ഹയ്യാ ഖത്തർ... കളിയാരവങ്ങൾക്ക് ഇന്ന് കിക്കോഫ്
|ഇതാദ്യമായാണ് ഒരു അറേബ്യൻ രാജ്യം ലോകകപ്പിന് വേദിയാകുന്നത്
ദോഹ: ഫുട്‌ബോൾ ആരാധകരുടെ കാത്തിരിപ്പിന് വിരാമം. അങ്ങനെ 92-ാം വയസ്സിൽ വിശ്വഫുട്‌ബോൾ മാാമാങ്കം അറബിക്കുപ്പായമിടുന്നു. തലയിലൊരു ഷാളിട്ടുമറച്ച് മുകളിൽ ഹികാലിട്ടുറപ്പിച്ച് അൽരിഹ്ല സഞ്ചാരത്തിനിറങ്ങുന്നു. ലോക ഫുട്‌ബോളിലെ അമീർ പട്ടത്തിനായി കാഹളം മുഴങ്ങുന്നു. അടരാജി അതിജയിക്കുന്നവരെ കാത്ത് ദോഹയുടെ സ്‌നേഹത്തുരുത്തിൽ നിധിയിരിക്കുന്നു. മരുഭൂമിയുടെ മാറിൽ മുളച്ചുപൊന്തിയ വിസ്മയക്കൂടാരങ്ങൾ നിധിയിലേക്ക് വഴി കാണിക്കുന്നു.
ബ്യൂണസ് അയേഴ്‌സിന്റെ ഖലീഫയും ലിസ്ബണിന്റെ രാജകുമാരനും റിയോഡി ജനീറോയുടെ സുൽത്താനും നിധിതേടി ഗുഹകൾക്ക് പുറത്ത് തമ്പടിക്കുന്നു. മുന്നോട്ടുള്ള വഴികളിൽ അപകടങ്ങൾ പതിയിരിക്കുന്നു. വിണ്ണിൽ നിന്നിറങ്ങിവന്ന ധീരന്മാരെ കണ്ണുകളിലൂടെ ഖൽബിലേക്കാവാഹിക്കാൻ ദിക്കായ ദിക്കുകളിൽ നിന്നൊക്കെ ആൾക്കൂട്ടമണയുന്നു. ഒറ്റ വികാരവും ഒരേ വിചാരവുമുള്ള അസംഖ്യം മനുഷ്യർ.
ലോകം കാത്തുകാത്തിരുന്ന ലോകകപ്പ് ഫുട്‌ബോളിന് ഇന്ന് ദോഹയിലെ അൽബെയ്ത്ത് സ്‌റ്റേഡിയത്തിൽ വർണോജ്വലമായ വിസ്മയക്കാഴ്ചകളോടെ തുടക്കമാകും. ഇതാദ്യമായാണ് ഒരു അറേബ്യൻ രാജ്യം ലോകകപ്പിന് വേദിയാകുന്നത്. 32 ടീമുകളുടെ ഫോർമാറ്റിൽ നടക്കുന്ന അവസാനത്തെ ലോകകപ്പ് കൂടിയാണ് ഖത്തറിലേത്. ഉദ്ഘാടന പരിപാടികൾ ഇന്ത്യൻ സമയം രാത്രി 7.30ന് ആരംഭിക്കും. ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലാണ് ഉദ്ഘാടന മത്സരം. ഒൻപതരയ്ക്ക് മത്സരം ആരംഭിക്കും.
Summary: FIFA World Cup 2022 to start today in Qatar