'സൂപ്പർ ഏജന്റ്' മിനോ റയോള അന്തരിച്ചുവെന്ന വാർത്ത വ്യാജമെന്ന് കുടുംബം
|ഹാളണ്ട്, പോഗ്ബ, ഇബ്രാഹിമോവിച്ച്, ലുകാകു തുടങ്ങിയവരുടെ ഏജന്റായ റയോള അന്തരിച്ചുവെന്ന വാർത്ത കുടുംബം തള്ളി
ഫുട്ബോളിലെ നിരവധി സൂപ്പർ താരങ്ങളുടെ ഏജന്റായ മിനോ റയോള അന്തരിച്ചതായുള്ള റിപ്പോർട്ടുകൾ തള്ളി കുടുംബം. 54 കാരനായ റയോള അന്തരിച്ചതായി ഇറ്റാലിയൻ മാധ്യമങ്ങളാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. ഡെയ്ലി മെയ്ൽ അടക്കമുള്ള ഇംഗ്ലീഷ് മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തു. എന്നാൽ, റയോള മരിച്ചിട്ടില്ലെന്നും റിപ്പോർട്ടുകൾ വ്യാജമാണെന്നും അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചു.
റയോള മരിച്ചിട്ടില്ലെന്നും ആരോഗ്യസ്ഥിതി മോശമായ ഒരാളെക്കുറിച്ച് ഇത്തരം വ്യാജവാർത്തകൾ പടച്ചുവിടുന്നത് ശരിയല്ലെന്നും അദ്ദേഹത്തെ ചികിത്സിക്കുന്ന മിലാനിലെ സാൻ റഫേലെ ആശുപത്രിയിലെ ഡോക്ടറെ ഉദ്ധരിച്ച് ഫുട്ബോൾ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ ട്വീറ്റ് ചെയ്തു.
54-കാരനായ റയോള ശരീരഭാരം സംബന്ധിച്ച അസുഖങ്ങളെ തുടർന്ന് ജനുവരി മുതൽ. എർലിങ് ഹാളണ്ട്, പോൾ ബോഗ്ബ, സ്ലാറ്റൻ ഇബ്രാഹിമോവിച്ച് തുടങ്ങി നിരവധി താരങ്ങളുടെ ഏജന്റാണ് ഇറ്റലിക്കാരനായ റയോള.
( Family denies death reports of Super agent Mino Raiola.)
ഇറ്റലിയിലെ സലേർനോയിൽ 1967-ൽ ജനിച്ച മിനോ റയോള നെതർലന്റ്സിലാണ് വളർന്നത്. ചെറുപ്പത്തിൽ ഫുട്ബോൾ കളിച്ചിരുന്ന അദ്ദേഹം എഫ്.സി ഹാർലം എന്ന ക്ലബ്ബിന്റെ യൂത്ത് ടീമിലൂടെ പ്രൊഫഷണൽ രംഗത്ത് ഭാഗ്യപരീക്ഷണം നടത്തിയെങ്കിലും 18-ാം വയസ്സിൽ തന്നെ ഇത് ഉപേക്ഷിച്ചു. പിന്നീട് ഫുട്ബോൾ ഏജന്റായാണ് അദ്ദേഹം തിളങ്ങിയത്.
ഇറ്റാലിയൻ ക്ലബ്ബുകളിലേക്കുള്ള കൂടുമാറ്റത്തിന് നെതർലന്റ്സിൽ നിന്നുള്ള കളിക്കാരെ സഹായിക്കുന്ന സ്പോർട്സ് പ്രമോഷൻസ് എന്ന കമ്പനിയുടെ ഭാഗമായ അദ്ദേഹം ഡെന്നിസ് ബെർഗ്കാംപ്, വിം ജോങ്ക്, മൈക്കൽ ക്രീക്ക് തുടങ്ങിയ നിരവധി കളിക്കാരുടെ ട്രാൻസ്ഫറിലെ നിർണായക ഭാഗമായി. ബ്രസീലിയൻ താരം റോബിഞ്ഞോയുടെ റയൽ മാഡ്രിഡിൽ നിന്ന് മാഞ്ചസ്റ്റർ സിറ്റിയിലേക്കുള്ള കൂടുമാറ്റത്തിനു പിന്നിൽ റയോളയായിരുന്നു.
ചെക്ക് റിപ്പബ്ലിക്കിന്റെ ഇതിഹാസതാരം പാവേൽ നെദ്വദിനു വേണ്ടിയാണ് റയോള ആദ്യമായി സ്വതന്ത്ര ഏജന്റായി പ്രവർത്തിച്ചത്. ചെക്ക് ക്ലബ്ബായ സ്പാർട്ട പ്രാഹയിൽ നിന്ന് ഇറ്റലിയിലെ ലാസിയോയിലേക്കുള്ള നെദ്വദിന്റെ ട്രാൻസ്ഫറിനു പിന്നിൽ പ്രവർത്തിച്ചത് റയോളയായിരുന്നു.
യൂറോപ്യൻ ക്ലബ്ബുകളിൽ കളിക്കുന്ന ഇരുപതോളം കളിക്കാരുടെ പ്രതിനിധിയായിരിക്കെയാണ് റയോളയുടെ വിയോഗ വാർത്ത പ്രചരിച്ചത്. എർലിങ് ഹാളണ്ട്, സ്ലാറ്റൻ ഇബ്രാഹിമോവിച്ച്, പോൾ പോഗ്ബ, മരിയോ ബലോട്ടലി, ബ്ലെയ്സ് മറ്റൗഡി, ഗ്യാൻലുയ്ജി ഡൊണറുമ്മ, മത്ത്യാസ് ഡിലിറ്റ്, ജെസ്സി ലിങ്ഗാർഡ്ഡ്, ഹെൻറിക് മിഖതർയാൻ, റൊമേലു ലുകാകു തുടങ്ങിയവർ അദ്ദേഹത്തിന്റെ കക്ഷികളാണ്.
കളിക്കാരുടെ ക്ലബ്ബ്മാറ്റത്തിനൊപ്പം വൻതുക സ്വന്തമാക്കിയിരുന്ന റയോള ട്രാൻസ്ഫർ വിപണിയിലെ സുപ്രധാന നാമമാണ്. ഇംഗ്ലീഷ്, ഇറ്റാലിയൻ, ഡച്ച് തുടങ്ങിയ ഭാഷകളിലെ പ്രാവീണ്യം അദ്ദേഹത്തെ ഈ മേഖലയിൽ അഗ്രഗണ്യനാക്കി. എർലിങ് ഹാളണ്ടിന്റെയും പോഗ്ബയുടെയും ട്രാൻസ്ഫറുമായി ബന്ധപ്പെട്ടാണ് അദ്ദേഹം അവസാനമായി പ്രവർത്തിച്ചിരുന്നത്. ഹാളണ്ട് ബൊറുഷ്യ ഡോട്മുണ്ട് വിടാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് റയോള അവസാനമായി ട്വിറ്ററിൽ കുറിച്ചത്. ശസ്ത്രക്രിയക്ക് വിധേയനാകുന്നതിനു മുമ്പ് ജനുവരിയിലായിരുന്നു ഇത്.
മിലാനിലെ സാൻ റഫേലെ ആശുപത്രിയിൽ ശസ്ത്രക്രിയക്കു വിധേയനായ ശേഷം മിനോ റയോള പൊതുരംഗത്തുണ്ടായിരുന്നില്ല.
(മിനോ റയോള അന്തരിച്ചു എന്ന തലക്കെട്ടിൽ ആദ്യം പ്രസിദ്ധീകരിച്ച വാർത്തയുടെ അപ്ഡേറ്റാണിത്. കുടുംബത്തിന്റെയും വിശ്വസനീയമായ ഉറവിടങ്ങളുടെയും വെളിപ്പെടുത്തലിനെ തുടർന്നാണ് വാർത്ത തിരുത്തിയത്.)