അടി, തിരിച്ചടി; യു.എസ്-വെയ്ൽസ് മത്സരം സമനിലയിൽ
|രണ്ടാം പകുതിയിൽ ലഭിച്ച പെനാൽറ്റിയിലൂടെ വെയ്ൽസ് സമനില പിടിക്കുകയായിരുന്നു
ദോഹ: ഖത്തർ ലോകകപ്പ് ഗ്രൂപ്പ് ബിയിലെ വെയ്ൽസ് യു.എസ്.എ മത്സരം സമനിലയിൽ. ആദ്യപകുതിയിൽ കളിയുടെ 36ാം മിനിറ്റിൽ തിമോത്തി വിയ വെയിൽസിന്റെ വല കുലുക്കിയെങ്കിലും രണ്ടാം പകുതിയിൽ ലഭിച്ച പെനാൽറ്റിയിലൂടെ വെയ്ൽസ് സമനില പിടിക്കുകയായിരുന്നു. കളിയുടെ ഗതിമാറിയത് അവിടം മുതലാണ്. പിന്നീട് പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച ഗാരെത് ബെയ്ൽ കളി തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലായിരുന്നു.
മത്സരത്തിനിറങ്ങിയ യു.എസ്.എ ആദ്യ നിമിഷങ്ങളിൽ തന്നെ വെയ്ൽസിനെ ആക്രമിച്ചു തുടങ്ങിയിരുന്നു. പന്തടക്കത്തിലും മുന്നേറ്റങ്ങളിലും യു.എസ് തന്നെയാണ് ആധിപത്യം പുലർത്തി തുടങ്ങിയത്. കളിയുടെ പത്താം മിനുറ്റിൽ ഗോളുറപ്പിച്ച മുന്നേറ്റവുമായി നീങ്ങിയ യു.എസ് താരം ജോഷ് സെർജന്റിന്റെ ഹെഡർ വെയ്ൽസ് പോസ്റ്റിലിടിച്ച് മടങ്ങുകയായിരുന്നു.
വെയ്ൽസ് താരങ്ങൾ ആദ്യ പകുതിയിൽ തന്നെ പന്ത് കിട്ടാതെ വലയുന്ന കാഴ്ച് ആരാധകരിൽ നിരാശ പടർത്തി. ആദ്യ പകുതിയിൽ ഉടനീളം യു.എസ് ആക്രമിച്ചു കളിക്കുകയായിരുന്നു. ലെഫ്റ്റ് ബാക്ക് ആന്റണി റോബിൻസന്റെ പ്രകടനം വെയ്ൽസ് താരങ്ങളെ അക്ഷരാർത്ഥത്തിൽ പ്രതിസന്ധിയിലാക്കി. റോബിൻസൻ നിരന്തരം വെയിൽസ് താരങ്ങൾക്ക് ഭീഷണിയുയർത്തി. റോബിൻസണും മക്കെന്നിയും ആഡംസും തന്ത്രപരമായ നീക്കങ്ങളിലൂടെ മൈതാനത്ത് നിലയുറപ്പിച്ചതോടെ വെയ്ൽസ് സൂപ്പർ താരം ഗാരെത് ബെയ്ലിന്റെ നില പരുങ്ങലിലായി. അദ്ദേഹത്തിന് പലപ്പോഴും കാഴ്ചക്കാരന്റെ റോളായിരുന്നു. ആദ്യ 15 മിനിറ്റിൽ നിസ്സഹായനായി നോക്കി നിൽ്ക്കാനെ താരത്തിന് കഴിഞ്ഞുള്ളൂ.
രണ്ടാം പകുതി ആരംഭിച്ചതോടെ എങ്ങനെയെങ്കിലും ഗോളുറപ്പിക്കുക മാത്രമായിരുന്നു വെയിൽസ് താരങ്ങളുടെ ലക്ഷ്യം. വെയിൽസ് താരം ജെയിംസിന് പകരം കിഫെർ മൂറാണ് പിന്നീട് കളത്തിലെത്തിയത്. രണ്ടാം പകുതി അൽപ്പം പിന്നിട്ടതോടെ തിരിച്ചുപിടിക്കാമെന്ന ആത്മവിശ്വാസത്തിലായി വെയിൽസ് താരങ്ങൾ. കളിതിരിച്ചുപിടിക്കാമെന്ന ബെൻ ഡേവിസിന്റെ ശുഭാപ്തി വിശ്വാസത്തിന്റെ പ്രതിഫലനമാണ് പിന്നീട് കണ്ടത്. ബെൻ ഡേവിസിന്റെ ഗോളെന്നുറച്ച ഹെഡർ യു.എസ്സിന്റെ ഗോൾകീപ്പർ രക്ഷപ്പെടുത്തുകയായിരുന്നു. അങ്ങനെ കളി ആവേശകരമായി തന്നെ മുന്നേറി.
കളി കാര്യമാക്കിയ വെയിൽസ് താരങ്ങളുടെ ശുഭാപ്തി വിശ്വാസം തന്നെയാണ് കളി സമനിലയിലെത്തിച്ചത്. പ്രശ്‌നങ്ങൾ എന്തൊക്കെയെന്ന് ആദ്യ പകുതിയോടെ മനസ്സിലാക്കിയ വെയിൽസ് താരങ്ങൾ യു.എസ്സിനെ മറികടക്കാനുള്ള കുതിപ്പ് തുടർന്നു. കോണർ റോബർട്‌സിന്റെയും ഹാരി വിൽസണിന്റെയും ആരോൺ റാംസിയുടെയും മിന്നും പ്രകടനം വെയിൽസിന് ആവേശം പകർന്നു. ശുഭാപ്തി വിശ്വാസം കൈവിട്ട വെയിൽസ് ആരാധകർ പിന്നീട് ഉയർത്തെഴുന്നേൽക്കുകയായിരുന്നു.
ബോക്സിൽ ഗാരെത് ബെയ്ലിനെ വീഴ്ത്തിയ താരത്തിന്റെ നടപടിക്കതിരെ റഫറി പെനാൽറ്റി സ്പോട്ടിലേക്കുള്ള വഴി കാണിച്ചു. 82-ാം മിനിറ്റിൽ ബെയ്ലെടുത്ത ആ കിക്ക് കളിയുടെ പര്യവസാനം എങ്ങനെയായിരിക്കുമെന്ന സൂചന നൽകി. ഒടുവിൽ നിശ്ചിത സമയത്തിന് റഫറി അനുവദിച്ച ഒമ്പത് മിനിറ്റ് അധിക സമയവും കൂടി അവസാനിച്ചപ്പോൾ ഇരു ടീമും ഓരോ പോയന്റ് വീതം സ്വന്തമാക്കി.
64 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വെയിൽസ് ലോകകപ്പ് മത്സരത്തിനിറങ്ങുന്നത്. 2014-ൽ അവസാനമായി ലോകകപ്പ് കളിച്ച യു.എസും ഗ്രൂപ് ബിയിൽ ആദ്യ കളിക്കിറങ്ങുകയായിരുന്നു. വെയ്ൽസിനെ തോൽപിച്ച് ഖത്തറിൽ വരവറിയിക്കാനാണ് യു.എസ് കച്ചകെട്ടിറങ്ങിയത്. വെയ്ൽസിനെതിരായ ആവേശ മത്സരത്തിൽ യു.എസ്സിന് വിജയ സാധ്യത കൽപ്പിച്ചിരുന്നു.
1958ലാണ് വെയ്ൽസ് ഇതിനുമുമ്പ് ലോകകപ്പ് കളിച്ചത്. വെയ്ൽസ് സൂപ്പർ താരം ഗാരെത് ബെയ്ലിന് ലോകകപ്പ് കളിക്കാനാവാതെ വിരമിക്കേണ്ടിവരുമെന്ന് കരുതിയിരുന്നു. എന്നാൽ അദ്ദേഹത്തെ സംബന്ധിച്ചെടുത്തോളം ഈ ലോകകപ്പ് ഏറെ പ്രാധാന്യമർഹിക്കുന്നുണ്ട്. റോബ് പേജ് പരിശീലിപ്പിക്കുന്ന ടീമിൽ വെയ്ൻ ഹെന്നസി, ഏഥൻ അംപാഡു, ഡാനിയൽ ജെയിംസ്, കോണോർ റോബർട്സ് എന്നിവരടക്കം തുടങ്ങി യൂറോപ്പിലെ പ്രമുഖ ടീമുകളിൽ കളിക്കുന്നവരാണ് എല്ലാവരും. ഗ്രെഗ് ബെർഹാൽട്ടർ പരിശീലിപ്പിക്കുന്ന യു.എസ് ടീമിൽ ടെയ്ലർ ആഡംസാണ് നായകൻ. ക്രിസ്റ്റ്യൻ പുലിസിച്, തിമോത്തി വിയ, ജിയോ റെയ്ന, വെസ്റ്റൺ മക്കന്നി, മാറ്റ് ടർണർ തുടങ്ങിയ പ്രമുഖരും സംഘത്തിലുണ്ടായിരുന്നു.