മുൻ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഷാട്ടോരി സൗദി ക്ലബ്ബ് അൽഇത്തിഫാഖിന്റെ സ്‌പോര്‍ടിങ് ഡയരക്ടര്‍
|മുൻ ലിവർപൂൾ ഇതിഹാസം സ്റ്റീവൻ ജെറാഡാണ് ടീമിന്റെ പുതിയ പരിശീലകൻ. പുതിയ നിയമനങ്ങളിലൂടെ സൗദി പ്രോ ലീഗിൽ ശക്തമായി തിരിച്ചുവരാനൊരുങ്ങുകയാണ് അൽ ഇത്തിഫാഖ്.
റിയാദ്: മുൻ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ എൽകോ ഷാട്ടോരിയെ സൗദി ക്ലബ്ബ് അൽ ഇത്തിഫാഖിന്റെ പുതിയ സ്‌പോർട്ടിങ് ഡയരക്ടറായി നിയമിച്ചു. മുൻ ലിവർപൂൾ ഇതിഹാസം സ്റ്റീവൻ ജെറാഡാണ് ടീമിന്റെ പുതിയ പരിശീലകൻ. പുതിയ നിയമനങ്ങളിലൂടെ സൗദി പ്രോ ലീഗിൽ ശക്തമായി തിരിച്ചുവരാനൊരുങ്ങുകയാണ് അൽ ഇത്തിഫാഖ്.
നേരത്തെയും അൽഇത്തിഫാഖിന് വേണ്ടി ഷാട്ടോരിയുടെ സേവനം ലഭിച്ചിരുന്നു. അൽ ഇത്തിഫാഖിന്റെ അണ്ടർ 23 മാനേജറായും സംരക്ഷകനായുമൊക്കെ വിവിധ കാലങ്ങളിൽ ഷാട്ടോരി പ്രവർത്തിച്ചിട്ടുണ്ട്. ജന്മംകൊണ്ട് സ്വീഡന്കാരനാണെങ്കിലും കളിയും പരിശീലനവുമൊക്കെ ഡച്ചുകാര്‍ക്ക് വേണ്ടിയായിരുന്നു. അൽഇത്തിഫാഖിൽ നിൽക്കെയാണ് ഷാട്ടോരി ഇന്ത്യയിലേക്ക് എത്തുന്നതും. നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ സഹപരിശീലകനായിട്ടായിരുന്നു തുടക്കം.
പിന്നാലെ 2018-19 സീസണിൽ ടീമിന്റെ മുഖ്യപരിശീലകനായും ഷാട്ടോരി എത്തി. പിന്നാലെയാണ് കേരളബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുന്നത്. 2019 സീസണിലാണ് ഷാട്ടോരി ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക തലപ്പത്തേക്ക് എത്തുന്നത്. തന്റേതായ ശൈലിയിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ കയ്യിലെടുത്ത ഷാട്ടോരിക്ക് ആരാധക പിന്തുണയും ലഭിച്ചിരുന്നു. എന്നാൽ നിരാശയായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ഫലം. ആ സീസണിൽ ഏഴാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ് ഫിനിഷ് ചെയ്തത്. അതേസമയം ഇക്കഴിഞ്ഞ സീസണിൽ ഏഴാം സ്ഥാനത്താണ് അൽ ഇത്തിഫാഖ് ഫിനിഷ് ചെയ്തത്.
30 കളികളില്‍ നിന്ന് ജയിക്കാനായത് പത്ത് മത്സരങ്ങളില്‍ മാത്രം. ഈ ടീമിനെ ഉയിർത്തെഴുന്നേൽപ്പിക്കാനാണ് ലിവർപൂളിൽ നിന്ന് വമ്പൻ വിലക്ക് ജെറാഡിനെയും കൊണ്ടുവരുന്നത്. അതേസമയം തുടക്കത്തിൽ സൗദിയിലേക്ക് വരുന്നതിൽ ജെറാർഡ് താത്പര്യം പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സൗദി വെച്ച വൻ ഓഫർ ജെറാഡിന് തള്ളിക്കളയാനായില്ല.
🚨 | Saudi Pro League (Top-tier) side Al-Ettifaq have appointed former EBFC, NEUFC and KBFC head coach Eelco Schattorie as their new Sporting Director. He'll be joined by Liverpool FC legend Steven Gerrard as the new head coach. #IndianFootball pic.twitter.com/h1R9h9ua3U
— 90ndstoppage (@90ndstoppage) July 3, 2023