'മെസിയെ കണ്ടാൽ കൂവിക്കോളൂ...' പി.എസ്.ജി ആരാധകരോട് മുൻ ഫ്രഞ്ച് താരം
|മെസി അർജന്റീനയ്ക്കു വേണ്ടി പാരിസിൽ കളിച്ചേക്കാമെന്ന സൂചനയ്ക്കു പിന്നാലെയാണ് റോത്തൻ താരത്തോട് പകരംവീട്ടാൻ ഫ്രഞ്ച് ക്ലബ്ബിന്റെ ആരാധകരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതിഹാസ താരം ലയണൽ മെസിയെ കൂവിക്കൊണ്ട് വരവേൽക്കാൻ ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയുടെ ആരാധകരോടാവശ്യപ്പെട്ട് മുൻ ഫുട്ബോളറും കമന്റേറ്ററുമായ ജെറോം റോത്തൻ. ഈ വർഷത്തെ പാരിസ് ഒളിംപിക്സിൽ കളിക്കാൻ അർജന്റീന ടീമിനൊപ്പം മെസി എത്തുകയാണെങ്കിൽ താരത്തെ സമാധാനത്തോടെ കളിക്കാൻ അനുവദിക്കരുതെന്ന് മുൻ പി.എസ്.ജി താരമായ റോത്തൻ ആവശ്യപ്പെട്ടു. രണ്ടു വർഷം പി.എസ്.ജിക്കു വേണ്ടി കളിച്ച മെസി, അക്കാലത്ത് ഫ്രഞ്ചുകാർ നൽകിയ ബഹുമാനം തിരിച്ചുനൽകിയില്ലെന്നും രാജ്യത്തെ അപമാനിക്കുകയാണ് ചെയ്തതെന്നും തന്റെ വാദഗതിക്ക് ന്യായീകരണമായി റോത്തൻ പറയുന്നു.
ഒളിംപിക്സ് ഫുട്ബോളിനുള്ള 18 അംഗ ടീമിൽ 23 വയസ്സിനു മുകളിൽ പ്രായമുള്ള മൂന്ന് കളിക്കാരെ ഉൾപ്പെടുത്താം എന്ന് വ്യവസ്ഥയുണ്ട്. വെറ്ററൻ താരങ്ങളായ മെസിയെയും എയ്ഞ്ചൽ ഡി മരിയയെയും പാരിസിൽ കളിക്കുന്ന ടീമിലേക്കു ക്ഷണിക്കാനുദ്ദേശിക്കുന്നതായി അർജന്റീന അണ്ടർ 23 ടീം മാനേജറായ ഹവിയർ മഷരാനോ ഈയിടെ വ്യക്തമാക്കിയിരുന്നു. അർജന്റീനയിലും ബാഴ്സലോണയിലും മെസിയുടെ സഹതാരമായിരുന്നു മഷരാനോ.
ഒളിംപിക് ടീമിൽ ഇടംനേടുകയാണെങ്കിൽ 2023-ൽ കരാർ പുതുക്കാതെ പി.എസ്.ജി വിട്ട മെസിക്ക് തന്റെ പഴയ ക്ലബ്ബിന്റെ തട്ടകത്തിലേക്കുള്ള മടക്കമായിരിക്കും ഇത്. 2021-ൽ ബാഴ്സലോണയിൽ നിന്ന് പി.എസ്.ജിയിലേക്കു കൂടുമാറിയ മെസിയും പി.എസ്.ജി ആരാധകരും തമ്മിലുള്ള ബന്ധം ഒട്ടും ആശാവഹമായിരുന്നില്ല. അവസാനത്തെ ചില മത്സരങ്ങളിൽ സ്വന്തം ആരാധകരിൽ നിന്ന് കൂവൽ ഏറ്റുവാങ്ങേണ്ടി വന്ന മെസി, പാരിസിലെ തന്റെ ജീവിതം ബുദ്ധിമുട്ടേറിയതായിരുന്നു എന്ന് പിന്നീട് വ്യക്തമാക്കിയിരുന്നു.
മെസി അർജന്റീനയ്ക്കു വേണ്ടി പാരിസിൽ കളിച്ചേക്കാമെന്ന സൂചനയ്ക്കു പിന്നാലെയാണ് റോത്തൻ താരത്തോട് പകരംവീട്ടാൻ ഫ്രഞ്ച് ക്ലബ്ബിന്റെ ആരാധകരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
'മെസി നമുക്കെന്താണ് നൽകിയത് എന്ന കാര്യം നമ്മൾ മറക്കരുത്. ഒരു ഫ്രഞ്ചുകാരൻ എന്ന നിലയിലും പാരീസുകാരൻ എന്ന നിലയിലും അയാൾ അർജന്റീനയ്ക്കൊപ്പം ഇറങ്ങുന്നത് കാണേണ്ടി വന്നാൽ? ചങ്ങാതിമാരേ, രണ്ടു വർഷത്തോളം മെസി നമ്മെ അപമാനിച്ചുവെന്ന യാഥാർത്ഥ്യത്തോട് പകരം ചോദിക്കാൻ വേണ്ടി അയാളെ കൂവി വിളിക്കുക. പാരിസിൽ ജീവിക്കേണ്ടി വരിക എന്നത് ഒരു ദുരന്തമായിരിക്കും എന്നും ഇവിടെ താൻ അർഹിച്ച ആദരവ് കിട്ടിയില്ല എന്നുമാണ് അയാൾ പറഞ്ഞത്. അസംബന്ധമാണത്. ഇവിടെ ഈഫൽ ടവർ പോലെ തന്നെയായിരുന്നു അയാളും നെയ്മറുമെല്ലാം. അയാൾ വന്നപ്പോൾ ഓരോ ഫ്രഞ്ചുകാരനും ആദരവ് കാണിച്ചു. പകരം നമ്മൾ തിരിച്ചും ബഹുമാനം പ്രതീക്ഷിക്കും. പക്ഷേ, അതുണ്ടായില്ല.' - തന്റെ ടെലിവിഷൻ പരിപാടിയായ റോത്തൻ സെൻഫ്ളാമിൽ അദ്ദേഹം പറഞ്ഞു.
'അവധി ദിവസങ്ങൾ നൽകപ്പെട്ടപ്പോൾ മെസി പാരിസ് ശരിയ്ക്കൊന്ന് അനുഭവിക്കാൻ പോലും മെനക്കെട്ടില്ല. പ്രതീക്ഷിച്ച മികവും കളിക്കളത്തിൽ പുറത്തെടുത്തില്ല. ലോകകപ്പ് ജയിച്ച ശേഷം അതിനൊത്ത സ്വീകരണം തനിക്കിവിടെ ലഭിച്ചില്ലെന്ന് മെസി പറഞ്ഞതായി കേട്ടു. ഫൈനലിൽ ഫ്രാൻസിനെ തോൽപ്പിച്ചാൽ പിന്നെ ചുവപ്പു പരവതാനി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ല.' - റോത്തൻ പറഞ്ഞു.
1997 മുതൽ 2013 വരെ പ്രൊഫഷണൽ ഫുട്ബോളിൽ സജീവമായിരുന്ന ജെറോം റോത്തൻ ഫ്രാൻസിനു വേണ്ടി 13 മത്സരങ്ങളിലും പി.എസ്.ജിക്കു വേണ്ടി 139 മത്സരങ്ങളിലും ബൂട്ടണിഞ്ഞിട്ടുണ്ട്. വിങ്ങറായിരുന്ന താരം 2004 യൂറോ കളിച്ച ഫ്രഞ്ച് ടീമിൽ അംഗമായിരുന്നു.