Football
ഫിഫ ദ ബെസ്റ്റിനെ ഇന്നറിയാം; മെസിയും സലാഹും ലെവന്‍റോസ്കിയും അന്തിമപട്ടികയില്‍
Football

'ഫിഫ ദ ബെസ്റ്റിനെ' ഇന്നറിയാം; മെസിയും സലാഹും ലെവന്‍റോസ്കിയും അന്തിമപട്ടികയില്‍

Sports Desk
|
17 Jan 2022 12:59 PM GMT

അർജന്റീന സൂപ്പർ താരം ലയണൽ മെസിയും പോളണ്ടിന്റെ റോബർട്ടോ ലെവന്റോസ്‌കിയും ഈജിപ്തിന്റെ മുഹമ്മദ് സലാഹുമാണ് അന്തിമ പട്ടികയിലുള്ളത്.

പോയ വർഷത്തെ ഏറ്റവും മികച്ച ഫുട്‌ബോൾ താരത്തെ ഇന്നറിയാം. ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരത്തിന് ഫിഫ നൽകുന്ന 'ഫിഫ ദ ബെസ്റ്റ്' പുരസ്‌കാരം ഇന്ന് രാത്രി പ്രഖ്യാപിക്കും. അർജന്റീന സൂപ്പർ താരം ലയണൽ മെസിയും പോളണ്ടിന്റെ റോബർട്ടോ ലെവന്റോസ്‌കിയും ഈജിപ്തിന്റെ മുഹമ്മദ് സലാഹുമാണ് അന്തിമ പട്ടികയിലുള്ളത്. ഇക്കുറിയും ലയണൽ മെസിക്ക് തന്നെയാണ് കൂടുതല്‍ സാധ്യത കൽപ്പിക്കപ്പെടുന്നത്. നിലവിൽ ബാലൺ ഡി ഓർ പുരസ്‌കാര ജേതാവാണ് മെസി.

കളിയെഴുത്തുകാരും ദേശീയപരിശീലകരുമടങ്ങുന്ന സംഘവും ആരാധകരും ചേർന്നാണ് ജേതാവിനെ തിരഞ്ഞെടുക്കുന്നത്. ഇന്ത്യൻ സമയം രാത്രി 11.30 നാണ് പുരസ്‌കാരദാനച്ചടങ്ങ്. 2020 ഒക്ടോബർ 8 മുതൽ 2021 ഓഗസ്റ്റ് 7 വരെ നടന്ന മത്സരങ്ങളിലെ പ്രകടനം പരിഗണിച്ചാണ് പുരസ്‌കാരം നൽകുന്നത്.

28 വർഷത്തെ കാത്തിരിപ്പിന് ശേഷം അർജന്റീനക്ക് കോപ്പാ അമേരിക്ക കിരീടം നേടിക്കൊടുത്ത പ്രകടനമാണ് മെസിക്ക് കൂടുതൽ സാധ്യത കല്‍പ്പിക്കുന്നത്. വനിതകളിലെ മികച്ച താരത്തെ കണ്ടെത്താനുള്ള അവസാന പട്ടികയില്‍ ജെന്നിഫർ ഹെർമോസൊ (ബാഴ്‌സലോണ/സ്പെയിൻ), സാം കെർ (ചെൽസി/ഓസ്‌ട്രേലിയ), അലെക്‌സിയ പുട്ടയാസ് (ബാഴ്‌സലോണ/സ്പെയിൻ) എന്നിവരാണുള്ളത്. മികച്ച പരിശീലകരുടെ അന്തിമ പട്ടികയില്‍ റോബർട്ടോ മാൻസിനി (ഇറ്റലി), പെപ് ഗ്വാർഡിയോള (മാഞ്ചസ്റ്റർ സിറ്റി), തോമസ് ടുഷെൽ (ചെൽസി) എന്നിവരാണുള്ളത്. ഫിഫയുടെ യൂട്യൂബ് ചാനൽ, ഫേസ്‌ബുക്ക് പേജ്, ട്വിറ്റർ ഹാൻഡിൽ എന്നിവ വഴി അവാർഡ് ദാനച്ചടങ്ങ് സംപ്രേഷണം ചെയ്യും.

Similar Posts