Football
എഫ്‌സി ഗോവയുടെ പരിശീലന ഗ്രൗണ്ടിൽ ക്രിക്കറ്റ് പിച്ച് നിർമിച്ച് പഞ്ചായത്ത്: ഗ്രൗണ്ടില്ലാതെ ക്ലബ്ബ്
Football

എഫ്‌സി ഗോവയുടെ പരിശീലന ഗ്രൗണ്ടിൽ ക്രിക്കറ്റ് പിച്ച് നിർമിച്ച് പഞ്ചായത്ത്: ഗ്രൗണ്ടില്ലാതെ ക്ലബ്ബ്

Web Desk
|
30 Nov 2021 2:25 PM GMT

എഫ്‌സി ഗോവയുടെ സാൽവദോർ ദോ മുൻഡോയിലെ പരിശീലന ഗ്രൗണ്ടാണ് പഞ്ചായത്ത് അധികൃതരുടെ 'കയ്യേറ്റം' കാരണം ക്ലബ്ബിന് നഷ്ടമായത്. ഗ്രൗണ്ടുകളുടെ ഉപയോഗത്തെച്ചൊല്ലി ക്ലബ്ബും പഞ്ചായത്ത് അധികൃതരും തമ്മിലുള്ള തർക്കമാണ് പിന്നിലെന്നാണ് ഖേല്‍ നൌ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗ് ടീം എഫ്‌സി ഗോവയുടെ പരിശീലന ഗ്രൗണ്ടിൽ ക്രിക്കറ്റ് പിച്ച് നിർമിച്ച് പഞ്ചായത്ത് അധികൃതർ. ഇതോടെ പരിശീലന ഗ്രൗണ്ടില്ലാതെ നട്ടംതിരിയുകയാണ് ക്ലബ്ബ്. എഫ്‌സി ഗോവയുടെ സാൽവദോർ ദോ മുൻഡോയിലെ പരിശീലന ഗ്രൗണ്ടാണ് പഞ്ചായത്ത് അധികൃതരുടെ 'കയ്യേറ്റം' കാരണം ക്ലബ്ബിന് നഷ്ടമായത്. ഗ്രൗണ്ടുകളുടെ ഉപയോഗത്തെച്ചൊല്ലി ക്ലബ്ബും പഞ്ചായത്ത് അധികൃതരും തമ്മിലുള്ള തർക്കമാണ് പിന്നിലെന്നാണ് ഖേല്‍ നൗ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സാൽവദോർ ദോ മുൻഡോ പഞ്ചായത്തും എഫ്.സി ഗോവ ക്ലബ്ബും തമ്മിലാണ് തര്‍ക്കം. പ്രദേശത്തെ എംഎൽഎ ഇടപെട്ടതോടെ രാഷ്ട്രീയ പ്രശ്നവുമായി . ഗ്രൗണ്ടുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് 2020 മെയ് മാസത്തില്‍ എഫ്‌സി ഗോവയും പഞ്ചായത്തും അധികൃതരും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചിരുന്നു. എന്നാല്‍ ധാരണാപത്രം ലംഘിച്ചുള്ള നടപടികളാണ് പഞ്ചായത്ത് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് എഫ്‌സി ഗോവ ആരോപിക്കുന്നത്.

ഗ്രൗണ്ട് ഉപയോഗിക്കാനുള്ള അവകാശം നേടിയ ശേഷം, എഫ്‌സി ഗോവ അവിടെ രണ്ട് പിച്ചുകൾ നിർമ്മിച്ചിരുന്നു. ഒന്ന് ഐ‌എസ്‌എല്ലിൽ കളിക്കുന്ന അവരുടെ ആദ്യ ടീമിനും മറ്റൊന്ന് നാട്ടുകാർക്കും. അണ്ടർ 18, അണ്ടർ 14, ഗ്രാസ്റൂട്ട് തലങ്ങളിൽ സൗജന്യ പരിശീലനവും ക്ലബ് നൽകുന്നുണ്ട്. ഇതുവരെ ഒരു കോടി രൂപയിലധികം ഗ്രൗണ്ടുകളുടെ നിര്‍മാണത്തിനും മറ്റും എഫ്.സി ഗോവ ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ രണ്ടാം ടർഫില്‍ നാട്ടുകാര്‍ ക്രിക്കറ്റ് കളിക്കാനാണ് ഉപയോഗിച്ചിരുന്നത്. ഇതില്‍ നിന്ന് നാട്ടുകാരെ വിലക്കിയതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്.

എന്നാല്‍ എം.എല്‍.എ നാട്ടുകാര്‍ക്കൊപ്പം നിന്നു. ആവശ്യമുള്ളപ്പോൾ ഫുട്ബോൾ ടർഫ് ക്രിക്കറ്റ് പിച്ചാക്കി മാറ്റുന്നതിനുള്ള സൗകര്യങ്ങൾ എം.എല്‍.എ അനുവദിക്കുകയും ചെയ്തു. പഞ്ചായത്ത് അധികൃതരും എം.എല്‍എയുടെ പക്ഷം ചേര്‍ന്നു. എം.എല്‍.എയുടെ അനുമതിയോടെ പഞ്ചായത്ത് അധികൃതര്‍ ടര്‍ഫ് പൊളിച്ച് ക്രിക്കറ്റ് പിച്ച് നിര്‍മിക്കുകയായിരുന്നു.

ചര്‍ച്ച പോലും ചെയ്യാതെയാണ് പഞ്ചായത്ത് അധികൃതരും എം.എല്‍.എയും ടര്‍ഫ് പൊളിക്കന്‍ തീരുമാനിച്ചതെന്ന് ക്ലബ്ബ് ആരോപിക്കുന്നു. പിച്ച് നിര്‍മിക്കാന്‍ ഗ്രൗണ്ട് ഇളക്കിയതിന് പിന്നാലെ ഡ്രെയിനേജ് സംവിധാനങ്ങള്‍ക്കും പ്രധാന ടര്‍ഫിനും കേടുപാട് സംഭവിക്കുകയും ചെയ്തു. അതോടെ പരിശീലത്തിന്, ഗ്രൗണ്ട് ഇല്ലാത്ത അവസ്ഥയാണ് ക്ലബ്ബിന്. അതേസമയം ധാരണാപത്രം ലംഘിച്ചുള്ള പഞ്ചായത്ത് അധികൃതരുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ക്ലബ്ബ് മാനേജ്‌മെന്റ്.

Related Tags :
Similar Posts