രാത്രി ടീമിന്റെ വിജയനായകൻ, പുലരുമ്പോള്‍ മണ്ണിനടിയിൽ; തുർക്കി ഭൂകമ്പത്തിൽ കാണാതായവരില്‍ മുൻ ചെൽസി താരവും
|ഹതായ് സ്‌പോർ ഡയരക്ടർ താനർ സവൂതിനെയും കാണാതായിട്ടുണ്ട്
അങ്കാറ: തുർക്കിയെ പിടിച്ചുകുലുക്കിയ ഭൂകമ്പത്തിൽ കാണാതായവരിൽ അന്താരാഷ്ട്ര ഫുട്‌ബോൾ താരം ക്രിസ്റ്റ്യന്‍ ആറ്റ്‌സുവും. തുർക്കി ആഭ്യന്തര ഫുട്‌ബോൾ ലീഗിൽ ഹതായ് സ്‌പോറിനു വേണ്ടി കളിക്കുന്ന ഘാന ദേശീയ താരമാണ് ആറ്റ്‌സു. മുൻ ചെൽസി-ന്യൂകാസിൽ താരം ഭൂകമ്പത്തിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോർട്ട്.
ഹതായ് സ്‌പോർ പ്രസിഡന്റ് ലുത്ഫു സാവസ് ആണ് ഭൂകമ്പത്തിൽ 31കാരനെ കാണാതായ വിവരം പുറത്തുവിട്ടത്. താരത്തെ രക്ഷിച്ച് ആശുപത്രിയിൽ പ്രവേശിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, ആറ്റ്‌സുവിനെ ഇനിയും കണ്ടെത്താനായിട്ടില്ലെന്നാണ് ക്ലബ് ഒടുവിൽ നൽകുന്ന വിവരം.
തലേദിവസം തുർക്കി സൂപ്പർ ലീഗ് മത്സരത്തിൽ ഇഞ്ചുറി ടൈമിലെ ഗോളുമായി ടീമിന്റെ വിജയനായകനായിരുന്നു ആറ്റ്‌സു. ഞായറാഴ്ച രാത്രി കാസംപാസയ്‌ക്കെതിരായ മത്സരത്തിൽ 97-ാം മിനിറ്റിൽ ക്രിസ്റ്റ്യൻ ആറ്റ്‌സു നേടിയ ഒരേയൊരു ഗോളിനായിരുന്നു ഹതായ് സ്‌പോറിന്റെ ജയം.
എന്നാൽ, പുലർച്ചെ ലോകത്തെ ഞെട്ടിച്ച ഭൂകമ്പത്തിൽ താരവും അകപ്പെട്ട വിവരമാണ് പിന്നീട് പുറത്തുവന്നത്. ടീം ഡയരക്ടറായ താനർ സവൂതിനെയും കാണാതായതായി ഹതായ് സ്‌പോർ വക്താവ് മുസ്തഫ ആസാത് അറിയിച്ചു. ഇരുവരെയും ദുരന്തത്തിനുശേഷം ബന്ധപ്പെടാനായിട്ടില്ലെന്നും ഇവർക്കായി തിരച്ചിൽ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂകാസിൽ, ചെൽസി മധ്യനിര താരമായിരുന്ന ആറ്റ്‌സു കഴിഞ്ഞ സെപ്റ്റംബറിലാണ് തുർക്കി ക്ലബിനൊപ്പം ചേരുന്നത്. അഞ്ചു സീസൺ ന്യൂകാസിലിനു വേണ്ടി പന്തു തട്ടിയ താരം 2021ൽ സൗദി ക്ലബായ അൽറാഇദിനൊപ്പം ചേർന്നു. സൗദിയിൽനിന്ന് കഴിഞ്ഞ വർഷമാണ് തുർക്കി ലീഗിലെത്തുന്നത്.
2012ൽ ഘാനയ്ക്കു വേണ്ടി അരങ്ങേറ്റം കുറിച്ച ആറ്റ്‌സു 2019ലാണ് അവസാനമായി ദേശീയ ടീമിനു വേണ്ടി കളിക്കുന്നത്. ഇതിനുശേഷം ടീമിൽ ഇടംലഭിച്ചില്ലെങ്കിലും ഇതുവരെ വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ല. 2014 ലോകകപ്പിലും നാല് ആഫ്രിക്കൻ നാഷൻസ് കപ്പിലും ഘാനയ്ക്കായി പന്തുതട്ടിയിരുന്നു.
Summary: Former Chelsea-Newcastle player Christian Atsu 'stuck in debris' in Turkey earthquake