Football
FIFA pulls Indonesia out of hosting U-20 World Cup tournament after objecting to Israel

അണ്ടർ 20 ലോകകപ്പ് ടൂർണമെൻറിൽ ഇസ്രായേൽ പങ്കെടുക്കുന്നതിനെതിരെ ഇന്ത്യോനേഷ്യയിൽ നടന്ന പ്രതിഷേധം

Football

അണ്ടർ 20 ലോകകപ്പ്: ഇസ്രായേൽ പങ്കെടുക്കുന്നത് എതിർത്ത ആതിഥേയരായ ഇന്ത്യോനേഷ്യയെ ഫിഫ ഒഴിവാക്കി

Sports Desk
|
30 March 2023 2:21 PM GMT

ബാലി ഗവർണർ ഇസ്രായേൽ ടീമിന് ആതിഥേയത്വം വഹിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ഞായറാഴ്ച ടൂർണമെൻറിന്റെ നറുക്കെടുപ്പ് റദ്ദാക്കിയിരുന്നു

ജക്കാർത്ത: അണ്ടർ 20 ലോകകപ്പ് ടൂർണമെൻറിൽ ഇസ്രായേൽ പങ്കെടുക്കുന്നതിനെ എതിർത്ത ഇന്ത്യോനേഷ്യയെ ആതിഥേയ സ്ഥാനത്ത്‌നിന്ന് ഫിഫ ഒഴിവാക്കി. ഇസ്രായേൽ പങ്കാളിത്തത്തിനെതിരെ ഇന്തോനേഷ്യയിലെ ചില ഭരണകൂടങ്ങളും പൗരന്മാരും രംഗത്ത് വന്നിരുന്നു. ഇതിനെ തുടർന്നാണ് ഫിഫയുടെ നടപടി. ഇന്തോനേഷ്യൻ ഫുട്‌ബോൾ ഫെഡറേഷൻ (പി.എസ്.എസ്.ഐ) പ്രസിഡൻറ് എറിക് തോഹിറുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഫിഫ തീരുമാനം അറിയിച്ചത്. ടൂർണമെൻറ് മേയ് 20ന് നടക്കാനിരിക്കെ പുതിയ ആതിഥേയരെ ഉടൻ പ്രഖ്യാപിക്കും.

ഇന്ത്യോനേഷ്യയിൽ ഏറ്റവും കൂടുതൽ ഹിന്ദുക്കൾ അധിവസിക്കുന്ന ബാലിയിലെ ഗവർണർ വയാൻ കോസ്റ്റർ ഇസ്രായേൽ ടീമിന് ആതിഥേയത്വം വഹിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ഞായറാഴ്ച ടൂർണമെൻറിന്റെ നറുക്കെടുപ്പ് പി.എസ്.എസ്.ഐ റദ്ദാക്കിയിരുന്നു. ഇസ്രായേലിനെ ടൂർണമെൻറിൽ പങ്കെടുപ്പിക്കരുതെന്ന് കാണിച്ച് ഇദ്ദേഹം രാജ്യത്തെ കായിക മന്ത്രാലയത്തിന് കത്തയക്കുകയായിരുന്നു. ഈയാഴ്ച ബാലിയിൽ വെച്ചാണ് നറുക്കെടുപ്പ് നടത്താനിരുന്നത്. ഇതോടെ പി.എസ്.എസ്.ഐക്കെതിരെ ഫിഫയുടെ വിലക്ക് വന്നേക്കും.

ഇസ്രായേലുമായി നയതന്ത്ര ബന്ധമില്ലാത്ത സുപ്രധാന മുസ്‌ലിം രാഷ്ട്രമാണ് 270 മില്യൺ ജനങ്ങളുള്ള ഇന്തോനേഷ്യ. ഫലസ്തീനെ പരസ്യമായി പിന്തുണക്കുന്നവരാണ് ഈ ഏഷ്യൻ രാജ്യം. ഈ മാസമാദ്യത്തിൽ ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിൽ രാജ്യത്തിന്റെയും ഫലസ്തിന്റെയും കൊടികളുമായി ഇസ്രായേൽ പങ്കാളിത്തത്തിനെതിരെ മാർച്ച് നടന്നിരുന്നു.

എന്നാൽ കായികവും രാഷ്ട്രീയവും കൂട്ടിക്കലർത്തുന്നതിനെതിരെ ഇന്തോനേഷ്യൻ പ്രസിഡൻറ് ജോകോ വിഡോഡോ ചൊവ്വാഴ്ച രംഗത്ത് വന്നിരുന്നു. 'ഇസ്രായേലിന്റെ പങ്കാളിത്തം ഫലസ്തിനോടുള്ള രാജ്യത്തിന്റെ വിദേശനയത്തിൽ ഒരു മാറ്റവും വരുത്തില്ലെന്ന് ഞാൻ ഉറപ്പുനൽകുന്നു. കാരണം ഫലസ്തീനുള്ള നമ്മുടെ പിന്തുണ ശക്തവും സുദൃഡവുമാണ്' ജോകോ വിഡോഡോ വ്യക്തമാക്കി.

ആതിഥേയത്വം വഹിക്കാനുള്ള അവകാശം നഷ്ടപ്പെടുന്നത് ഇന്തോനേഷ്യൻ ഫുട്‌ബോൾ ടീമിന് ഫിഫ ടൂർണമെൻറുകളിൽ പങ്കെടുക്കാനുള്ള അവസരം ഇല്ലാതാക്കുമെന്നാണ് പി.എസ്.എസ്.ഐ പറയുന്നത്. ട്രില്യൺ കണക്കിന് രൂപയുടെ നഷ്ടമുണ്ടാകുമെന്നും അവർ ചൂണ്ടിക്കാട്ടി. ഒക്‌ടോബറിൽ നടക്കാനിരിക്കുന്ന 2026 ലോകകപ്പിന്റെ ഏഷ്യൻ യോഗ്യതാ മത്സരങ്ങളിൽനിന്ന് ഇന്തോനേഷ്യയെ ഫിഫ നീക്കം ചെയ്‌തേക്കാം.

2019ൽ ഫിഫയുടെ ആതിഥേയ വ്യവസ്ഥകൾ ഇന്തോനേഷ്യ അംഗീകരിച്ചിരുന്നു. അതിന് ശേഷമാണ് 2021 ലെ അണ്ടർ 20 ലോകകപ്പിലേക്ക് അവർ തിരഞ്ഞെടുക്കപ്പെട്ടത്. കോവിഡ് മഹാമാരി മൂലം ടൂർണമെൻറ് രണ്ട് വർഷം മാറ്റിവെക്കപ്പെടുകയായിരുന്നു. 1979 മുതൽ ടൂർണമെൻറിൽ കളിക്കാതിരുന്ന ഇന്തോനേഷ്യയ്ക്ക് ആതിഥേയരെന്ന നിലയിലാണ് ലോകകപ്പിൽ അവസരം ലഭിച്ചത്. കഴിഞ്ഞ വർഷം ജൂണിലാണ് ഇസ്രായേൽ അണ്ടർ 20 ലോകകപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്.

ഇന്ത്യോനേഷ്യയിലെ ആറു സ്‌റ്റേഡിയങ്ങളിലായി നടത്താൻ നിശ്ചയിച്ചിരുന്ന ടൂർണമെൻറിന്റെ പുതിയ ആതിഥേയർ ആരാകുമെന്ന് വ്യക്തമല്ല. എന്നാൽ ലോകകപ്പിലേക്ക് യോഗ്യത നേടാത്ത അർജൻറീന ആതിഥേയത്വം വഹിക്കാൻ താൽപര്യം കാണിക്കുന്നുണ്ടെന്നാണ് വിവരം.

അതേസമയം, പിഎസ്എസ്‌ഐയെ ഒക്‌ടോബറിൽ ഈസ്റ്റ് ജാവയിലെ സ്‌റ്റേഡിയത്തിൽ തിക്കുംതിരക്കിലുമായി 135 കാണികൾ മരിച്ചപ്പോഴടക്കം സഹായിക്കുന്നുണ്ടെന്നും ഇനിയും തുടരുമെന്നും ഫിഫ വ്യക്തമാക്കി. ഫിഫ അംഗങ്ങൾ ഇന്തോനേഷ്യയിലുണ്ടാകുമെന്നും പിഎസ്എസ്‌ഐക്ക് വേണ്ട സഹായം നൽകുംെന്നും പറഞ്ഞു.

FIFA pulls Indonesia out of hosting U-20 World Cup tournament after objecting to Israel's participation

Similar Posts