"ലെവന്‍ഡോവ്സ്കി ദ ബെസ്റ്റ്"; ഫിഫ ദ ബെസ്റ്റ് പുരസ്കാരം പോളിഷ് സൂപ്പര്‍ താരം റോബര്‍ട്ടോ ലെവന്‍റോവ്സികിക്ക്
|പുരസ്കാര നിറവില്‍ മെന്‍റിയും ലമേലയും
2021 ലെ ഏറ്റവും മികച്ച ഫുട്‌ബോൾ താരത്തിനുള്ള ഫിഫ പുരസ്കാരം 'ഫിഫ ദ ബെസ്റ്റ്' തുടര്‍ച്ചയായ രണ്ടാം തവണയും പോളണ്ട് സൂപ്പർ താരം റോബർട്ടോ ലെവന്‍ഡോവ്സ്കിക്ക്. അര്‍ജന്‍റീന സൂപ്പര്‍ താരം ലയണല്‍ മെസിയേയും ഈജിപ്തിന്റെ മുഹമ്മദ് സലാഹിനെയും പിന്തള്ളിയാണ് ലെവന്‍ഡോവ്സ്കി രണ്ടാം തവണയും ഫിഫാ ദ ബെസ്റ്റ് പുരസ്കാരം കരസ്ഥമാക്കിയത്. നിലവിലെ ബാലൺ ഡി ഓർ പുരസ്‌കാര ജേതാവായ മെസിക്കാണ് കൂടുതല്‍ സാധ്യത കല്‍പിക്കപ്പെട്ടിരുന്നത്. ബയേണ്‍ മ്യൂണിക്കിനായി നടത്തിയ മികച്ച പ്രകടനമാണ് ലെവന്‍റോവ്സ്കിയെ പുരസ്കാരത്തിനര്‍ഹനാക്കിയത്. മികച്ച വനിതാ താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് പുരസ്കാരം സ്പാനിഷ് താരം അലക്സിയ പുറ്റെല്ലാസിനാണ്. കളിയെഴുത്തുകാരും ദേശീയപരിശീലകരുമടങ്ങുന്ന സംഘവും ആരാധകരും ചേർന്നാണ് ജേതാവിനെ തിരഞ്ഞെടുത്തത്.
മികച്ച ഗോള്‍കീപ്പര്‍ക്കുള്ള പുരസ്കാരത്തിന് ചെല്‍സിയുടെ എഡ്വേര്‍ഡ് മെന്‍റിയും മികച്ച ഗോളിനുള്ള പുരസ്കാരമായ പുഷ്കാസ് അവാര്‍ഡിന് എറിക് ലമേലയും അര്‍ഹരായി. ആര്‍സണലിനെതിരെ ടോട്ടന്‍ഹാമിനായി നേടിയ റബോണ കിക്ക് ഗോളാണ് ലമേലയെ പുരസ്കാരത്തിനര്‍ഹനാക്കിയത്. ചെല്‍സിക്ക് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുത്ത പരിശീലകന്‍ തോമസ് തുഷേലിനെ മികച്ച പുരുഷ ടീം കോച്ചായി തിരഞ്ഞെടുത്തു. ചെല്‍സിയുടെ തന്നെ വനിതാ ടീം കോച്ചായ എമ്മ ഹയേസാണ് മികച്ച വനിതാ ടീം പരിശീലക.
ഫിഫ ബെസ്റ്റ് ഇലവന്‍: ജിയാന്‍ ലൂയിജി ഡൊണ്ണറുമ്മ, ഡേവിഡ് അലാബ, റൂബന്‍ ഡിയാസ്, ലിയനാഡോ ബൊനൂച്ചി, എംഗോളോ കാന്‍റെ, ജോര്‍ജീന്യോ, കെവിന്‍ ഡിബ്രുയിന്‍, എര്‍ലിങ് ഹാലണ്ട്, ലയണല്‍ മെസ്സി, റോബര്‍ട്ടോ ലെവന്‍റോസ്കി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.
2020 ഒക്ടോബർ 8 മുതൽ 2021 ഓഗസ്റ്റ് 7 വരെ നടന്ന മത്സരങ്ങളിലെ പ്രകടനം പരിഗണിച്ചാണ് ഫിഫ ദ ബെസ്റ്റ് പുരസ്‌കാരങ്ങള്‍ നൽകിയത്.