അന്ന് ദക്ഷിണ കൊറിയ ഇന്ന് ജപ്പാന്‍; ജര്‍മനിയുടെ ഏഷ്യന്‍ ശാപം
|ഒന്നാം പകുതി കണ്ട ഒരാളും ജപ്പാന്‍ ഇതുപോലൊരു തിരിച്ചു വരവ് നടത്തുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചു കാണില്ല
പത്ത് മിനിറ്റിറ്റിന്‍റെ ഇടവേളയിൽ പിറന്ന ആ രണ്ട് ഗോളുകൾ ജർമനിയെ വിടാതെ പിന്തുടരുന്ന ഏഷ്യൻ ശാപം അവസാനിക്കുന്നില്ലെന്ന് പറഞ്ഞു വക്കുകയായിരുന്നു. 2018 ന്‍റെ തനിയാവര്‍ത്തവനമാണ് ആരാധകര്‍ ഖത്തറില്‍ കണ്ടത്. 2018 ല്‍ ദക്ഷിണ കൊറിയയോട് എതിരില്ലാത്ത രണ്ട് ഗോളിന് തോറ്റ് ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായി ജര്‍മനി ലോകകപ്പില്‍ നിന്ന് പുറത്താകുമ്പോള്‍ തലയില്‍ കൈവച്ചവര്‍ക്ക് ഒരിക്കല്‍ കൂടി തലയില്‍ കൈവക്കേണ്ടി വരുമോ എന്ന് ആധിയാണിപ്പോള്‍.
ഒന്നാം പകുതി കണ്ട ഒരാളും ജപ്പാന്‍ ഇതുപോലെ ഐതിഹാസികമായൊരു തിരിച്ചു വരവ് നടത്തുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചു കാണില്ല. കണക്കുകളില്‍ ജര്‍മനി ഏറെ മുന്നിലായിരുന്നു. 74 ശതമാനം പന്തു കൈവശം വച്ചത് അവരാണ്. ഒന്നാം പകുതിയില്‍ മാത്രം ഗോള്‍വലയെ ലക്ഷ്യമാക്കി എട്ട് ഷോട്ടുകളാണ് ജര്‍മനി ഉതിര്‍ത്തത്. ജപ്പാനാകട്ടെ ഒരു തവണ പോലും ജര്‍മന്‍ ഗോള്‍മുഖത്ത് അപകടം വിതക്കാനായില്ല. എന്നാല്‍ രണ്ടാം പകുതിയില്‍ കളി മാറി. വെറും പത്തുമിനിറ്റിന്‍റെ ഇടവേളയിലാണ് ജപ്പാന്‍ രണ്ട് തവണ അവിശ്വസനീയമാം വിതം ജര്‍മന്‍ ഗോള്‍വല തുളച്ചത്. റിറ്റ്സു ഡൊവാനും ടകൂമ അസാനോയും ഭംഗിയായി അവരുടെ ദൗത്യം നിര്‍വഹിച്ചു. അതിനുമപ്പുറം അവസാന മിനിറ്റുകളില്‍ ജപ്പാന്‍ ഗോള്‍കീപ്പര്‍ ഗോണ്ടയുടെ പ്രകടനവും എടുത്തു പറയേണ്ടതാണ്.
രണ്ടു ദിവസത്തിന്‍റെ ഇടവേളയില്‍ പലരും ദുര്‍ബലരെന്ന് വിധിയെഴുതിയ രണ്ട് ഏഷ്യന്‍ രാജ്യങ്ങള്‍ ഫുട്ബോള്‍ ലോകത്തെ രണ്ട് അതികായരെ അട്ടിമറിക്കുന്ന കാഴ്ചക്കാണ് ഖത്തര്‍ ലോകകപ്പ് വേദിയായത്. രണ്ടും കളിക്കും വലിയ സാമ്യതകളുണ്ട്. ഒന്നാം പകുതിയില്‍ കളത്തിലും കണക്കിലും ജര്‍മനിയും അര്‍ജന്‍റീനയും ഏറെ മുന്നിലായിരുന്നു. രണ്ടും ടീമും പെനാല്‍ട്ടി ഗോളുകളിലാണ് മുന്നിലെത്തിയത്. എന്നാല്‍ രണ്ടാ പകുതിയില്‍ മിനിറ്റുകളുടെ ഇടവേളയില്‍ എതിരാളികള്‍ തിരിച്ചടിച്ചു. പ്രതിരോധം കോട്ടകാത്തു. ഗോള്‍ കീപ്പര്‍മാര്‍ അവിശ്വസനീയമാം വിധം ഗോള്‍വലക്ക് കാവല്‍ നിന്നു.
2018ല്‍ ദക്ഷിണ കൊറിയയോട് തോല്‍ക്കുമ്പോളും കണക്കില്‍ ജര്‍മനി തന്നെയായിരുന്നു മുന്നില്‍. കൊറിയന്‍ ഗോള്‍വല ലക്ഷ്യമാക്കി ജര്‍മന്‍ താരങ്ങള്‍ അന്ന് അടിച്ചത് 23 ഷോട്ടുകള്‍. 74 ശതമാനവും പന്ത് കൈവശം വച്ചത് ജര്‍മനിയായിരുന്നു. പക്ഷെ 26 ശതമാനം നേരെ മാത്രം പന്തു കൈവശം വച്ച ദക്ഷിണ കൊറിയ അന്ന് രണ്ട് തവണയാണ് വലകുലുക്കിയത്.