Football
ലോകജേതാക്കളായിട്ടും അർജന്‍റീനയല്ല മുന്നില്‍; ഫിഫ റാങ്കിങ്ങിൽ നമ്പർ 1 ബ്രസീൽ തന്നെ
Football

ലോകജേതാക്കളായിട്ടും അർജന്‍റീനയല്ല മുന്നില്‍; ഫിഫ റാങ്കിങ്ങിൽ 'നമ്പർ 1' ബ്രസീൽ തന്നെ

Web Desk
|
20 Dec 2022 2:31 AM GMT

ഖത്തർ ലോകകപ്പിലെ അത്ഭുതസംഘം മൊറോക്കോ 11-ാം റാങ്കിലേക്ക് കുതിച്ചപ്പോൾ പെനാൽറ്റി ഷൂട്ടൗട്ട് വിജയങ്ങളാണ് അർജന്റീനയ്ക്ക് തിരിച്ചടിയായത്

സൂറിച്ച്: ഖത്തർ ലോകകപ്പിനു തിരശ്ശീല വീണതിനു പിന്നാലെ ഫിഫയുടെ റാങ്കിങ് പുറത്ത്. ആവേശകരമായ കലാശപ്പോരാട്ടത്തിൽ ഫ്രാൻസിനെ തകർത്ത് ലോകജേതാക്കളായെങ്കിലും അർജന്റീനയല്ല പട്ടികയിൽ ഒന്നാമത്. ബ്രസീൽ ഒന്നാംസ്ഥാനം നിലനിർത്തിയപ്പോൾ ഒരു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തേക്ക് കുതിച്ചിരിക്കുകയാണ് അർജന്റീന.

ഒരു സ്ഥാനം കടന്ന് ഫ്രാൻസ് മൂന്നിലേക്ക് മുന്നേറിയപ്പോൾ ഏറെക്കാലം രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ബെൽജിയം രണ്ടു സ്ഥാനം പിന്നോട്ടുപോയി നാലിലെത്തി. ഇംഗ്ലണ്ടാണ് അഞ്ചാം സ്ഥാനത്ത്. നെതർലൻഡ്‌സ് രണ്ടടി മുന്നോട്ട് വച്ച് ആറിലുമെത്തി.

ക്രൊയേഷ്യയാണ് റാങ്കിങ്ങിൽ വൻ കുതിപ്പുണ്ടാക്കിയ ടീമുകളിലൊന്ന്. 12-ാം സ്ഥാനത്തുണ്ടായിരുന്ന ലൂക്കാ മോഡ്രിച്ചിന്റെ സംഘം അഞ്ചു സ്ഥാനം മുന്നോട്ട് കടന്ന് ഏഴിലെത്തി. ലോകകപ്പ് യോഗ്യതയില്ലാതെ പുറത്തിരുന്ന ഇറ്റലി രണ്ട് സ്ഥാനം പിന്നോട്ടടിച്ച് എട്ടിലെത്തി. പോർച്ചുഗൽ ഒൻപതിൽ മാറ്റമില്ലാതെ തുടരുമ്പോൾ സ്‌പെയിൻ മൂന്നടി പിന്നോട്ട് വീണ് പത്തിലെത്തി. ഖത്തർ ലോകകപ്പിലെ അത്ഭുതസംഘമായ മൊറോക്കോയും വൻ കുതിപ്പുണ്ടാക്കി. ലോകകപ്പിൽ നാലാമന്മാരായി നാട്ടിലേക്ക് മടങ്ങിയ ആഫ്രിക്കൻ പട 11 സ്ഥാനം മെച്ചപ്പെടുത്തി 11ലേക്കാണ് കുതിച്ചത്. ബ്രസീലിനെ അട്ടിമറിച്ച കാമറൂൺ പത്ത് സ്ഥാനം മെച്ചപ്പെടുത്തി 33-ാം സ്ഥാനവും സ്വന്തമാക്കി.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ബെൽജിയത്തെ പിന്തള്ളി ബ്രസീൽ റാങ്കിങ്ങിൽ മുന്നിലെത്തുന്നത്. ഇതിനുശേഷം മാസങ്ങളായി പോയിന്റ് പട്ടികയിൽ പുലർത്തുന്ന മേധാവിത്വം ലോകകപ്പിലെ ക്വാർട്ടർ തോൽവിക്കുശേഷവും ബ്രസീൽ തുടരുകയാണ്. ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് മത്സരം ജയിച്ച ബ്രസീൽ കാമറൂണിനോട് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയിരുന്നു. എന്നാൽ, ഗ്രൂപ്പ് ചാംപ്യന്മാരായി പ്രീക്വാർട്ടറിലേക്ക് കടന്ന ലാറ്റിനമേരിക്കൻ സംഘം ദക്ഷിണ കൊറിയയെ ഒന്നിനെതിരെ നാല് ഗോളിനു തകർത്താണ് ക്വാർട്ടർ ബെർത്ത് സ്വന്തമാക്കിയത്. എന്നാൽ, ക്വാർട്ടറിൽ പെനാൽറ്റി ഷൂട്ടൗട്ട് ദുരന്തത്തിൽ ക്രൊയേഷ്യയോട് തോറ്റ് പുറത്താകുകയായിരുന്നു.

തുടർച്ചയായി 36 മത്സരങ്ങളിൽ പരാജയം അറിയാതെ അപരാജിത കുതിപ്പുമായാണ് ഇത്തവണ അർജന്റീന ലോകകപ്പിനെത്തിയത്. എന്നാൽ, ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ സൗദി അറേബ്യയ്‌ക്കെതിരെ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി. എന്നാൽ, തുടർന്നങ്ങോട്ട് വിജയക്കുതിപ്പ് തുടർന്ന ലയണൽ മെസ്സിയുടെ സംഘം മുൻ ചാംപ്യന്മാരെ പെനാൽറ്റി ഷൂട്ടൗട്ടിൽ തകർത്താണ് ലോകജേതാക്കളായത്.

2021ലെ കോപ്പ അമേരിക്ക ജേതാക്കളായിട്ടും ടീമിന് റാങ്കിങ്ങിൽ ഒന്നാമതെത്താനായിരുന്നില്ല. ഷൂട്ടൗട്ട് വിജയമാണ് ചാംപ്യൻ സംഘത്തിന് തിരിച്ചടിയായത്. നിശ്ചിതസമയത്തെ വിജയത്തിലും കുറഞ്ഞ പോയിന്റാണ് പെനാൽറ്റി വിജയത്തിനു ലഭിക്കുക. ഫൈനലിൽ നിശ്ചിത സമയത്ത് ജയം സ്വന്തമാക്കിയിരുന്നെങ്കിൽ അർജന്റീന ഒന്നിലേക്ക് കുതിക്കുമായിരുന്നു. ഫ്രാൻസിനും ഇതേ സാധ്യതയുണ്ടായിരുന്നു.

Summary: Brazil retains their No. 1 position at the FIFA World Ranking this month as the FIFA World Cup title winner Argentina and runners-up France have moved to second and third respectively.

Similar Posts