Football
മൊറോക്കോക്ക് സന്തോഷ വാർത്തയുമായി ഫിഫ; ക്ലബ് ലോകകപ്പ് പ്രഖ്യാപിച്ചു
Football

മൊറോക്കോക്ക് സന്തോഷ വാർത്തയുമായി ഫിഫ; ക്ലബ് ലോകകപ്പ് പ്രഖ്യാപിച്ചു

Sports Desk
|
17 Dec 2022 3:51 AM GMT

  • 2025 മുതൽ ലോകകപ്പ് പോലെ തന്നെ ക്ലബ് ലോകകപ്പ് ടൂർണമെൻറും നടത്തുമെന്ന് ഫിഫ പ്രസിഡൻറ്

അടുത്ത വർഷത്തെ ക്ലബ് ലോകകപ്പ് ഫെബ്രുവരിയിൽ മൊറോക്കോയിൽ വെച്ച് നടക്കുമെന്ന് ഫിഫ പ്രസിഡൻറ് ജിയാന്നി ഇൻഫാൻറിനോ. 2023 ഫെബ്രുവരി ഒന്നു മുതൽ 11 വരെയായി നടക്കുന്ന ടൂർണമെൻറിന് ആഫ്രിക്കൻ അറബ് രാജ്യം ആതിഥേയത്വം വഹിക്കുമെന്ന് വെള്ളിയാഴ്ചയാണ് ഫിഫ അറിയിച്ചത്.

യൂറോപ്യൻ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ്, സൗത്ത് അമേരിക്കൻ ചാമ്പ്യന്മാരായ ഫ്‌ളമിംഗോ, ആദ്യ കോൺകകാഫ് ചാമ്പ്യൻസ് ലീഗ് ജേതാക്കളായ സിയാറ്റിൽ സൗണ്ടേഴ്‌സ്(യു.എസ്), മൊറോക്കോയിലെ വൈദാദ്, ന്യൂസിലൻഡിലെ ഓക്‌ലാൻഡ് സിറ്റി തുടങ്ങിയ ഏഴു ടീമുളാണ്‌ ക്ലബ് ലോകകപ്പിൽ കളിക്കുക. ഖത്തർ ലോകകപ്പിൽ അവിസ്മരണീയ പ്രകടനം നടത്തിയ മൊറോക്കോ സെമിഫൈനൽ വരെയെത്തിയ ശേഷമാണ് ഫിഫയുടെ പ്രഖ്യാപനം വരുന്നത്. 2013, 2014 വർഷങ്ങളിലും ക്ലബ് ലോകകപ്പിന് മൊറോക്കോ വേദിയായിരുന്നു. 2025 മുതൽ ലോകകപ്പ് പോലെ തന്നെ ക്ലബ് ലോകകപ്പ് ടൂർണമെൻറും നടത്തുമെന്ന് ഫിഫ പ്രസിഡൻറ് ഇൻഫാൻറിനോ അറിയിച്ചിട്ടുണ്ട്. ജൂണിൽ നടക്കുന്ന ടൂർണമെൻറിൽ 24 അല്ലെങ്കിൽ 32 ടീമുകൾ വരെ പങ്കെടുത്തേക്കുമെന്നും അധികൃതർ വ്യക്തമാക്കി. നേരത്തെ ഈ തരത്തിൽ 2021ൽ ചൈനയിൽ വെച്ച് നടത്താൻ ആസൂത്രണം ചെയ്ത ലോകകപ്പിന്റെ ആദ്യ എഡിഷൻ കോവിഡ് മഹാമാരി മൂലം മാറ്റിവെക്കുകയായിരുന്നു. 2025 ലെ ക്ലബ് ലോകകപ്പ് യു.എസ്.എയിലാണ് നടക്കുക. 2026ലെ ലോകകപ്പ് യു.എസ്, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങൾ ചേർന്നാണ് നടത്തുക.

അതേസമയം, ഖത്തർ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരെ നിർണയിക്കുന്ന ലൂസേഴ്‌സ് ഫൈനൽ ഇന്ന് നടക്കും. സെമിഫൈനലിൽ തോറ്റ മൊറോക്കോയും ക്രൊയേഷ്യയും തമ്മിൽ രാത്രി 8.30ന് ഖലിഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം. സെമിയിൽ ക്രൊയേഷ്യ അർജൻറീനയോടും മൊറോക്കോ ഫ്രാൻസിനോടുമാണ് തോറ്റിരുന്നത്. കിരീടപോരാട്ടത്തിന്റെ പടിക്കൽ വീണ രണ്ട് ടീമുകൾക്ക് മടങ്ങുമ്പോൾ വെറും കൈയോടെ പോകാനാകില്ല. അത് കൊണ്ട് മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടം തീപാറും.

ലൂസേഴ്‌സ് ഫൈനൽ തുല്യ ശക്തികളുടെ പോരാട്ടമാണ്. മൊറോക്കോ ഇതിനോടകം ചരിത്രം സൃഷ്ടിച്ച് കഴിഞ്ഞു. സെമിഫൈനലിൽ തോറ്റെങ്കിലും ടീമിൽ പൂർണ്ണവിശ്വാസമുണ്ട് ആരാധകർക്ക്. മൂന്നാം സ്ഥാനത്തിനായി ഇറങ്ങുമ്പോൾ ആ വിശ്വാസം കാക്കണം ഹകീമിക്കും സംഘത്തിനും. വാലിദ് റിക്രാഖിയുടെ പ്രതിരോധതന്ത്രം തന്നെയാണ് കരുത്ത്. സിയെച്ചും ഹകീമിയും അന്നസീരിയും ഫോമിലാണ്. സെമിഫൈനലിനിറങ്ങിയ ടീമിൽ കാര്യമായ മാറ്റങ്ങളുണ്ടായേക്കില്ല. മോഡ്രിച്ച് എന്ന നായകനു വേണ്ടിയാണ് ക്രൊയേഷ്യ ഇന്ന് ഇറങ്ങുന്നത്. ലോകകപ്പിലെ അവസാന മത്സരത്തിന് മോഡ്രിച്ച് ഇറങ്ങുമ്പോൾ ജയം വേണം ടീമിന്. മോഡ്രിച്ച് നയിക്കുന്ന മധ്യനിരയാണ് ടീമിന്റെ കരുത്ത്. അവസാന മത്സരത്തിലും ഡാലിച്ചിന്റെ തന്ത്രങ്ങൾക്ക് മാറ്റമുണ്ടാകില്ല. ഇരുവരും ഗ്രൂപ്പ് സ്റ്റേജിൽ ഏറ്റുമുട്ടിയപ്പോൾ മത്സരം ഗോൾ രഹിതമായിരുന്നു. ഖത്തറിലെ തങ്ങളുടെ അവസാന മത്സരത്തിൽ തുല്യശക്തികൾ ഏറ്റുമുട്ടുമ്പോൾ മത്സരഫലം അപ്രവചനീയമാണ്.

FIFA president Gianni Infantino has confirmed that next year's Club World Cup will be held in February in Morocco.

Similar Posts