടിലെത്തി. സ്‌ട്രൈക്കർ അലക്‌സാണ്ടർ ഇസഹാഖ് (46,90 പെനാൽറ്റി) ലക്ഷ്യംകണ്ടു. 35ാം മിനിറ്റിൽ ഡാനിയൽ ബല്ലാർഡ് സെൽഫ് ഗോളും വഴങ്ങി. ബ്രൈട്ടൻ, ഷെഫീൽഡ് യുണൈറ്റഡ്, ബോൺമൗത്ത്, ആസ്റ്റൺവല്ല ടീമുകളും എഫ്എ കപ്പിൽ മുന്നേറി.

Similar Posts