നാലു കളി, 16 ഗോൾ; ബാഴ്സയെ വീണ്ടും കെട്ടുകെട്ടിച്ച് ബയേൺ
|ബയേൺ മ്യൂണിക്കിന്റെ കുന്തമുനയായിരുന്ന റോബർട്ടോ ലെവൻഡോവ്സ്കിയെ സ്വന്തം ക്യാമ്പിലെത്തിച്ചിട്ടും ബയേണിനെ വീഴ്ത്താൻ ബാഴ്സക്കായില്ല.
ബയേൺ മ്യൂണിക്കിന്റെ കുന്തമുനയായിരുന്ന റോബർട്ടോ ലെവൻഡോവ്സ്കിയെ സ്വന്തം ക്യാമ്പിലെത്തിച്ചിട്ടും ജർമൻ ചാമ്പ്യൻമാരെ വീഴ്ത്താൻ ബാഴ്സക്കായില്ല. ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ജർമൻ ചാമ്പ്യൻമാർ ബാഴ്സയെ തോൽപ്പിച്ചത്. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ രണ്ടാംപകുതിയിൽ ലൂക്കാസ് ഹെർണാണ്ടസ്, ലീറോയ് സാനെ എന്നിവർ നേടി ഗോളുകളിലാണ് ജർമൻ ചാമ്പ്യൻമാരുടെ ജയം.
ഷാവി ഹെർണാണ്ടസ് പരിശീലകനായെത്തിയതോടെ പുതുജീവൻ വീണ്ടെടുത്ത ബാഴ്സ മികച്ച കളി പുറത്തെടുത്തെങ്കിലും ജയം മാത്രം സ്വപ്നമായി അവശേഷിച്ചു. ആദ്യ പകുതിയിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചിട്ടും ഗോൾ നേടാൻ കഴിയാതെ പോയതിന് ഇടവേളക്ക് ശേഷം അവർക്ക് കനത്ത വില നൽകേണ്ടിവന്നു. 54-ാം മിനുട്ടിൽ ജോഷ്വ കിമ്മിക് എടുത്ത കോർണർ കിക്കിൽനിന്ന് ഹെഡ്ഡർ ഉതിർത്താണ് ഹെർണാണ്ടസ് വലകുലുക്കിയത്. നാലു മിനുട്ടുകൾക്കുള്ളിൽ സാനെ രണ്ടാം ഗോളും നേടിയതോടെ ബാഴ്സയുടെ തോൽവി പൂർണമായി.
3️⃣0️⃣
— FC Bayern Munich (@FCBayernEN) September 13, 2022
Guess we didn't jinx it 😁 https://t.co/xa0PN9w5uB
ബയേൺ മ്യൂണിക്കുമായുള്ള മത്സരങ്ങളുടെ സമീപകാല ചരിത്രം ഏതൊരു ബാഴ്സ ആരാധകന്റെയും ഉറക്കം കെടുത്തുന്നതാണ്. അവസാനം നടന്ന നാല് മത്സരങ്ങളിലായി 16 ഗോളുകളാണ് ബയേൺ അടിച്ചുകൂട്ടിയത്. ബാഴസ്ക്കാകട്ടെ ആകെ രണ്ടു ഗോളുകൾ മാത്രമാണ് നേടാനായത്. 2019-20 സീസണിലെ മത്സരത്തിൽ രണ്ടിനെതിരെ എട്ട് ഗോളുകൾക്കാണ് ബയേൺ ബാഴ്സയെ തകർത്തത്. 2021-22 സീസണിൽ രണ്ടുതവണ ഇരു ടീമുകളും നേർക്കുനേർ വന്നു. രണ്ടു പ്രാവശ്യവും എതിരില്ലാത്ത മൂന്നുഗോളുകൾ വീതം നേടി ബയേൺ ജയിച്ചുകയറി. ഒടുവിൽ ബയേണിന്റെ കുന്തമുനയായിരുന്ന ലെവൻഡോവ്സ്കിയെ നൗകാമ്പിലെത്തിച്ചിട്ടും രക്ഷയില്ലാത്ത അവസ്ഥയിലാണ് ബാഴ്സ.
Not even Robert Lewandowski can help Barcelona against Bayern Munich 😭
— Optus Sport (@OptusSport) September 14, 2022
That's 16 goals for Bayern in their last four games, and 30 in their last 12.
Julian Nagelsmann is doing work | https://t.co/7oMFbhSoBJ#OptusSport pic.twitter.com/j45MeRQ9X8
വേനൽക്കാല സീസണിൽ 42.6 ദശലക്ഷം യൂറോ മുടക്കിയാണ് ലെവൻഡോവ്സ്കിയെ ബാഴ്സ സ്വന്തമാക്കിയത്. ബയേണിനായി പോളിഷ് സ്ട്രൈക്കർ കളിച്ചത് 374 കളികളാണ്, ആകെ 374 ഗോളുകളും നേടി. ബാഴ്സയിലെത്തിയിട്ടും താരം മികച്ച ഫോമിൽ തന്നെയായിരുന്നു. ആറു കളികളിൽനിന്ന് ഒമ്പത് ഗോളുകളാണ് ബാഴ്സക്കായി ലെവൻഡോവ്സ്കി നേടിയത്. പക്ഷെ നിർണായക മത്സരത്തിൽ അദ്ദേഹത്തിനും സ്പാനിഷ് വമ്പൻമാരെ രക്ഷിക്കാനായില്ല.