ബ്രസീൽ-അർജന്റീന യോഗ്യതാ മത്സരം കളിച്ചേ പറ്റൂ: ഫിഫ
|ലോകകപ്പ് യോഗ്യത ഉറപ്പാക്കിയ സാഹചര്യത്തിൽ യോഗ്യതാ മത്സരം ഉപേക്ഷിക്കണമെന്ന് ഇരു ടീമുകളും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാതലത്തിലാണ് ഫിഫയുടെ അഭിപ്രായം.
സാവോപോളോ: കോവിഡ് പ്രോട്ടോകോളുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് മാറ്റിവെച്ച അർജന്റീന-ബ്രസീൽ ലോകകപ്പ് യോഗ്യതാ മത്സരം നിര്‍ബന്ധമായും കളിക്കണമെന്ന് ഫിഫ. ലോകകപ്പ് യോഗ്യത ഉറപ്പാക്കിയ സാഹചര്യത്തിൽ യോഗ്യതാ മത്സരം ഉപേക്ഷിക്കണമെന്ന് ഇരു ടീമുകളും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാതലത്തിലാണ് ഫിഫയുടെ അഭിപ്രായം.
മത്സരം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് അർജന്റീനയും ബ്രസീലും ഫിഫയെ സമീപിച്ചെങ്കിലും അപ്പീല്‍ കമ്മിറ്റി ഹർജി തള്ളുകയായിരുന്നു. വരുന്ന സെപ്തംബറിൽ ഈ മത്സരം നിർബന്ധമായും നടത്തണമെന്നാണ് ഫിഫ അറിയിക്കുന്നത്. സാവോപോളോയിൽ കഴിഞ്ഞ വർഷം നടന്ന മത്സരം തുടങ്ങി തൊട്ടുപിന്നാലെ ബ്രസീൽ ആരോഗ്യവകുപ്പ് അധികൃതർ ഗ്രൗണ്ടിലെത്തി കളി തടസപ്പെടുത്തുകയായിരുന്നു. ഇംഗ്ലീഷ് പ്രീമിയർലീഗിൽ കളിക്കുന്ന താരങ്ങൾ ക്വാറന്റീൻ രേഖകളിൽ കൃത്രിമം കാട്ടിയെന്നായിരുന്നു ആരോപണം. ഇരു ടീമുകൾക്കും ഫിഫ പിഴ ചുമത്തിയിരുന്നു. ഈ തുകയിൽ ഇളവ് വരുത്താനും ഫിഫ തയ്യാറായിട്ടില്ല.
അര്‍ജന്റീനയുടെ നാല് താരങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചില്ലെന്ന പരാതിയെ തുടര്‍ന്നാണ് മത്സരം നിര്‍ത്തിവെച്ചിരുന്നത്. മാര്‍ട്ടിനെസ്, ലോ സെല്‍സോ, റൊമേറോ, എമി ബ്യൂണ്ടിയ എന്നിവര്‍ക്കെതിരേയാണ് പരാതി ഉയര്‍ന്നിരുന്നത്. ബ്രസീല്‍ ആരോഗ്യമന്ത്രാലയം അധികൃതര്‍ ഗ്രൗണ്ടിലിറങ്ങി യുകെയില്‍ നിന്നെത്തിയ താരങ്ങള്‍ ഗ്രൗണ്ട് വിടണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
ഒന്നും രണ്ടും സ്ഥാനക്കാരായാണ് ബ്രസീലും അര്‍ജന്റീനയും ഖത്തറിലേക്ക് എത്തുന്നത്. അതേസമയം ലോകകപ്പിനുള്ള ഗ്രൂപ്പ് ഘട്ടത്തിൽ താരതമ്യേന എളുപ്പം മത്സരങ്ങളാണ് ബ്രസീലിനെയും അർജന്റീനയേയും കാത്തിരിക്കുന്നത്. ഗ്രൂപ്പ് സിയിൽ സൗദി അറേബ്യ, മെക്സിക്കോ, പോളണ്ട് എന്നവിരാണ് അർജന്റീനയുടെ ഗ്രൂപ്പ് ഘട്ടത്തിലെ എതിരാളികൾ. ഗ്രൂപ്പ് ജിയിൽ സെർബിയ, സ്വിറ്റ്സർലൻഡ്, കാമറൂൺ എന്നിവർക്കൊപ്പമാണ് ബ്രസീൽ.
Summary-FIFA orders replay of abandoned World Cup 2022 Qualifier