Football
കയ്യടികളേറ്റു വാങ്ങി സെർനിച്ച് പരിശീലന ഗ്രൗണ്ടിൽ; ചിത്രങ്ങൾ പങ്കുവെച്ച് കേരള ബ്ലാസ്റ്റേഴ്‌സ്‌
Football

കയ്യടികളേറ്റു വാങ്ങി സെർനിച്ച് പരിശീലന ഗ്രൗണ്ടിൽ; ചിത്രങ്ങൾ പങ്കുവെച്ച് കേരള ബ്ലാസ്റ്റേഴ്‌സ്‌

Web Desk
|
29 Jan 2024 9:05 AM GMT

സൂപ്പർകപ്പിലെ അപ്രതീക്ഷിത തോൽവിയും പ്രധാന താരങ്ങളുടെ പരിക്കിലും വലയുന്ന ബ്ലാസ്റ്റേഴ്‌സിന് സെർനിച്ച് ആശ്വാസമാകുമോ എന്നാണ് കണ്ടറിയേണ്ടത്.

കൊച്ചി: പരിക്കേറ്റ് പുറത്തായ അഡ്രിയാൻ ലൂണയുടെ പകരക്കാരൻ ഫെഡോർ സെർനിച്ച് ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിലെത്തി. നേരത്തെ കൊച്ചിയിലെത്തിയ താരം ടീം അംഗങ്ങൾക്കൊപ്പം പരിശീലിക്കുന്ന ചിത്രങ്ങള്‍ കേരള ബ്ലാസ്റ്റേഴ്‌സ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.

സഹതാരങ്ങളുടെയും പരിശീലകൻ ഇവാൻ വുകമിനോവിച്ചിന്റെയും കയ്യടികൾക്കിടയിലൂടെ സെർനിച്ച് നടന്നുവരുന്നതിന്റെയും പരിശീലിക്കുന്നതിന്റെയും ചിത്രങ്ങൾ പിന്നാലെ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കിടയിൽ നിറഞ്ഞു. 32കാരനെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? പുതുതായി ബിരുദം കഴിഞ്ഞിറങ്ങിയവനെപ്പോലെയെ തോന്നൂവെന്നായിരുന്നു ബ്ലാസ്റ്റേഴ്‌സ് പങ്കുവെച്ച ചിത്രത്തിലെ ഒരു കമന്റ്.

സൂപ്പർകപ്പിലെ അപ്രതീക്ഷിത തോൽവിയും പ്രധാന താരങ്ങളുടെ പരിക്കിലും വലയുന്ന ബ്ലാസ്റ്റേഴ്‌സിന് സെർനിച്ച് ആശ്വാസമാകുമോ എന്നാണ് കണ്ടറിയേണ്ടത്. ലിത്വാനിയൻ ദേശീയ ടീമിനെ നയിച്ചും യൂറോപ്പിലെ വിവിധ ടീമുകളിൽ കളിച്ചും പരിചയസമ്പത്ത് ആവോളമുള്ള സെർനിച്ച്, കൊച്ചിയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന് വിശ്വസിക്കാനാണ് ആരാധകക്ക് ഇഷ്ടം. സൈപ്രസ് ഫസ്റ്റ് ഡിവിഷൻ ക്ലബ്ബായ എഇഎൽ ലിമസോളിൽ നിന്നാണ് സെർനിച്ച് ബ്ലാസ്റ്റേഴ്‌സിൽ എത്തുന്നത്. അറ്റാക്കിങിൽ പല പൊസിഷനുകളിലും കഴിവ് തെളിയിച്ച താരം ലിത്വാനിയക്കായി 82 മത്സരങ്ങളോളം കളിച്ചിട്ടുണ്ട്.

ഏഷ്യൻകപ്പ് ഉൾപ്പെടെയുള്ള മത്സരങ്ങളുടെ ഇടവേളക്ക് പിരിഞ്ഞ ഐ.എഎസ്.എൽ, രണ്ടാം ഘട്ടം ഫെബ്രുവരിയിലാണ് പുനരാരംഭിക്കുന്നത്. ഫെബ്രവരി ഒന്നിന് ഹൈദരാബാദ് എഫ്.സിയും എഫ്.സി ഗോവയും തമ്മിലാണ് ആദ്യ മത്സരം. ഫെബ്രുവരി രണ്ടിനാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം. ഒഡീഷ എഫ്.സിയാണ് എതിരാളികൾ. ബ്ലാസ്റ്റേഴ്‌സിനിത് എവെ മത്സരമാണ്.

ഫെബ്രുവരി 25നാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോം മത്സരം. എഫ്.സി ഗോവയാണ് കൊച്ചിയിലേക്ക് വരുന്നത്. മഞ്ഞക്കടലിന് നടുവിലാണോ അതോ ഭുവനേശ്വറിലാണോ സെർനിച്ച് മഞ്ഞക്കുപ്പായത്തിൽ അവതരിക്കുക എന്നൊന്നും ഇപ്പോള്‍ വ്യക്തമല്ല. നിലവിൽ 26 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്‌സാണ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത്. ബ്ലാസ്‌റ്റേഴ്‌സിനെക്കാൾ രണ്ട് മത്സരങ്ങൾ കുറച്ച് കളിച്ച ഗോവ, 24 പോയിന്റുമായി രണ്ടാം സ്ഥാനത്ത് ഉണ്ട്. ഒഡീഷ എഫ്.സിയാണ് മൂന്നം സ്ഥാനത്ത്.

രണ്ടാം വരവിലെ ആദ്യ രണ്ട് മത്സരങ്ങളിലും വമ്പന്മാരെ തന്നെയാണ് ബ്ലാസ്റ്റേഴ്‌സിന് എതിരാളികളായി ലഭിച്ചത്. അതിനാൽ നിലവിലെ 'വിന്നിങ് മൊമന്റം' നഷ്ടപ്പെടുത്താൻ ബ്ലാസ്റ്റേഴ്‌സ് ആഗ്രഹിക്കാത്തതിനാൽ ആദ്യ മത്സരത്തിൽ തന്നെ സെർനിച്ചിനെ കണ്ടേക്കാനാണ് സാധ്യത. അതിനിടെ മറ്റൊരു മുന്നേറ്റ താരം ക്വമി പെപ്ര പരിക്കേറ്റ് പുറത്തായത് ബ്ലാസ്റ്റേഴ്‌സിന് ക്ഷീണമായി. സൂപ്പർ കപ്പിലേറ്റ പരിക്കാണ് തിരിച്ചടിയായത്. അദ്ദേഹത്തിന്റെ പകരക്കാരനായി ജസ്റ്റിൻ ഇമ്മാനുവലിനെ ബ്ലാസ്റ്റേഴ്സ് തിരിച്ചുവിളിച്ചിട്ടുണ്ട്. ലോണിൽ ഐലീഗ് ക്ലബ്ബായ ഗോകുലം കേരളയിലായിരുന്നു താരം.

Similar Posts