കെയ്ഷര്‍ ഫുള്ളറുടെ ഗോള്‍; ജപ്പാനെതിരെ കോസ്റ്ററിക്കയ്ക്ക് ജയം
|അവസാന നിമിഷം വരെ മരിച്ചു കളിച്ച ജപ്പാനെതിരെ 80-ാം മിനിറ്റിൽ നേടിയ ഏക ഗോളിന് കോസ്റ്ററിക്കയുടെ ആദ്യ ജയം
ദോഹ: ജർമനിക്കെതിരെ ജപ്പാൻ പയറ്റിയ ഉഗ്രൻ 'ടെക്‌നോളജി' ഇത്തവണ ഫലം കണ്ടില്ല. അവസാന നിമിഷം വരെ മരിച്ചു കളിച്ച ജപ്പാനെതിരെ 80-ാം മിനിറ്റിൽ നേടിയ ഏക ഗോളിന് കോസ്റ്ററിക്കയുടെ ആദ്യ ജയം. സ്‌പെയിനിനെതിരായ നാണംകെട്ട തോൽവിക്കുശേഷമാണ് ടീമിന്റെ തിരിച്ചുവരവ്.
80-ാം മിനിറ്റിൽ കെയ്ഷർ ഫുള്ളറിലൂടെയാണ് കോസ്റ്ററിക്കയുടെ ഗോൾ പിറന്നത്. ബോക്‌സിന്റെ മധ്യത്തിൽനിന്ന് തൊടുത്തുവിട്ട ഉഗ്രൻഷോട്ട് ജപ്പാൻ ഗോൾകീപ്പർ തട്ടിയകറ്റാൻ ശ്രമിച്ചെങ്കിലും ബോക്‌സിന്റെ മറ്റൊരു മൂലയിലൂടെ പന്ത് വലയിൽ.
63-ാം മിനിറ്റൽ ബോക്‌സിനു തൊട്ടരികെനിന്നു ലഭിച്ച ഫ്രീകിക്ക് ജപ്പാൻ താരം യൂകി സോമ ഉയർത്തിയടിച്ചു. 70-ാം മിനിറ്റിൽ ഫ്രാൻസിസ്‌കോ കാൽവോയുടെ ഫൗളിൽ ജപ്പാന് വീണ്ടും ഫ്രീകിക്ക്. അതും മുതലെടുക്കാനായില്ല.
84-ാം മിനിറ്റിൽ ജപ്പാന്റെ കോ ഇതാകുറയ്ക്കും അധിക സമയത്ത് വതാറു എൻഡോയ്ക്കും മഞ്ഞക്കാർഡ് ലഭിച്ചു. 88-ാം മിനിറ്റിൽ ജപ്പാന്റെ കമദയുടെ ബോക്‌സിന്റെ മധ്യത്തിൽനിന്നുള്ള വലങ്കാലൻ ഷോട്ട് കോസ്റ്ററിക്ക ഗോൾകീപ്പർ തട്ടിയകറ്റി.
ആദ്യ പകുതിയില്‍ മുന്‍ ലോകചാംപ്യന്മാരായ ജര്‍മനിയെ തകര്‍ത്ത പ്രകടനം ജപ്പാന് ആവര്‍ത്തിക്കാനായില്ല. ആദ്യ മത്സരത്തില്‍ സ്പെയിനിനെതിരെ നേരിട്ട നാണംകെട്ട തോല്‍വിയുടെ ആഘാതത്തില്‍നിന്ന് കോസ്റ്ററിക്ക കരകയറുന്നതും അഹ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ കണ്ടു. ഇരുടീമുകളും വീറും വാശിയോടെ കളിച്ച ആദ്യ പകുതിയില്‍ പക്ഷെ ഗോളൊന്നും പിറന്നില്ല. പലതവണ ഇരുടീമുകള്‍ക്കും മുന്നില്‍ അവസരങ്ങള്‍ തുറന്നുലഭിച്ചെങ്കിലും ആര്‍ക്കും ലക്ഷ്യം കാണാനായില്ല.
മൂന്നാം മിനിറ്റിൽ ജപ്പാനു മുന്നിലാണ് ആദ്യ അവസരം തുറന്നത്. അയാസെ ഉവേദ നൽകിയ പാസിൽ ബോക്‌സിനു പുറത്തുനിന്ന് റിറ്റ്ഷു ദൊവാന്റെ ഇടങ്കാലൻ ഷോട്ട്. പക്ഷെ, ലക്ഷ്യം കാണാനായില്ല. ആദ്യ പത്തു മിനിറ്റിൽ തന്നെ അഞ്ച് ഫ്രീകിക്ക് അവസരങ്ങളാണ് പിറന്നത്.
രണ്ടാം മിനിറ്റിൽ ജപ്പാന്റെ യൂടോ നാഗാത്തുമോയുടേതായിരുന്നു മത്സരത്തിലെ ആദ്യ ഫൗൾ. ഫ്രീകിക്കെടുത്ത ഗേഴ്‌സൻ ടോറസിന് അവസരം മുതലെടുക്കാനായില്ല. അഞ്ചാം മിനിറ്റിൽ ജപ്പാൻ താരം യാമനെയുടെ ഫൗളിൽ കോസ്റ്ററിക്കയ്ക്ക് വീണ്ടും ഫ്രീകിക്ക്. പക്ഷെ കിക്കെടുത്ത ആന്തണി കോൺട്രിയസിനും ലക്ഷ്യം കാണാനായില്ല. ആറാം മിനിറ്റിൽ റിറ്റ്ഷു ദൊവാന്റെ ഫൗളിൽ കിക്കെടുത്ത ജോയൽ കാംപെലിനും കാര്യമായൊന്നും ചെയ്യാനായില്ല. തൊട്ടുപിന്നാലെ എട്ടാം മിനിറ്റിൽ ജപ്പാനും ലഭിച്ചു ആദ്യ ഫ്രീകിക്ക്. ഇത്തവണ കോസ്റ്ററിക്കയുടെ കെയ്ഷർ ഫുള്ളറുടെ ഫൗളിൽ കിക്കെടുത്തത് യുകി സോമ.
41-ാം മിനിറ്റിൽ കോസ്റ്ററിക്കയുടെ കോൺട്രിയാസിന് മഞ്ഞക്കാർഡ് ലഭിച്ചു. 44-ാം മിനിറ്റിൽ ജപ്പാന്റെ മികി യാമനെയ്ക്കും ഫൗളിന് മഞ്ഞക്കാർഡ് കിട്ടി.
ജപ്പാൻ: ഷൂയ്ച്ചി ഗോണ്ട(ഗോൾ കീപ്പർ), മികി യാമനെ, കോ ഇത്താകുറ, മായാ യോഷിദ, ഹിദിമാസ മോറിത്ത, റിറ്റ്ഷു ദൊവാൻ, യൂടോ നാഗാടുമോ, അയാസെ ഉവേദ, ദായ്ചി കാമാദ, വത്താരു എൻഡോ, യൂകി സോമ.
കോസ്റ്ററിക്ക: കെയ്‌ലർ നവാസ്(ഗോൾകീപ്പർ), ബ്രയാൻ ഒവെയ്‌ദോ, ഫ്രാൻസിസ്‌കോ കാൽവോ, ഓസ്‌കാർ ഡുവാർട്ടെ, കെൻഡൽ വാസ്റ്റൻ, കെയ്ഷർ ഫുള്ളർ, ടോറസ് ഗേഴ്‌സൻ, യെൽസിൻ തെഹേദ, സെൽസോ ബോർഹസ്, ജോയൽ കാംപെൽ, ആന്തണി കോൺട്രിയാസ്.
Summary: FIFA World Cup 2022 Japan vs Costa Rica